ഈ വര്‍ഷം മൊബീല്‍ ആപ്പുകള്‍ക്കായി ചെലവിട്ടത് 10.18 ലക്ഷം കോടി രൂപ

വരിക്കാരുടെ എണ്ണത്തില്‍ ടെലഗ്രാം മുന്നില്‍, ഫേസ്ബുക്ക് ഒന്‍പതാമത്

Update:2021-12-09 12:45 IST

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോകം വീടിനുള്ളില്‍ ഒതുങ്ങിയപ്പോള്‍, 2021 ല്‍ മൊബീല്‍ ആപ്പുകള്‍ക്കായി ഉപഭോക്താക്കള്‍ ചെലവിട്ടത് 135 ശതകോടി ഡോളര്‍ (ഏകദേശം 10.18 ലക്ഷം കോടി രൂപ)! മുന്‍ വര്‍ഷത്തേക്കാള്‍ 25 ശതമാനം അധികമാണിത്. ആപ്പ് ഡൗണ്‍ലോഡിന്റെ കാര്യത്തിലും വലിയ വളര്‍ച്ചയുണ്ടായി. കഴിഞ്ഞ വര്‍ഷം വിവിധ ആപ്പുകള്‍ 140 ശതകോടി തവണ ഡൗണ്‍ലോഡ് ചെയ്യപ്പെട്ടു. പ്രമുഖ മൊബീല്‍ ഡാറ്റ ആന്‍ഡ് അനലിറ്റിക്‌സ് പ്ലാറ്റ്‌ഫോമായ ആപ്പ്ആനിയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.

വീഡിയോ ഷെയറിംഗ്, എഡിറ്റിംഗ് ആപ്പുകളാണ് ലോകവ്യാപകമായി ഏറ്റവും കൂടുതല്‍ വളര്‍ച്ച നേടിയിരിക്കുന്നത്. കാപ്കട്ട്, എംഎക്‌സ് ടകടക്, തുടങ്ങിയവയാണ് ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ടത്. .മീഷോ ആണ് മൂന്നാമത്. ഷെയര്‍കരോ ഇന്ത്യ നാലാമതും. വിപിഎന്‍ മാസ്റ്റര്‍, മോജ്, ടെലഗ്രാം, നൈറ്റ് ഓവ്ള്‍ വിപിഎന്‍ തുടങ്ങിയവയാണ് മറ്റുള്ളവ.
ലൈവ് കണ്ടന്റ് സ്ട്രീമിംഗ് ആപ്പുകളായ യൂട്യൂബ്, ടിക് ടോക, ഡിസ്‌നി പ്ലസ്, ട്വിച്ച് തുടങ്ങിവയ്ക്ക് വേണ്ടിയാണ് ഉപഭോക്താക്കള്‍ ഏറ്റവും കൂടുതല്‍ ചെലവിട്ടിരിക്കുന്നത്.
സജീവമായ വരിക്കാരുടെ കാര്യത്തില്‍ ലോകത്ത് മുന്നില്‍ ടെലഗ്രാം ആണ്. ഇന്‍സ്റ്റാഗ്രാം, സൂം ക്ലൗഡ് മീറ്റിംഗ്, ടിക് ടോക്, മൊക്രോസോഫ്റ്റ് ഓഫീസ് മൊബീല്‍, ആമസോണ്‍, ഷോപ്പീ, മൊക്രോസോഫ്റ്റ് ടീംസ്, ഫേസ്ബുക്ക്, സിഗ്നല്‍ എന്നിവയാണ് ആദ്യ പത്തിലെ മറ്റു ആപ്പുകള്‍.
ബ്രിഡ്ജ് റേസ് ആണ് ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ഗെയിം. ഫൗ ജി, ലെജന്റ് സ്‌ക്വാഡ് 3ഡി, ജോയ്ന്‍ ക്ലാഷ് 3ഡി, ഹൈഹീല്‍സ്, ഹെയര്‍ ചലഞ്ച്, ക്രേസി കാര്‍ സ്റ്റണ്ട് ഡ്രൈവിംഗ് ഗെയിംസ് തുടങ്ങിയവയാണ് കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ട മറ്റു ആപ്പുകള്‍.
സോഷ്യല്‍ ആപ്പുകള്‍ക്കും ഡേറ്റിംഗ് ആപ്പുകള്‍ക്കും വലിയ വളര്‍ച്ച ഈ വര്‍ഷം ഉണ്ടായെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
2021 ല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ടത് എംഎക്‌സ് ടകടക് ആണ്. മീഷോ, ഷെയര്‍കരോ ഇന്ത്യ എന്നിവയാണ് തൊട്ടുപിന്നില്‍. ഗെയിമുകളില്‍ ബ്രിഡ്ജ് റേസ് തന്നെ മുന്നില്‍.


Tags:    

Similar News