5.4 ബില്യണ്‍ വ്യാജ അക്കൗണ്ടുകള്‍ എടുത്തു കളഞ്ഞെന്ന് ഫേസ്ബുക്ക്

Update: 2019-11-14 05:25 GMT

ഈ വര്‍ഷം 5.4 ബില്യണ്‍ വ്യാജ അക്കൗണ്ടുകള്‍ എടുത്തുകളഞ്ഞതായി ഫേസ്ബുക്ക് അറിയിച്ചു. കൃത്രിമത്വത്തിനും തെറ്റായ വിവരങ്ങള്‍ക്കുമെതിരെ സോഷ്യല്‍ മീഡിയയില്‍ തുടര്‍ച്ചയായി ഫേസ്ബുക്ക് നടത്തുന്ന പോരാട്ടത്തിന്റെ സൂചനയാണിതെന്നു കമ്പനി വിശദീകരിച്ചു.

വ്യാജ അക്കൗണ്ടുകള്‍ സൃഷ്ടിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്കെതിരെ ഫെയ്‌സ്ബുക്ക് പ്രതിരോധം ശക്തമാക്കിയിട്ടുണ്ടെന്നും സൃഷ്ടിക്കപ്പെട്ട് നിമിഷങ്ങള്‍ക്കുള്ളില്‍ അത്തരം അക്കൗണ്ടുകള്‍ നീക്കംചെയ്യുന്നുണ്ടെന്നും അറിയിപ്പില്‍ പറയുന്നു. ഫേസ്ബുക്ക് പുറത്തുവിട്ട ട്രാന്‍സ്പരന്‍സി റിപ്പോര്‍ട്ടിലാണ് ഈ കാര്യങ്ങള്‍ പറയുന്നത്. റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ വിദ്വേഷം ജനിപ്പിക്കുന്ന തരത്തിലുള്ള 11.4 ദശലക്ഷം പോസ്റ്റുകള്‍ ഫേസ്ബുക്ക് നീക്കം ചെയ്തിട്ടുണ്ട്. ഒപ്പം കുട്ടികളുടെ പോണ്‍ പ്രചരിപ്പിക്കുന്ന തരത്തിലുള്ള 11.6 ദശലക്ഷം പോസ്റ്റുകളും മാറ്റി.

ഉപയോക്താക്കള്‍ ഒരു മോശം കണ്ടന്റ് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കുന്നതിന് മുന്‍പേ തന്നെ തങ്ങളുടെ സംവിധാനം ഉപയോഗിച്ച് അതിനെതിരെ നടപടി എടുക്കുന്ന രീതി കഴിഞ്ഞ രണ്ട് കൊല്ലമായി നിലവിലുള്ളതായി ഫേസ്ബുക്ക് വൈസ് പ്രസിഡന്റ് ഗൈ റോസണ്‍ പറഞ്ഞു.

2016 അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കപ്പെട്ടതിന്റെ പേരില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനം നേരിട്ട സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം ആണ് ഫേസ്ബുക്ക്. മാര്‍ച്ചുവരെയുള്ള ഈകൊല്ലത്തെ ആദ്യപാദത്തില്‍ ഫേസ്ബുക്ക് 2 ബില്ല്യണ്‍ അക്കൗണ്ടുകളാണ് നീക്കം ചെയ്തത്. അടുത്ത പാദത്തില്‍ ഇത് 1.5 ബില്ല്യണ്‍ ആക്കൗണ്ടുകളായിരുന്നു. മൂന്നാം പാദത്തില്‍ ഇത് 1.7 ബില്ല്യണ്‍ അക്കൗണ്ടുകളായി.

ഇതിനിടെ, 2020 അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വ്യാജവിവരങ്ങളുടെയും വാര്‍ത്തകളുടെയും വലിയ തിരയിളക്കമുണ്ടാകുമെന്ന് സൈബര്‍ സുരക്ഷാ വൃത്തങ്ങള്‍ പറയുന്നു. ഇത് മുന്നില്‍ കണ്ടുകൂടിയാണ് ഫേസ്ബുക്കിന്റെ വലിയ ഫേക്ക് അക്കൗണ്ട് വേട്ട.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News