ചന്ദ്രനിൽ പരുത്തി വിത്തുകൾ മുളപ്പിച്ച് ചൈന

Update: 2019-01-17 06:18 GMT

ബഹിരാകാശ ഗവേഷണത്തിൽ ചരിത്രം സൃഷ്ടിച്ച് ചൈന. ചന്ദ്രന്റെ 'ഇരുണ്ട ഭാഗം' എന്നറിയപ്പെടുന്ന സ്ഥലത്ത് പരുത്തി ചെടിയുടെ വിത്തുകൾ മുളപ്പിച്ചാണ് ചൈനീസ് ഗവേഷകർ ചരിത്രമെഴുതിയത്.

ചൈന നാഷണൽ സ്പേസ് അഡ്മിനിസ്‌ട്രേഷൻ വിക്ഷേപിച്ച ചാങ്–4 എന്ന പേടകത്തിലാണ് വിത്തുകൾ മുളച്ചത്. ചൈനീസ് ബഹിരാകാശ ഏജൻസി പുറത്തുവിട്ട ചിത്രങ്ങൾ പീപ്പിൾസ് ഡെയിലിയാണ് പ്രസിദ്ധീകരിച്ചത്.

ഇനി എണ്ണക്കുരു, ഉരുളക്കിഴങ്ങ് തുടങ്ങിയ കൃഷികൾ പരീക്ഷിക്കാനൊരുങ്ങുകയാണ് ചൈനീസ് ഗവേഷകർ. ജനുവരി മൂന്നിനാണ് ചാങ് 4 ചന്ദ്രനിൽ ലാൻഡ് ചെയ്തത്.

ഒരു അടച്ച പാത്രത്തിലാണ് പരുത്തി വിത്തുകൾ ചന്ദ്രനിലെത്തിച്ചത്. പരുത്തി വിത്തുകളോടൊപ്പം മണ്ണ്, യീസ്റ്റ്, ചെറു പ്രാണികളുടെ മുട്ടകൾ എന്നിവയും ഉണ്ടായിരുന്നു. കൃത്രിമ അന്തരീക്ഷം സൃഷ്ടിച്ചാണ് വിത്തുകൾ മുളപ്പിച്ചത്. വെള്ളമൊഴിക്കാനായി ഭൂമിയിൽ നിന്ന് ഗവേഷകർ നിർദേശം പേടകത്തിന് അയക്കുകയായിരുന്നു.

'ഫാർ സൈഡ്' എന്നാണ് ചന്ദ്രന്റെ ഇരുണ്ട ഭാഗം അറിയപ്പെടുന്നത്. ഒരു രാജ്യത്തിനും ഈ ഭാഗത്ത് എത്തിപ്പെടാൻ സാധിച്ചിട്ടില്ല. ഭൂമിയെ ഭ്രമണം ചെയ്യുന്നതിന് ആനുപാതികമായാണ് ചന്ദ്രൻ സ്വയം കറങ്ങുന്നത്. ഇതുമൂലം ഫാർസൈഡ് എന്ന് അറിയപ്പെടുന്ന ഭാഗം ഭൂമിക്ക് അഭിമുഖമായി ഒരിക്കലും വരാറില്ല. ഇതിനെ ‘ടൈഡൽ ലോക്കിങ്’ എന്നാണ് വിശേഷിപ്പിക്കുന്നത്.

മനുഷ്യർക്കു ദൃശ്യമല്ലാത്തതിനാൽ ഇവിടം ഇരുണ്ട ഭാഗം എന്നും അറിയപ്പെടുന്നു. ഭൂമിയിൽ നിന്ന് ഇവിടേക്ക് ആശയവിനിമയം സാധ്യമല്ല. ചൈനയുടെ മറ്റൊരു ഉപഗ്രഹം ഇരുണ്ടഭാഗത്ത് നിലയുറപ്പിച്ച പേടകത്തിൽ നിന്ന് സിഗ്നലുകൾ സ്വീകരിച്ച് ഭൂമിയിലേക്ക് അയക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്.

Similar News