കൊറോണ കാലത്ത് മീറ്റിംഗുകള്‍ ഡിജിറ്റലാക്കാം; അറിഞ്ഞിരിക്കാം ഈ ടൂളുകള്‍

Update: 2020-03-10 09:52 GMT

കൊറോണ വൈറസ് ഭീതിയിലാണ് ലോകം മുഴുവനും. വിദേശത്തു ജോലി ചെയ്യുന്നവര്‍, വിദേശ നെറ്റ്വര്‍ക്കിംഗ് ശൃംഖലയിലൂടെ ബിസിനസ് കണ്ടെത്തുന്നവര്‍ തുടങ്ങിയവര്‍ക്കൊക്കെ കൊറോണ വന്‍ തിരിച്ചടിയാകുകയാണ്. കോര്‍പ്പറേറ്റ് മീറ്റിംഗുകളും ഓഫീസ് സന്ദര്‍ശനങ്ങളും മറ്റും ഒഴിവാക്കാനാകാത്തതാണ് പലര്‍ക്കും. അത്തരത്തില്‍ നോക്കിയിരുന്നിട്ടു കാര്യമില്ലല്ലോ. കൊറോണ മാത്രമല്ലല്ലോ സാമ്പത്തിക പ്രതിസന്ധിയും ഇവിടെ പ്രശ്‌നം തന്നെയല്ലേ. ചൈനയുടെയും മറ്റു വിദേശ രാജ്യങ്ങളുടെയും വര്‍ക്ക് ഫ്രം ഹോം ആശയത്തിന്റെ ചുവചടുപിടിച്ച് 'മീറ്റിംഗ്‌സ് ഫ്രം ഹോം' ആശയത്തിനു പിന്നാലെയാണ് ഐടി കമ്പനികളും കോര്‍പ്പറേറ്റ് പ്രൊഫഷണലുകളുമെല്ലാം ഇപ്പോള്‍. മീറ്റിംഗ്‌സ് ഫ്രം ഹോം എന്നാല്‍ ഹോം ടൗണില്‍ ഇരിക്കുകയും വിദേശരാജ്യങ്ങളിലെ ക്ലയന്റുകളും ഉദ്യോഗസ്ഥന്മാരുമായി ചര്‍ച്ചകളും അഭിമുഖ സംഭാഷണങ്ങളുമെല്ലാം ഡിജിറ്റലായി നടത്തുകയും ചെയ്യുന്നതാണ്. ഈ ഓണ്‍ലൈന്‍ ടൂളുകളിലൂടെ നിങ്ങള്‍ക്കും ബിസിനസും ജോലിയും മുടങ്ങാതെ മുന്നോട്ടു കൊണ്ട് പോകാം.

സ്ലാക്ക്

ജോലി സംബന്ധമായി ബന്ധപ്പെട്ടു നില്‍ക്കുന്ന എല്ലാവരെയും ഒരേ ആശയ വിനിമയ ശൃംഖലയില്‍ ബന്ധിപ്പിച്ചു നിര്‍ത്തുന്ന പ്ലാറ്റ്‌ഫോം ആണ് 'സ്ലാക്ക്'. ഇന്‍സ്റ്റന്റ് മെസേജിംഗ് പ്ലാറ്റ് ഫോം എന്നതിലുപരി, വീഡിയോ കോളിംഗ് സംവിധാനം, സാധാരണ ഉപയോഗിക്കുന്ന ഇ മെയ്‌ലിന് പകരം ഉപയോഗിക്കാവുന്ന സംവിധാനം എന്ന നിലയിലും സ്ലാക്ക് കൂടെ ഉപയോഗപ്പെടുത്താം. പത്ത് ദശലക്ഷം യൂസേഴ്‌സുള്ള ആ പ്ലാറ്റ്‌ഫോം ചെറിയ ഡാറ്റയില്‍ കൂടുതല്‍ ഫയലുകള്‍ അയയ്ക്കാനും സഹായിക്കുന്നു.

മൈക്രോസോഫ്റ്റ് ടീംസ് പ്ലാറ്റ്‌ഫോം

'മൈക്രോസോഫ്റ്റ് ടീംസ്' വളരെ ഫലപ്രദമായി ഉപയോഗിക്കാവുന്ന ഒരു വര്‍ക്ക് പ്ലേസ് ടൂള്‍ ആണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വര്‍ക്ക് പ്ലേസുകളെ സംയോജിപ്പിച്ചു കൊണ്ടു ജോലികള്‍ സുഗമമാക്കാനുപയോഗപ്പെടുത്താവുന്ന യൂണിഫൈഡ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് കൊളാബറേഷന്‍ പ്ലാറ്റ് ഫോം ആണിത്. ചാറ്റ് വിഡിയോകള്‍, ഡിജിറ്റല്‍ മീറ്റിംഗ്‌സ്, ഫയല്‍ സേവിംഗ് എന്നിവയെല്ലാം ഇതിലൂടെ സാധ്യമാകുന്നു.

ഹൈവ് ഡെസ്‌ക്

ഡെസ്‌ക് ജോലികള്‍ ഫലപ്രദവും കൃത്യവുമായി ഉപയോഗിക്കാന്‍ കഴിയുന്ന ടൂള്‍ ആണിത്. ലോകത്തിന്റെ ഏത് കോണിലിരുന്നു തങ്ങളുടെ ജീവനക്കാര്‍ ഫലപ്രദമായാണോ ജോലി ചെയ്യുന്നതെന്നറിയാന്‍ സ്‌ക്രീന്‍ ഷോട്ടുകളടക്കം ലഭ്യമാക്കുന്ന ടൂളാണ് ഹൈവ് ഡെസ്‌ക്. 14.99 ഡോളര്‍ മുതല്‍ ഇത് ഓണ്‍ലൈനില്‍ വാങ്ങി ഉപയോഗിക്കാം. കൊറോണ കാലത്ത് മാത്രമല്ല അല്ലാതെയും കോര്‍പ്പറേറ്റുകള്‍ പലരും വര്‍ക്ക് ഫ്രം ഹോം അസൈന്‍മെന്റുകള്‍ക്ക് ഈ ടൂള്‍ ഉപയോഗിക്കാറുണ്ട്.

വര്‍ക്ക് സ്‌നാപ്‌സ്

ജീവനക്കാര്‍ ഏത് ജോലികള്‍ ചെയ്ത് കൊണ്ടിരിക്കുന്നു എന്ന് മേലുദ്യോഗസ്ഥര്‍ക്ക് ഓരോ പത്തു മിനിട്ടും വിവരങ്ങളെത്തിക്കുന്ന ഡിജിറ്റല്‍ ടൂള്‍ ആണിത്. ഓരോ പത്തു മിനിട്ടും മൗസ് മൂവ്‌മെന്റുകള്‍, സക്രീന്‍ ഷോട്ടുകള്‍ എന്നിവയും ലഭ്യമാക്കുന്നുണ്ട് ഈ ടൂള്‍. 14 ഡോളര്‍ മുതലാണ് ഇതിന്റെ നിരക്ക്.

മൈ സാമ്മി

രസകരവും എന്നാല്‍ ജീവനക്കാരുടെ ഉല്‍പ്പാദന ക്ഷമത വര്‍ധിപ്പിക്കുന്നതുമായ ടൂളാണിത്. ഉദാഹരണത്തിന് ഒരു ജീവനക്കാരന്‍ വര്‍ക്ക് ഫ്രം ഹോം ഒക്കെ എടുത്ത് അയാളുടെ പേഴ്‌സണല്‍ ഫേസ്ബുക്കും നോക്കി ഇരിക്കാനാണ് ഉദ്ദേശമെങ്കില്‍ അപ്പോള്‍ മൈ സാമ്മി ടൂള്‍ പണി തരും. ജോലിയുമായി ബന്ധമില്ലാത്ത ടൂളുകള്‍ തുറന്നാല്‍ അപ്പോള്‍ സ്‌ക്രീനില്‍ ഒരു തമ്പ്‌സ് ഡൗണ്‍ ടൂള്‍ വരും. ഇനി അഥവാ പിഡിഎഫ്, എക്‌സല്‍ ഒക്കെയാണ് വരുന്നതെങ്കില്‍ തമ്പ്‌സ് അപ്പും വരും. ഇതേ തമ്പ്‌സ് അപ്പുകളും തമ്പ്‌സ് ഡൗണുകളും മേലുദ്യോഗസ്ഥന്റെ സിസ്റ്റത്തിലേക്ക് എത്തുകയും ചെയ്യും. ഇത് വഴി ജീവനക്കാര്‍ എത്ര ഫലപ്രദമായി ജോലികള്‍ചെയ്‌തെന്നു കാണാനാകും. 50 ജീവനക്കാര്‍ വരെയുള്ള ടീമിന് ഒരാള്‍ക്ക് ഏഴ് ഡോളര്‍ വീതം നല്‍കേണ്ടി വരുന്നു എന്നു മാത്രം. മാക്, വിന്‍ഡോസ് എക്‌സ്പി, വിസ്റ്റ എന്നിവയിലെല്ലാം ഇത് ഉപയോഗിക്കാം.

ഇവയെല്ലാം കൂടാതെ എയര്‍കോള്‍, സൂപ്പര്‍ ആപ്പ് തുടങ്ങി 20 ഓളം ഡിജിറ്റല്‍ ടൂളുകള്‍ ലഭ്യമാണെങ്കിലും നിങ്ങള്‍ക്ക് എളുപ്പത്തില്‍ ഉപയോഗപ്പെടുത്താനുള്ള ചില ടൂളുകള്‍ കമ്പനി ടെക്‌നോളജി ടീം തന്നെ വികസിപ്പിച്ചു തന്നേക്കാം. ഓരോരുത്തരുടെയും ആവശ്യകതയും സാമ്പത്തിക ശേഷിയും നോക്കി വേണം ടൂളുകള്‍ സെറ്റ് ചെയ്യാനെന്നു മാത്രം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News