അറിയാമോ! അൺഇൻസ്റ്റാൾ ചെയ്താലും ചില ആപ്പുകൾ നിങ്ങളെ നിരീക്ഷിക്കും

Update: 2018-10-23 07:16 GMT

കഴിഞ്ഞ ദിവസം ഫോണിൽ നിന്ന് ഡിലിറ്റ് ചെയ്ത ആപ്പ് നിങ്ങളുടെ വെബ് പേജുകളിലും സോഷ്യൽ മീഡിയ പേജുകളിലും പ്രത്യക്ഷപ്പെട്ടാൽ ആശ്ചര്യപ്പെടേണ്ടതില്ല.

കാരണം, മൊബീൽ ആപ്പ്ളിക്കേഷനുകൾ നിർമ്മിക്കുന്ന കമ്പനികൾ ആൻഡ്രോയിഡിനെയും ഐഒഎസിനെയും കബളിപ്പിച്ച് നിങ്ങളെ ട്രാക്ക് ചെയ്യാനുള്ള വിദ്യ കണ്ടുപിടിച്ചിട്ടുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്.

ഈ വിദ്യ ഉപയോഗിച്ച് തങ്ങളുടെ ആപ്പ് ഡിലിറ്റ് ചെയ്തവരെ എളുപ്പത്തിൽ അവർക്ക് കണ്ടുപിടിക്കാൻ സാധിക്കും. ഒരിക്കൽ നിങ്ങളെ അവർ കണ്ടെത്തിയാൽപ്പിന്നെ സൈബർ ലോകത്ത് നിങ്ങൾ എവിടെയൊക്കെ പോയാലും അവിടെ മുഴുവൻ ആ ആപ്പിന്റെ പരസ്യമായിരിക്കും.

അഡ്ജസ്റ്റ്, ആപ്പ്സ്ഫ്‌ളൈയർ, മോ എൻഗേജ്, ലോക്കലിറ്റിക്സ്, ക്ലെവർ ടാപ്പ് എന്നിവ അവയിൽ ചിലതാണെന്ന് ബ്ലൂംബെർഗ് റിപ്പോർട്ടിൽ പറയുന്നു. ഈ കമ്പനികൾ ആപ്പ് നിർമ്മിച്ച് നൽകുമ്പോൾ കൂടെ ഓഫർ ചെയ്യുന്ന ഒരു ടൂൾ ആണ് 'അൺഇൻസ്റ്റാൾ ട്രാക്കേഴ്സ്'.

ഇത്തരത്തിലുള്ള ടൂളുകൾ പുഷ് നോട്ടിഫിക്കേഷനുകളുടെ സഹായത്തോടെയാണ് പഴയ ഒരു ഉപയോക്താവിനെ കണ്ടുപിടിക്കുന്നതും പരസ്യങ്ങൾ അവതരിപ്പിക്കുന്നതും. ഇത് ആപ്പിളിന്റെയും ഗൂഗിളിന്റെയും പോളിസികൾക്ക് എതിരാണെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

എന്തൊക്കെയായാലും, മാറിമറിഞ്ഞു കൊണ്ടിരിക്കുന്ന ഡിജിറ്റൽ യുഗത്തിൽ സ്വകാര്യത ഒരു മിഥ്യാധാരണ മാത്രമായി മാറിക്കൊണ്ടിരിക്കുകയാണ് എന്നതാണ് സത്യം.

Similar News