കോവിഡ് പ്രതിരോധത്തിനായി ഫെയ്‌സ്ബുക്ക് നിങ്ങളെ നിരീക്ഷിക്കും, വിവരങ്ങള്‍ കൈമാറും; കമ്പനിയുടെ പുതിയ തീരുമാനം ഇങ്ങനെ

Update: 2020-04-09 11:08 GMT

കോവിഡ് കാലത്ത് സോഷ്യല്‍മീഡിയ ഉപയോഗം വന്‍ തോതില്‍ വര്‍ധിച്ചതായിട്ടാണ് കഴിഞ്ഞ 20 ദിവസത്തെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. വിഡിയോയും ഗെയിമുകളുമായി സമയം ചെലവഴിക്കാനും പുറം ലോകവുമായി കണക്റ്റ് ആയി ഇരിക്കാനും മിക്കവരും തങ്ങളുടെ സോഷ്യല്‍മീഡിയ ഉപയോഗം ഇപ്പോള്‍ കൂട്ടിയിരിക്കുകയാണ്. ഓരോരുത്തരുടെയും സ്റ്റാറ്റസ് നോക്കിയാല്‍ അറിയാം അവര്‍ എന്തു ചെയ്യുന്നു എന്ത് ഷെയര്‍ ചെയ്യുന്നു, ലൊക്കേഷന്‍ എവിടെയാണ് എന്നെല്ലാം. ഇതാ ഫെയ്‌സ്ബുക്കിന്റെ ഈ വിവരങ്ങള്‍ കോവിഡ് വ്യാപനം തടയാന്‍ ഉപയോഗപ്പെടുത്തുന്നതായി റിപ്പോര്‍ട്ട്. ഉപയോക്താക്കളുടെ സ്വകാര്യതയില്‍ കൈകടത്താതെയാണ് ഈ ഡേറ്റ മഹാമാരിയെ ചെറുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഫെയ്‌സ്ബുക്ക് ഉപയോഗപ്പെടുത്തുന്നത്. എങ്ങനെയെന്ന് നോക്കാം.

വൈറസ് എവിടെ പടരുമെന്ന് മുന്‍കൂട്ടി അറിയാന്‍ ഉപയോക്താക്കളുടെ മൂവ്‌മെന്റ്‌സിനെയും ബന്ധങ്ങളെയും കുറിച്ചുള്ള ആളെ തിരിച്ചറിയാന്‍ സാധിക്കാത്ത വിധത്തിലുള്ള ഡേറ്റ ഗവേഷകര്‍ക്ക് നല്‍കുന്നുവെന്നാണ് സോഷ്യല്‍ മീഡിയ ഭീമന്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരിക്കുന്നത്. ഈ നിര്‍ണായക സമയങ്ങളില്‍ ആളുകള്‍ സഞ്ചരിക്കുന്നത് സംബന്ധിച്ച ഡേറ്റയ്ക്ക് ഏറെ പ്രാധാന്യമുണ്ട്. കമ്പനി എപ്പോഴും ആളുകളുടെ സ്വകാര്യത സംരക്ഷിക്കുന്നതിന് പ്രാധാന്യം കൊടുക്കുവെന്നും ഈ പ്രത്യേക സാഹചര്യത്തില്‍ ഫേസ്ബുക്കിന്റെ ഡേറ്റ കൊവിഡിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായമെന്ന നിലയിലാണ് ഉപയോഗിക്കുകയെന്നും ഫെയ്സ്ബുക്ക് ആരോഗ്യകാര്യ മേധാവി കെ എക്‌സ് ജിന്‍, ഡേറ്റ ഫോര്‍ ഗുഡ് ആര്‍മിലെ ലോറ മക്‌ഗോര്‍മാന്‍ എന്നിവര്‍ വ്യക്തമാക്കി.

പ്രതിരോധ നടപടികള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ, വൈറസ് എങ്ങനെ പടരുന്നു എന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ കൊവിഡിനെതിരായ പോരാട്ടത്തില്‍ നിര്‍ണായകമാണ്. അതുകൊണ്ട് തന്നെ ഒരു നിര്‍ദ്ദിഷ്ട സ്ഥലത്തെ ആളുകള്‍ മറ്റ് സ്ഥലങ്ങളിലെ ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതുമായി ബന്ധപ്പെട്ട കോ-ലൊക്കേഷന്‍ മാപ്പുകള്‍ ഫെയ്‌സ്ബുക്ക് ഗവേഷകര്‍ക്ക് നല്‍കാന്‍ സാധിക്കും. പുതിയ കോവിഡ് കേസുകളെ ട്രാക്ക് ചെയ്യാന്‍ ഇത് സഹായിക്കും.

ഫെയ്‌സ്ബുക്ക് ഇപ്പോള്‍ പ്രഖ്യാപിച്ചതിന് സമാനമായ ഒരു സജ്ജീകരണം ഗൂഗിളും കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. ഉപയോക്താക്കളുടെ ലൊക്കേഷനുകളുടെ സ്‌നാപ്പ്‌ഷോട്ടുകള്‍ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി ഷെയര്‍ ചെയ്യുകയാണ് ഗൂഗ്ള്‍ ചെയ്തത്. ലോക്ക്ഡൗണ്‍ സമയത്ത് സര്‍ക്കാര്‍ നിര്‍ദ്ദേശം അനുസരിച്ച് ആളുകള്‍ വീട്ടില്‍ തന്നെ ഉണ്ടോ മറ്റെവിടെയെങ്കിലും യാത്ര ചെയ്യുകയാണോ എന്ന വിവരങ്ങളെല്ലാം മനസിലാക്കാന്‍ ലൊക്കേഷന്‍ ഡേറ്റ സഹായിക്കും.

ഫ്രണ്ട്ഷിപ്പ് ക്രോസിംഗ് ഷെയര്‍

ഫ്രണ്ട്ഷിപ്പ് ക്രോസിംഗ് ഷെയര്‍ ചെയ്യുന്നതിലൂടെ വൈറസ് എങ്ങനെ പടരുമെന്ന് പ്രവചിക്കാന്‍ എപ്പിഡെമിയോളജിസ്റ്റുകളെ സഹായിക്കുകയും സംസ്ഥാന, ദേശീയ അതിര്‍ത്തികള്‍ കടക്കുന്ന ആളുകളുടെ കൃത്യമായ വിവരങ്ങള്‍ ലഭിക്കുകയും ചെയ്യുന്നു. ഫെയ്സ്ബുക്കില്‍ നിന്നുള്ള വിവരങ്ങള്‍ ആളുകളെ തിരിച്ചറിയാന്‍ സാധിക്കാത്ത വിധത്തിലാണ് ഡിസീസ് പ്രിവന്‍ഷന്‍ മാപ്പുകളില്‍ ഉള്‍പ്പെടുത്താനായി നല്‍കുന്നതെന്ന് ഫെയ്‌സ്ബുക്ക് വ്യക്തമാക്കിയിട്ടുണ്ട്.

സുരക്ഷിത കൈമാറ്റം

സ്വകാര്യതയുമായി ബന്ധപ്പെട്ട് പലപ്രാവശ്യം ആരോപണങ്ങള്‍ നേരിട്ട ഫെയ്‌സ്ബുക്ക് ഡേറ്റ പങ്കിടുമ്പോള്‍ ആശങ്കകളും ഉയരന്നുണ്ട്. എന്നാല്‍ പരസ്യമായി അറിയിച്ചുകൊണ്ട് വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കുമെന്ന ഉറപ്പോടെയുള്ള ഡേറ്റ കൈമാറ്റത്തെ വിശ്വസിക്കാതിരിക്കുന്നത് നിലവിലെ സാഹചര്യത്തില്‍ ശരിയല്ലെന്നാണ് സാങ്കേതിക വിദഗ്ധരുടെ ചര്‍ച്ചകള്‍ വെളിപ്പെടുത്തുന്നത്. നിലവിലെ സാഹചര്യത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് ഫെയ്‌സ്ബുക്ക് നല്‍കുന്ന വിവരങ്ങള്‍ നിര്‍ണായകമാണ്. ഇത് എന്നു വരെ തുടരുമെന്ന് അറിയിച്ചിട്ടില്ലെങ്കിലും വ്യക്തിഗത വിവരങ്ങള്‍ക്ക് അങ്ങേയറ്റം സുരക്ഷിതത്വവും സ്വകാര്യതയും സൂക്ഷിക്കുമെന്നാണ് ഫെയ്‌സ്ബുക്ക് അധികൃതര്‍ അറിയിച്ചത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News