കോടിക്കണക്കിനു പേരുടെ വ്യക്തിഗത വിവര ചോര്‍ച്ച അന്വേഷിക്കുന്നുവെന്ന് ഫേസ്ബുക്ക്

Update: 2019-12-23 06:21 GMT

ഫേസ്ബുക്കില്‍ നിന്ന് 26.7 കോടി പേരുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നതായുള്ള ആരോപണത്തില്‍ അന്വേഷണം ആരംഭിച്ചതായി ഫേസ്ബുക്ക് വക്താവ് അറിയിച്ചു. ഉപയോക്താക്കളുടെ വിവരങ്ങള്‍ സംരക്ഷിക്കാന്‍ ഏറ്റവും സുരക്ഷിത രീതിയാണ് വര്‍ഷങ്ങളായി തങ്ങള്‍ എടുക്കുന്നതെന്നും അതിന് മുന്‍പ് വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടോയെന്ന കാര്യത്തില്‍ ഇപ്പോള്‍ ഉറപ്പു പറയുക സാധ്യമല്ലെന്നും അദ്ദേഹം പ്രതികരിച്ചു.

ഫേസ്ബുക്കുമായി ബന്ധപ്പെട്ട ഡാറ്റാബേസ് കണ്ടെത്തിയാണ് സൈബര്‍ സെക്യൂരിറ്റി സ്ഥാപനം കംപെയര്‍ടെക്കും, സൈബര്‍ സെക്യൂരിറ്റി വിദഗ്ധന്‍ ബോബ് ഡിന്‍ചെന്‍കോയും വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നതായി ചൂണ്ടിക്കാട്ടിയത്. ഫേസ്ബുക്ക് യുസര്‍ ഐഡി, ഫോണ്‍ നമ്പറുകള്‍ എന്നിങ്ങനെയുള്ള വിവരങ്ങളാണ് ഡാറ്റാബേസില്‍ ഉള്ളത്. വിയറ്റ്‌നാം സൈബര്‍ ക്രിമിനലുകള്‍ നടത്തിയ ' സ്‌ക്രാപിംഗ് 'എന്ന ഹാക്കിംഗ് രീതിയിലൂടെയാണ് ഇത് ചേര്‍ന്നതെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

കോംബ്രിഡ്ജ് അനലിറ്റിക്ക വിഷയത്തില്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ ഫേസ്ബുക്ക് പ്രതിസന്ധിയിലായിരുന്നു. ഇതുമൂലം ബ്രിട്ടനിലും മറ്റും പിഴയടയ്‌ക്കേണ്ട സ്ഥിതിയും നേരിട്ടു. ഫേസ്ബുക്ക് എപിഐയിലെ പിഴവ് പ്രകാരം ഫേസ്ബുക്കിലെ 419 ദശലക്ഷം അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ന്നു എന്ന് സെപ്തംബറില്‍ റിപ്പോര്‍ട്ടുകള്‍ വന്നപ്പോള്‍ അത് ഗുരുതര പ്രശ്‌നമല്ലെന്നാണ് അന്ന് ഫേസ്ബുക്ക് പ്രതികരിച്ചത്.

ഓട്ടോമാറ്റിക്ക് ബോട്ട്‌സ് വഴി അതിവേഗത്തില്‍ വലിയ അളവില്‍ വെബ് പേജുകളിലെ വിവരങ്ങള്‍ ചോര്‍ത്തുന്ന രീതിയാണ് സ്‌ക്രാപിംഗ്.  ഫേസ്ബുക്കില്‍ നിന്ന് ചോര്‍ന്ന വിവരങ്ങള്‍ എസ്എംഎസ് ക്യാംപെയിന്‍, സ്പാം ഇ-മെയില്‍ പരസ്യ ക്യാംപെയിന്‍ എന്നിവയ്‌ക്കെല്ലാം ഉപയോഗപ്പെടുത്തുന്നു എന്നും ചൂണ്ടിക്കാണിക്കപ്പെട്ടു.ഡാറ്റാബേസില്‍ ഏറ്റവും കൂടുതല്‍ ഫേസ്ബുക്ക് ഉപയോക്താക്കള്‍ അമേരിക്കയില്‍ നിന്നായിരുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News