കോവിഡ് 19; വര്‍ക്ക് ഫ്രം ഹോം എടുക്കുന്നവര്‍ അറിയാന്‍, വ്യാജ ആപ്പുകളുമായി ഹാക്കര്‍മാര്‍ പിന്നാലെയുണ്ട്

Update: 2020-03-19 10:55 GMT

കോവിഡ് 19 ലോകത്തെ മുഴുവന്‍ ബാധിച്ചുകൊണ്ടിരിക്കുകയാണ്. സര്‍ക്കാരുകളും ആരോഗ്യ സംരക്ഷണ വിദഗ്ധരും ഗവേഷകരും വൈറസിനെ ഇല്ലാതാക്കാന്‍ പരമാവധി ശ്രമിക്കുമ്പോള്‍ ഒരു കൂട്ടം ഹാക്കര്‍മാര്‍ അവസരം മുതലെടുത്ത് ലാഭമുണ്ടാക്കുന്നതായാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. 44% ത്തോളം ആളുകള്‍ വര്‍ക്ക് ഫ്രം ഹോം എടുക്കുന്നതായാണ് കഴിഞ്ഞദിവസം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇത് ഒരവസരമായി കണ്ടാണ് ഹാക്കര്‍മാരും വലവീശിയിരിക്കുന്നത്. കമ്പനി സെര്‍വറുകളില്‍ നിന്നും മാറി സ്വകാര്യ ഇടങ്ങളില്‍ ഔദ്യോഗിക വെബ്‌സൈറ്റ് ബാക്ക് എന്‍ഡ് സിസ്റ്റവും വര്‍ക്ക് ഓര്‍ഡറുകളും മറ്റും പ്രവര്‍ത്തിപ്പിക്കുമ്പോള്‍ സുരക്ഷാ വീഴ്ച വരാനുള്ള സാധ്യത വളരെയേറെ കൂടുതലാണ്.

ഈ അവസരത്തില്‍ ഹാക്കര്‍മാര്‍ മാല്‍വെയര്‍ പ്രചരിപ്പിക്കുന്നു എന്നത് ദുഃഖകരമായ കാര്യമാണെങ്കിലും സ്ഥാപനങ്ങളും വ്യക്തികളും ഏറെ ജാഗ്രത പുലര്‍ത്തേണ്ട സമയമാണിതെന്നതാണ് ഓര്‍മ വയ്‌ക്കേണ്ടത്. കൊറോണ ട്രാക്കിംഗിനായി ഡിസൈന്‍ ചെയ്തിരിക്കുന്നതെന്ന് തോന്നിക്കുന്ന ആപ്പില്‍ ആണ് സുരക്ഷാ ഗവേഷണ സ്ഥാപനമായ ഇസെറ്റ് മാല്‍വെയര്‍ കണ്ടെത്തിയിരിക്കുന്നത്. കൂടാതെ ഡൊമെയ്ന്‍ടൂള്‍സ് ഗവേഷകര്‍ ഡൊമെയ്ന്‍ നെയിമുകളില്‍ COVID-19, കൊറോണ വൈറസ് എന്നിവ വര്‍ദ്ധിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.

കൊറോണ വൈറസ് മാപ്പ് ട്രാക്കറിലേക്ക് ആക്സസ് നേടാനായി ആന്‍ഡ്രോയിഡ് അപ്ലിക്കേഷന്‍ ഡൗണ്‍ലോഡുചെയ്യാന്‍ ഇത് ഉപയോക്താക്കളെ പ്രേരിപ്പിക്കുന്നു. ഡിവൈസ് അണ്‍ലോക്കുചെയ്യുന്നതിന് പാസ്വേഡ് മാറ്റാന്‍ ആവശ്യപ്പെടുന്നതിലൂടെ ആളുകള്‍ക്ക് അവരുടെ ഫോണ്‍ ആക്സസ്സ് നിരസിക്കാനുള്ള സാങ്കേതിക വിദ്യകള്‍ ഈ ആപ്പ് ഉപയോഗിക്കുന്നു. ഇതിനെ സ്‌ക്രീന്‍-ലോക്ക് അറ്റാക്ക് എന്ന് വിളിക്കുന്നു. ഇത് കുറച്ച് കാലത്തേക്ക് ആന്‍ഡ്രോയിഡ് ഡിവൈസുകളെ ചൂഷണം ചെയ്യാനും ഫോണിലുള്ള വിവരങ്ങള്‍ അനാവശ്യമായി ഉപയോഗപ്പെടുത്താനും ഹാക്കര്‍മാരെ സഹായിക്കുന്നു. ഫോണ്‍ അണ്‍ലോക്കുചെയ്യാന്‍ പാസ്വേഡ് സെറ്റ് ചെയ്തിരിക്കുന്നവരില്‍ ആണ് ആ മാല്‍വെയര്‍ വേഗത്തില്‍ പ്രവര്‍ത്തിപ്പിക്കാനാകുക.

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്ന സമയത്ത് നടക്കുന്ന ഈ ആക്രമണങ്ങളില്‍ നിന്ന് സുരക്ഷിതമായി തുടരുന്നതിന് നിങ്ങള്‍ വിശ്വസനീയമായ ഉറവിടങ്ങളില്‍ നിന്ന് മാത്രം ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുക. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനൊപ്പം തന്നെ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുകയും വേണം. ആപ്പുകള്‍ അഥവാ പുതിയ നോട്ടിഫിക്കേഷനുകളും ഗെയിം ടൂളുകളുമെല്ലാം ചാടിക്കേറി തുറക്കുന്നതിനു പകരം അല്‍പ്പം ജാഗ്രത പാലിക്കാന്‍ ശ്രദ്ധിക്കുക എന്നതാണ് ശ്രദ്ധിക്കേണ്ടത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News