സിഇഒ മരിച്ചു, പാസ് വേർഡ് നഷ്ടമായി, തിരിച്ചെടുക്കാൻ കഴിയാതെ 1,785 കോടി രൂപ

Update:2019-02-07 14:11 IST

കാനേഡിയൻ ക്രിപ്റ്റോകറൻസി എക്സ്ചേഞ്ച് ആയ ക്വാഡ്രിഗ സിഎക്സ് സ്ഥാപകനും സിഇഒയുമായ ജെറാൾഡ് കോട്ടൺന്റെ മരണത്തോടെ നിക്ഷേപകരുടെ 250 മില്യൺ ഡോളറാണ് (ഏകദേശം 1,785 കോടി രൂപ) വീണ്ടെടുക്കാനാവാത്ത വിധം നഷ്ടമായിരിക്കുന്നത്.

കാരണം മറ്റൊന്നുമല്ല; ഉപഭോക്താക്കളുടെ ഫണ്ട് ആക്‌സസ് ചെയ്യാനുള്ള സെക്യൂരിറ്റി കീ, പാസ്‌വേർഡ് എന്നിവ അറിയാവുന്ന ഏക വ്യക്തി കൊട്ടൺ ആയിരുന്നു. കഴിഞ്ഞ ഡിസംബർ 9 ന് ഇന്ത്യ സന്ദർശനത്തിനിടെയാണ് കൊട്ടൺ അസുഖബാധിതനായി മരിച്ചത്.

അദ്ദേഹത്തിന്റെ എൻക്രിപ്റ്റഡ് ലാപ്ടോപ്പിൽ ഏകദേശം 26,000 ബിറ്റ്‌കോയ്ൻ, 11,000 ബിറ്റ്‌കോയ്ൻ കാഷ്, 200,000 ലൈറ്റ്കോയ്ൻ, 400,000 ലധികം എത്തൂറിയം എന്നിവയുണ്ട്. ഇത് വീണ്ടെടുക്കാനുള്ള സെക്യൂരിറ്റി കീയും പാസ്‌വേർഡും എങ്ങും എഴുതിവെച്ചതായി കാണാൻ സാധിക്കുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ ഭാര്യ സത്യവാങ്മൂലം നൽകിയിരിക്കുന്നത്.

കോട്ടന്റെ മരണശേഷവും കമ്പനിയുടെ ഓട്ടോമാറ്റിക് സിസ്റ്റം പണം സ്വീകരിച്ചിരുന്നു. ജനുവരി 26നു ഡയറക്ടര്‍മാര്‍ ഇടപെട്ടാണ് അതു നിർത്തിയത്. ഇപ്പോൾ ഹാക്കര്‍മാരെയും ടെക് വിദഗ്ധരെയും സമീപിച്ചിരിക്കുകയാണ് കമ്പനി.

Similar News