ബില്യണയര്‍ ക്ലബില്‍ ഇടം നേടി ബൈജു രവീന്ദ്രന്‍

Update: 2019-07-30 06:15 GMT

ബൈജൂസ് ആപ്പും ബൈജു രവീന്ദ്രനുമാണ് ഇന്ത്യന്‍ സോഷ്യല്‍മീഡിയ വൃത്തങ്ങളില്‍ കഴിഞ്ഞ കുറച്ചു ദിവസമായി കറങ്ങി നടക്കുന്നത്. ബൈജൂസ് ആപ്പ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ജേഴ്‌സിയില്‍ എത്തിയതും അതിനു പിന്നാലെ കേരളത്തില്‍ നിക്ഷേപമുറപ്പിക്കുന്നതും വാര്‍ത്തയായതിനു പിന്നാലെ നൂറു കോടി ഡോളര്‍ നേടിയ ബില്യണയേഴ്‌സ് ലിസ്റ്റില്‍ ഇടം നേടിയ വാര്‍ത്തയാണ് ഇപ്പോള്‍ മലയാളികള്‍ ആഘോഷമാക്കിയിരിക്കുന്നത്. ബില്യണയര്‍ ക്ലബില്‍ ഇടം നേടിയ അപൂര്‍വം മലയാളികളില്‍ ഒരാളായാണ് മുപ്പത്തിയേഴുകാരനായ ബൈജു മാറിയിരിക്കുന്നത്.

നൂറു കോടി ഡോളര്‍, അതായത് ഏകദേശം 7000 കോടി രൂപ സ്വത്തുക്കളുള്ള ഇന്ത്യക്കാരുടെ ലിസ്റ്റിങ്ങിലാണ് ബൈജു കഴിഞ്ഞ ദിവസം ഇടംപിടിച്ചിരിക്കുന്നത്. ബൈജൂസ് ആപ്പിന്റെ പേരന്റ് കമ്പനിയായ തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം ഈയിടെ 570 കോടി ഡോളറിന്റെ ഫണ്ട് സമാഹരിച്ചതോടെയാണ് ബൈജു രവീന്ദ്രന്‍ ഈ നേട്ടത്തിന് ഉടമയായത്.

ബൈജൂസ് ആപ്പ് അമേരിക്കയിലും പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നുവെന്ന വാര്‍ത്തയും പുറത്തുവന്നിരിക്കുന്നു. വോള്‍ട്ട് ഡിസ്നി കോര്‍പ്പറേഷനുമായിട്ടാണ് പുതുതായി കരാറിലെത്തിയിരിക്കുന്നത്. 2020- ല്‍ അമേരിക്കയില്‍ പ്രവര്‍ത്തനം ആരംഭിക്കാനാണ് പദ്ധതി.

എട്ടു വര്‍ഷം മുമ്പ് 2011- ലാണ് ബൈജൂ ഇ ഓണ്‍ലൈന്‍ ട്യൂഷന്‍ എന്ന ആശയവുമായി രംഗത്തെത്തുന്നത്. 2015- ല്‍ കമ്പനിയുടെ പ്രധാന ആപ്പ് അവതരിപ്പിച്ചു. ഈ വര്‍ഷം മാര്‍ച്ചില്‍ കമ്പനി വന്‍ ലാഭത്തിലായി. കേരളത്തില്‍ തിരുവനന്തപുരത്തും കൊച്ചിയിലും പ്രൊഡക്ഷന്‍ ഹൗസുകള്‍ക്കും ബൈജൂസ് ആപ്പ് പദ്ധതിയിടുന്നുണ്ട്.

Similar News