തലച്ചോറിനെ നിര്‍മിതബുദ്ധിയുമായി ബന്ധിപ്പിക്കാന്‍ ഇലോണ്‍ മസ്‌ക്, അമാനുഷികര്‍ ജനിക്കുമോ?

Update: 2019-07-22 09:40 GMT

നഗരങ്ങള്‍ക്കടിയിലൂടെ മൈലുകള്‍ ദൂരത്തില്‍ വായുരഹിത ടണലുകളുണ്ടാക്കി അതിലൂടെ അതിവേഗ ഗതാഗതസംവിധാനം യാഥാര്‍ത്ഥ്യമാക്കുന്നു. മനുഷ്യനെ ചൊവ്വാഗ്രഹത്തിലെത്തിച്ച് അവിടെ മനുഷ്യരുടെ ഒരു കോളനി തന്നെ സ്ഥാപിക്കാനൊരുങ്ങുന്നു.

ലോകം മുഴുവന്‍ ഇലക്ട്രിക് കാറുകള്‍കൊണ്ട് നിറയ്ക്കുകയെന്ന ലക്ഷ്യത്തിനായി അഹോരാത്രം പ്രയത്‌നിക്കുന്നു. ഇലോണ്‍ മസ്‌ക് തീര്‍ച്ചയായും ഒരു പ്രതിഭാസം തന്നെയാണ്. 

സ്‌പെയ്‌സ് എക്‌സ് സി.ഇ.ഒയും ടെസ്ലയുടെ സഹസ്ഥാപകനുമൊക്കെയായ ഇലോണ്‍ മസ്‌ക് ഇപ്പോള്‍ പുതിയൊരു യജ്ഞത്തിലാണ്. ന്യൂറാലിങ്ക് എന്ന ബ്രെയ്ന്‍ മെഷീന്‍ ഇന്റര്‍ഫേസ് യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള പരിശ്രമങ്ങള്‍ പുരോഗമിക്കുന്നു.

മനുഷ്യന്റെ തലച്ചോറും നിര്‍മിതബുദ്ധിയും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള സംവിധാനമാണിത്. 2017ലാണ് ന്യൂറാലിങ്കിന് തുടക്കമിടുന്നതെങ്കിലും ഇതുവരെ ഇതേക്കുറിച്ച് നിശബ്ദനായിരുന്ന മസ്‌ക് ഈയിടെയാണ് ഇതേക്കുറിച്ചുള്ള പ്രസ്താവനകള്‍ നടത്തിയിരിക്കുന്നത്. 

മുടിനാരിനേക്കാള്‍ കനം കുറഞ്ഞ ഫ്‌ളെക്‌സിബിളായ ഇലക്ട്രോഡ് നാരുകള്‍ ഉപയോഗിച്ചാണ് തലച്ചോറിനെ ചിപ്പുമായി ബന്ധിപ്പിക്കുന്നത്. ഈ നാരുകളാണ് തലച്ചോറും മെഷീനുകളും തമ്മിലുള്ള വലിയ അളവിലുള്ള വിവരകൈമാറ്റം സാധ്യമാക്കുന്നത്. 

ഓരോ നാരും അതീവശ്രദ്ധയോടെ വെവ്വേറെയാണ് തലച്ചോറിന്റെ നിശ്ചിതഭാഗങ്ങളില്‍ സ്ഥാപിക്കുന്നത്. ഇതിനായി പ്രത്യേക റോബോട്ടുകളെയാണ് ഉപയോഗിക്കുന്നത്. നാരുകളുടെ ഒരറ്റം ചിപ്പുമായും മറ്റേ അറ്റം തലച്ചോറുമായും ബന്ധിപ്പിക്കും. അതിനുശേഷം തലയ്ക്ക് പുറത്ത് ലിങ്ക് എന്ന ഉപകരണം സ്ഥാപിക്കും. ചിപ്പില്‍ നിന്നുള്ള വിവരങ്ങള്‍ വയര്‍ലസായി ഇതിലെത്തും. ബ്ലൂടൂത്ത് സാങ്കേതികവിദ്യയാണ് ഇതിന് ഉപയോഗിക്കുന്നത്.

ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ക്ക് മനസുകൊണ്ട് സ്വയം ഉപകരണങ്ങള്‍ നിയന്ത്രിക്കാന്‍ സഹായിക്കുകയാണ് ഇതിന്റെ പ്രാഥമികലക്ഷ്യമെങ്കിലും അല്‍ഭുതങ്ങള്‍ വരാനിരിക്കുന്നതേയുള്ളു. മനുഷ്യന്റെ തലച്ചോറിനെ കംപ്യൂട്ടറുമായി ബന്ധിപ്പിക്കുന്നതുവഴി സാധാരണക്കാര്‍ അമാനുഷിക ശേഷികളുള്ളവരായി മാറിയേക്കും. 

Similar News