ജോലിഭാരം താങ്ങാൻ വയ്യ; ദക്ഷിണ കൊറിയയിൽ റോബോട്ട് 'ആത്മഹത്യ' ചെയ്തോ?

ടെക് ലോകത്ത് പ്രധാന ചര്‍ച്ചയായി ലോകത്തിലെ ആദ്യ റോബോട്ട് ആത്മഹത്യ

Update:2024-07-06 14:53 IST
image created with Meta AI
ദക്ഷിണ കൊറിയയില്‍ സര്‍ക്കാര്‍ ജീവനക്കാരനായിരുന്ന റോബോട്ട് യഥാര്‍ത്ഥത്തില്‍ ആത്മഹത്യ ചെയ്തതാണോ? ടെക് ലോകത്ത് ഇപ്പോള്‍ ഈ സംശയം സജീവ ചര്‍ച്ചയാവുകയാണ്.
അമിതമായ ജോലിഭാരം കാരണമാണ് റോബോട്ട് ആത്മഹത്യ ചെയ്തത് എന്നാണ് സംശയിക്കുന്നത്. ദക്ഷിണകൊറിയയിലെ ഗുമി നഗരത്തില്‍ നിന്നാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ജൂണ്‍ 26നാണ് ലോകത്തിലെ ആദ്യത്തെ 'റോബോട്ട് ആത്മഹത്യ' നടന്നതെന്ന് ഡെയിലി മെയില്‍ പത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്.
മരണകാരണം ജോലിഭാരം
ഗുമി സിറ്റി കൗണ്‍സിലെ സൂപ്പര്‍വൈസിംഗ് ജീവനക്കാരനായ റോബോട്ട് ജോലി ചെയ്തിരുന്നത്. നെറ്റ് വര്‍ക്കിംഗ് ജോലികളുടെ മേല്‍നോട്ടമാണ് റോബോട്ടിന് ഉണ്ടായിരുന്നത്. ജൂണ്‍ 26ന് ഓഫീസ് കെട്ടിടത്തിന്റെ കോണിയില്‍ നിന്ന് താഴെ വീണ് പൂര്‍ണ്ണമായും തകര്‍ന്ന നിലയില്‍ റോബോട്ടിനെ കണ്ടെത്തുകയായിരുന്നു. റോബോട്ട് സ്വയം താഴേക്ക് ചാടി ആത്മഹത്യ ചെയ്തു എന്നാണ് അനുമാനിക്കുന്നത്. കെട്ടിടത്തിനു മുകളിലൂടെ റോബോട്ട് പലതവണ അങ്ങോട്ടുമിങ്ങോട്ടും നടന്നിരുന്നതായും പിന്നീട് സ്വയം താഴേക്ക് ചാടിയതായും ദൃസാക്ഷികളെ ഉദ്ധരിച്ചുകൊണ്ട് പത്രം റിപ്പോര്‍ട്ട് ചെയ്തു.
അമിത ജോലിഭാരം ആയിരിക്കാം റോബോട്ടിനെ ഇതിന് പ്രേരിപ്പിച്ചതെന്നും ഡെയിലി മെയില്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ദിവസവും ഒമ്പതുമണിക്കൂറാണ് റോബോട്ട് ജോലി എടുത്തിരുന്നത്. സംഭവത്തെക്കുറിച്ച് സര്‍ക്കാരിന്റെ പ്രത്യേക അന്വേഷണസംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
10 പേര്‍ക്ക് ഒരു റോബോട്ട്
റോബോട്ടുകളെ ഉപയോഗിച്ച് ജോലികള്‍ പൂര്‍ത്തിയാക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്ന രാജ്യമാണ് ദക്ഷിണ കൊറിയ. സര്‍ക്കാര്‍ ഓഫീസുകളില്‍ 10 ജീവനക്കാര്‍ക്ക് ഒരു റോബോട്ട് എന്ന രീതിയിലാണ് സാങ്കേതികവിദ്യ വളര്‍ത്തിയിട്ടുള്ളത്. ഇപ്പോള്‍ 'ആത്മഹത്യ' ചെയ്ത റോബോട്ട് കഴിഞ്ഞവര്‍ഷം ആഗസ്റ്റിലാണ് നിയമിതനായത്. കാലിഫോര്‍ണിയിലാണ് നിര്‍മ്മിച്ചത്, ദക്ഷിണകൊറിയ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കുന്ന ഐഡന്റിറ്റി കാര്‍ഡ് ഈ റോബോട്ടിനും നല്‍കിയിരുന്നു. റോബോട്ടിന്റെ ദുരൂഹ മരണത്തെ തുടര്‍ന്ന് ജോലിസ്ഥലങ്ങളില്‍ റോബോട്ടുകളുടെ നിയമനം സംബന്ധിച്ച് സര്‍ക്കാര്‍ പുനരാലോചന നടത്തി വരികയാണെന്നും ഡെയിലി മെയില്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
Tags:    

Similar News