സൂം വീഡിയോ ചാറ്റിലെ ഈ സൗകര്യങ്ങള്‍ അറിയാമോ?

Update: 2020-04-09 04:26 GMT

കൊറോണയുടെ കാലത്ത് ഏറ്റവുമധികം ഉയര്‍ന്നു കേള്‍ക്കുന്ന വാക്കാണ് 'സൂം' എന്നത്. വര്‍ക്ക് അറ്റ് ഹോം വ്യാപകമായപ്പോള്‍ ജീവനക്കാരുമായി ബന്ധപ്പെടാനും പരിശീലന ക്ലാസുകള്‍ നല്‍കാന്‍ വരെ സൂം എന്ന വീഡിയോ മീറ്റിംഗ് ആപ്ലിക്കേഷനെയാണ് ആളുകള്‍ ആശ്രയിക്കുന്നത്. 100 ആളുകളെ വരെ ഉള്‍പ്പെടുത്തി സൗജന്യമായി വീഡിയോ കോണ്‍ഫറന്‍സ് നടത്താനാകുമെന്നതാണ് സൂമിന്റെ ഏറ്റവും വലിയ പ്രത്യേകത. സെക്യൂരിറ്റിയെ കുറിച്ച് ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ അടക്കം ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും വളരെ വേഗത്തില്‍ ജനകീയമായിക്കൊണ്ടിരിക്കുകയാണ് സൂം. സഹപ്രവര്‍ത്തകരുമായും ഉപഭോക്താക്കളുമായും മാത്രമല്ല കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും വീഡിയോ ചാറ്റ് നടത്താനും വ്യാപകമായി ഇതുപയോഗിക്കുന്നു. ഇതാ സൂം ഉപയോഗിക്കുമ്പോള്‍ നിങ്ങളറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍

1. വെര്‍ച്വല്‍ ബാക്ക്ഗ്രൗണ്ട്‌സ്

ഓഫീസിലേക്ക് വീട്ടിലിരുന്ന് വീഡിയോ കോള്‍ വിളിക്കുമ്പോള്‍ ബാക്ക് ഗ്രൗണ്ട് എങ്ങനെയായിരിക്കുമെന്നത് എല്ലാവരുടെയും ആശങ്കയാണ്. നിങ്ങളുടെ ബോസിനേയോ ക്ലയന്റിനേയോ വിളിക്കുമ്പോള്‍ മികച്ചൊരു ചിത്രം ബാക്ക് ഗ്രൗണ്ടായി നല്‍കാന്‍ കഴിഞ്ഞാലോ? സൂം ആപ്ലിക്കേഷനില്‍ സെറ്റിംഗ്‌സില്‍ വെര്‍ച്വല്‍ ബാക്ക്ഗ്രൗണ്ട് ഓപ്ഷന്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് ഇഷ്ടമുള്ള ബാക്ക് ഗ്രൗണ്ട് വെക്കാനാകും. മൊബീലില്‍ ഉപയോഗിക്കുന്നവര്‍ക്ക് ഇത് സാധ്യമല്ലെന്ന് മാത്രം.

2. സ്‌പേസ് ബാര്‍

വീഡിയോ കോളിനിടയില്‍ വീട്ടിലുള്ള ആരെങ്കിലും വന്ന് എന്തെങ്കിലും സംസാരിക്കുകയോ അതല്ലെങ്കില്‍ അസ്വസ്ഥതയുണ്ടാക്കുന്ന എന്തെങ്കിലും ശബ്ദം ശല്യമാകുമ്പോഴോ പെട്ടെന്ന് നമ്മുടെ ശബ്ദം മ്യൂട്ട് ചെയ്യാന്‍ കഴിഞ്ഞെന്ന് വരില്ല. എന്നാല്‍ സ്‌പേസ് ബാറില്‍ ഒന്നമര്‍ത്തിയാല്‍ സൂമില്‍ മ്യൂട്ട് ആകും.

3. സ്‌ക്രീന്‍ ഷെയറിംഗ്

വീഡിയോ കോണ്‍ഫറന്‍സിനിടയില്‍ എന്തെങ്കിലും ഫോട്ടോയോ വീഡിയോയോ അതേ സ്‌ക്രീനില്‍ മറ്റുള്ളവരെ കാണിക്കണമെങ്കില്‍ അതിനുള്ള സൗകര്യം സൂമിലുണ്ട്. വീഡിയോ കോള്‍ ചെയ്യുമ്പോള്‍ താഴെയായി സ്‌ക്രീന്‍ ഷെയര്‍ ഓപ്ഷന്‍ കാണും അതില്‍ ക്ലിക്ക് ചെയ്ത് ഷെയര്‍ ചെയ്യേണ്ട ഫോട്ടോയോ വീഡിയോയോ തെരഞ്ഞെടുക്കാം. നമ്മുടെ വീഡിയോയ്ക്ക് പകരം സ്‌ക്രീനില്‍ തെളിയുന്നത് അതായിരിക്കും. ആവശ്യം കഴിഞ്ഞാല്‍ അതേ ബട്ടണ്‍ അമര്‍ത്തിയാല്‍ മതി.

4. ബ്യൂട്ടി ഫില്‍റ്റേഴ്‌സ്

ഉറങ്ങിയെഴുന്നേറ്റ ഉടനെ ഓഫീസിലെ മീറ്റിംഗില്‍ പങ്കെടുക്കേണ്ടി വരുമ്പോള്‍ അവരവരെ കാണാന്‍ എങ്ങനെയിരിക്കുമെന്ന ആശങ്ക ഉയര്‍ത്തിയേക്കാം. ഫോട്ടോ ആപ്ലിക്കേഷനിലും ഉള്ളതു പോലെ സൂമിലും ബ്യൂട്ടി മോഡ് നിങ്ങളുടെ രക്ഷയ്‌ക്കെത്തും. വീഡിയോ സെറ്റിംഗ്‌സില്‍ ടച്ചപ്പ് മൈ അപ്പിയറന്‍സ് എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് ഓണ്‍ ചെയ്യാനും ഓഫ് ചെയ്യാനുമാകും.

5. ഗ്യാലറി വ്യൂ

ഒരു വീഡിയോ മീറ്റിംഗില്‍ നിരവധിയാളുകള്‍ പങ്കെടുക്കുമ്പോള്‍ നമ്മുടെ സ്‌ക്രീനില്‍ എല്ലാവരുടെയും വീഡിയോ ഉള്‍ക്കൊള്ളാന്‍ പ്രയാസമാകും. പല സ്‌ക്രീനുകള്‍ മറിച്ചു നോക്കുന്നതും പ്രായോഗികമായ ബുദ്ധിമുട്ടുണ്ടാക്കും. അതിന് ഗ്യാലറി വ്യൂ എന്ന ഓപ്ഷനിലൂടെ സൂം പരിഹാരം കണ്ടിട്ടുണ്ട്. ഇത് ഉപയോഗിക്കുമ്പോള്‍ 49 പേരുടെ തമ്പ്‌നെയ്ല്‍ ആദ്യ പേജില്‍ തെളിഞ്ഞു വരും. വലുതായി കാണേണ്ട വീഡിയോയില്‍ ഒന്നു ടച്ച് ചെയ്താല്‍ മതിയാകും. 49 പേരില്‍ കൂടുതലുണ്ടെങ്കില്‍ അടുത്ത പേജില്‍ അവരുടെ തമ്പ്‌നെയല്‍ കാണാം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News