ലാപ്‌ടോപ്പിനും സ്മാര്‍ട്ട്‌ഫോണിനും കേരളത്തില്‍ ഡിമാന്റ് കൂടി, സ്‌റ്റോക്കുകള്‍ തീരുന്നു

Update: 2020-06-05 11:11 GMT

ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങിയതോടെ കേരളത്തിലെ ഇലക്ട്രോണിക്‌സ് ഗാഡ്ജറ്റ്‌സ് ഷോപ്പുകളില്‍ തിരക്കേറി. ലാപ്‌ടോപ്പിനാണ് ഏറ്റവും ഡിമാന്റ്. സ്മാര്‍ട്ട്‌ഫോണ്‍, ടാബ്ലറ്റ്, ടെലിവിഷന്‍ സെറ്റുകള്‍ എന്നിവയുടെയും ഡിമാന്റ് കുതിച്ചുയര്‍ന്നു. പലയിടത്തും സ്റ്റോക്കുകള്‍ തീരുന്നത് ഉപഭോക്താക്കളെ ബുദ്ധിമുട്ടിലാക്കുന്നു.

''ഓണം സീസണില്‍ പോലും ഉണ്ടായിട്ടില്ലാത്ത, ഒരുപക്ഷെ കേരളത്തില്‍ ഇതുവരെയുണ്ടാകാത്ത ഡിമാന്റാണ് ഇപ്പോഴുള്ളത്. കഴിഞ്ഞ വര്‍ഷം മെയ് മാസത്തെ അപേക്ഷിച്ച് ഇക്കഴിഞ്ഞ മെയ് മാസം ലാപ്‌ടോപ്പുകളുടെ വില്‍പ്പന ഞങ്ങളുടെ ഷോപ്പുകളില്‍ 100 ശതമാനം കൂടിയെന്ന് പറയാം. സ്മാര്‍ട്ട്‌ഫോണുകളുടെ ഡിമാന്റ് 50 ശതമാനവും കൂടി. ഒപ്പം ടെലിവിഷന്‍ സെറ്റുകളുടെ വില്‍പ്പനയും കുതിച്ചുയര്‍ന്നിട്ടുണ്ട്. ഡിമാന്റിനനുസരിച്ച് സ്റ്റോക്കുകള്‍ ഇല്ലാത്തതാണ് പ്രശ്‌നം. നിലവില്‍ കേരളത്തില്‍ സ്‌റ്റോക്കില്ല. ഇന്ത്യയിലെ കോവിഡ് മേഖലകളില്‍ കടകള്‍ തുറക്കാത്തതുകൊണ്ട് വില്‍ക്കാന്‍ സാധിക്കാതിരിക്കുന്ന സ്‌റ്റോക്കുകളെല്ലാം എത്തിച്ചാണ് ഇപ്പോള്‍ ദൗര്‍ലഭ്യം പരിഹരിക്കുന്നത്. എന്നാല്‍ വരും നാളുകളില്‍ അനിശ്ചിതത്വമുണ്ടായേക്കാം.'' ഓക്‌സിജന്‍ ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ ഷിജോ കെ.തോമസ് പറയുന്നു.

ആദ്യഘട്ട ലോക്ഡൗണ്‍ സമയത്തും അതിനുശേഷവും ലാപ്‌ടോപ്പുകള്‍ക്ക് ഡിമാന്റ് കൂടിയതിന് കാരണം പലരും വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ തുടങ്ങിയതായിരുന്നു. എന്നാല്‍ ഇപ്പോള്‍ സ്‌കൂളുകളിലും കോളെജുകളിലും ഓണ്‍ലൈന്‍ ക്ലാസ് തുടങ്ങിയതോടെ ഇവയുടെ വില്‍പ്പന രണ്ട്-മൂന്ന് മടങ്ങ് ഇരട്ടിയായതായി വ്യാപാരികള്‍ പറയുന്നു.

''സന്നദ്ധസംഘടനകളും മറ്റും ടെലിവിഷന്‍ സെറ്റുകള്‍ പാവപ്പെട്ട കുട്ടികള്‍ക്കായി കൂടുതല്‍ എണ്ണം ഒന്നിച്ച് വാങ്ങിച്ചുകൊടുക്കാന്‍ തുടങ്ങിയതോടെ ഇവയുടെ വില്‍പ്പനയിലും വര്‍ദ്ധനയുണ്ടായിട്ടുണ്ട്. എന്നാല്‍ പ്രിന്ററുകളുടെ വില്‍പ്പനയില്‍ പ്രതീക്ഷിച്ച ഡിമാന്റ് ഉണ്ടായിട്ടില്ല.'' ഷിജോ കെ.തോമസ് ചൂണ്ടിക്കാട്ടുന്നു.

സ്റ്റോക്ക് തീരുന്നു

ഇഷ്ടപ്പെട്ട മോഡലുകളുടെ സ്‌റ്റോക്ക് ഇല്ലെന്നത് ഉപഭോക്താക്കളെ ബുദ്ധിമുട്ടിലാക്കുന്നു. വില കുറഞ്ഞ സ്മാര്‍ട്ട്‌ഫോണുകളുടെ സ്‌റ്റോക്കുകള്‍ പലയിടത്തും കിട്ടാനില്ലാത്തതുകൊണ്ട് കൂടിയ വിലയിലുള്ളവ വാങ്ങേണ്ടിവരുന്നുവെന്ന പരാതി ഉപഭോക്താക്കള്‍ ഉന്നയിക്കുന്നുണ്ട്.

കേരളത്തില്‍ വിതരണക്കാരുടെ കൈയിലുള്ള മുഴുവന്‍ സ്‌റ്റോക്കുകളും തന്നെ തീര്‍ന്നിരിക്കുകയാണ്. ലോക്ഡൗണിനെ തുടര്‍ന്ന് ഉല്‍പ്പാദനം മുടങ്ങിയതും സപ്ലൈ ചെയ്‌നില്‍ തടസമുണ്ടായതുമാണ് കാരണം. നിര്‍മാണശാലകള്‍ 50 ശതമാനം ജീവനക്കാരെ വെച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയില്‍ അസംബ്ലിംഗ് നടക്കുന്നുണ്ടെങ്കിലും അസംസ്‌കൃതവസ്തുക്കള്‍ ചൈനയില്‍ നിന്നാണ് വരുന്നത്.

എത്ര ചെലവ് വരും?

ഓണ്‍ലൈന്‍ ക്ലാസിനായി ഇലക്ട്രോണിക്‌സ് ഗാഡ്ജറ്റുകള്‍ വാങ്ങുമ്പോള്‍ എത്ര ചെലവ് വരും? ''20,000 രൂപയ്ക്ക് നല്ലൊരു ലാപ്‌ടോപ്പ് വാങ്ങാനാകും. ബജറ്റ് കുറവാണെങ്കില്‍ 6,000 രൂപയ്ക്ക് സ്മാര്‍ട്ട്‌ഫോണ്‍ ലഭിക്കും. 7,000 രൂപയ്ക്ക് മുകളിലേക്ക് ബ്രാന്‍ഡഡ് ടാബ്ലറ്റ് ലഭ്യമാണ്. 32 ഇഞ്ച് ടെലിവിഷന്റെ വില 7,000 രൂപയിലാണ് തുടങ്ങുന്നത്. വീട്ടിലേക്കുള്ള ആവശ്യങ്ങള്‍ക്ക് ഉതകുന്ന പ്രിന്ററുകള്‍ 3,500 രൂപയ്ക്ക് ലഭിക്കും.'' ഷിജോ കെ.തോമസ് പറയുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News