ആപ്പിളിന് തിരിച്ചടി, ഒരേ മോഡല്‍ ചാര്‍ജര്‍ നയം അംഗീകരിച്ചു

ഇന്ത്യയും ഒരേ മോഡല്‍ ചാര്‍ജര്‍ നയം നടപ്പാക്കുന്നതിന്റെ സാധ്യതകള്‍ പരിശോധിക്കുകയാണ്

Update:2022-10-05 10:58 IST

ഇലക്ട്രോണിക് ഉപകരണങ്ങളില്‍ ഒരേ മോഡല്‍ ചാര്‍ജര്‍ നിര്‍ബന്ധമാക്കണമെന്ന നിലപാട് അംഗീകരിച്ച് യൂറോപ്യന്‍ പാര്‍ലമെന്റ്. ഡിവൈസുകളില്‍ ടൈപ്-സി (Type c Charger) ഉപയോഗിക്കണമെന്ന് കഴിഞ്ഞ ഓഗസ്റ്റില്‍ തന്നെ യൂറോപ്യന്‍ യൂണിയന്‍ നിലപാട് എടുത്തിരുന്നു. മൊബൈല്‍ ഫോണ്‍, ക്യാമറ, ടാബ്‌ലെറ്റ് എന്നിവയില്‍ 2024 മുതല്‍ ഒരേ മോഡല്‍ ചാര്‍ജര്‍ നിര്‍ബന്ധമാവും.

2026ല്‍ ആവും ലാപ്‌ടോപ്പുകളില്‍ ഒരേ മോഡല്‍ ചാര്‍ജര്‍ എത്തുക. നിലവില്‍ ലൈറ്റിനിംഗ് പോര്‍ട്ട് ഉപയോഗിക്കുന്ന ആപ്പിളിനെയാണ് പുതിയ നയം ബാധിക്കുക. യൂറോപ്യന്‍ യൂണിയന്റെ നിലപാട് ഇ-മാലിന്യം വര്‍ധിപ്പിക്കുമെന്നും ഇന്നൊവേഷനെ തടയുമെന്നും ആപ്പിള്‍ പറഞ്ഞിരുന്നു. അതേ സമയം ഒരു ചര്‍ജര്‍ തന്നെ പല ഡീവൈസുകളില്‍ ഉപയോഗിക്കുന്നത് ഇ-മാലിന്യവും അധികച്ചെലവും കുറയ്ക്കുമെന്നാണ് യൂറോപ്യന്‍ യൂണിയന്റെ നിലപാട്. യൂറോപ്യന്‍ യൂണിയന് പിന്നാലെ മറ്റ് രാജ്യങ്ങളും ഒരേ മോഡല്‍ ചാര്‍ജര്‍ നയം നടപ്പാക്കിയേക്കും.

ഇന്ത്യയും ഒരേ മോഡല്‍ ചാര്‍ജര്‍ നയം നടപ്പാക്കുന്നതിന്റെ സാധ്യതകള്‍ പരിശോധിക്കുകയാണ്. വിഷയത്തില്‍ മേഖലയിലുള്ളവരോട് അഭിപ്രായം ആരാഞ്ഞ് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം കത്തെഴുതിയിരുന്നു. കഴിഞ്ഞ വര്‍ഷം നവംബറില്‍ ഗ്ലാസ്‌ഗോയില്‍ നടന്ന യുഎന്‍ കാലാവസ്ഥാ വ്യതിയാന കോണ്‍ഫറന്‍സില്‍ (CoP 26) പ്രധാനമന്ത്രി പ്രഖ്യാപിച്ച ലൈഫ് - ലൈഫ് സ്റ്റൈല്‍ ഫോര്‍ ദ എന്‍വയോണ്‍മെന്റ് എന്ന ആശയത്തിന്റെ പശ്ചാത്തലത്തിലാണ് മന്ത്രാലയത്തിന്റെ നീക്കം. ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളലുമായി ബന്ധപ്പെട്ട നാഷണല്‍ ഡിറ്റര്‍മൈന്‍ഡ് കോണ്‍ട്രിബ്യൂഷന്‍, ഇന്ത്യ പുതുക്കിയിരുന്നു. അത് പ്രകാരം കാര്‍ബണ്‍ ബഹിര്‍ഗമനം 2030-ഓടെ ജിഡിപിയുടെ 45% ആയി കുറയ്ക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം.

Tags:    

Similar News