ഫേസ്ബുക്ക് ഷോപ്പ്‌സ് അവതരിപ്പിച്ചു, ചെറുകിട ബിസിനസുകള്‍ക്ക് അവസരം

Update: 2020-05-20 09:50 GMT

ഇപ്പോഴത്തെ പ്രതിസന്ധിയില്‍ കാലിടറുന്ന ചെറുകിട ബിസിനസുകളെ സഹായിക്കാന്‍ ഫേസ്ബുക്ക്. സ്ഥാപനങ്ങള്‍ക്ക് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ലിസ്റ്റ് ചെയ്യാന്‍ സാധിക്കുന്ന ഫേസ്ബുക്ക് ഷോപ്പ്‌സ് എന്ന സേവനം ഫേസ്ബുക്ക് സിഇഒ മാര്‍ക് സുക്കര്‍ബെര്‍ഗ് അവതരിപ്പിച്ചിരിക്കുകയാണ്.

സൗജന്യമായി ഫേസ്ബുക്ക് ഷോപ്പ്‌സില്‍ ബിസിനസുകള്‍ക്ക് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ അവരുടെ ഫേസ്ബുക്ക് പേജ്, ഇന്‍സ്റ്റാഗ്രാം പ്രൊഫൈല്‍, സ്റ്റോറീസ്, ആഡ് എന്നിവയില്‍ ലിസ്റ്റിംഗ് നടത്താം. സംരംഭകര്‍ക്ക് എളുപ്പത്തില്‍ ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും ഷോപ്പ്‌സ് സ്ഥാപിക്കാനും ഉല്‍പ്പന്നങ്ങളുടെ ഡിസ്‌പ്ലേ തങ്ങള്‍ക്ക് ഇഷ്ടമുള്ള രൂപത്തില്‍ ക്രമീകരിക്കാനും സാധിക്കുമെന്ന് ഫേസ്ബുക്ക് അധികൃതര്‍ പറയുന്നു.

ഭാവിയില്‍ വാട്ട്‌സാപ്പ്, മെസഞ്ചര്‍, ഇന്‍സ്റ്റാഗ്രാം ഡയറക്റ്റ് തുടങ്ങിയവയുടെ ചാറ്റ് സൗകര്യം ഉപയോഗിച്ച് ഉപഭോക്താക്കള്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വില്‍ക്കാന്‍ ഫേസ്ബുക്ക് അനുവദിക്കും. ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രം ലൈവ് സ്ട്രീമുകളില്‍ ഉല്‍പ്പന്നങ്ങള്‍ ടാഗ് ചെയ്യാനും സാധിക്കും. ഉപഭോക്താക്കള്‍ക്ക് ടാഗില്‍ ക്ലിക്ക് ചെയ്ത് ഉല്‍പ്പന്നം ഓര്‍ഡര്‍ ചെയ്യാനുള്ള പേജിലേക്ക് പോകാന്‍ കഴിയും.

''ഇതിന്റെ പ്രാഥമിക ലക്ഷ്യം ചെറുകിട-ഇടത്തരം ബിസിനസുകള്‍ക്ക് ഓണ്‍ലൈന്‍ സാന്നിധ്യമുണ്ടാക്കുകയും അതുവഴി ഇപ്പോഴത്തെ സാഹചര്യത്തെ അതിജീവിക്കുകയുമാണ്.'' ഫേസ്ബുക്കിന്റെ പ്രോഡക്റ്റ് മാനേജ്‌മെന്റ് വിഭാഗം ഡയറക്റ്റര്‍ ജോര്‍ജ് ലീ പറയുന്നു.

പകര്‍ച്ചവ്യാധി റീറ്റെയ്ല്‍ ബിസിനസുകളെ തകര്‍ക്കുകയും സപ്ലെ ചെയ്ന്‍ തകരാറിലാക്കുകയും ചെയ്തു. അമേരിക്കയില്‍ മാത്രം 36 മില്യണ്‍ പേര്‍ തൊഴില്‍രഹിതരായി. ഇന്ത്യയിലെ യഥാര്‍ത്ഥ കണക്കുകള്‍ ഇനിയും പുറത്തുവരുന്നതേയുള്ളു. ഈ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലേക്ക് മാറുകയെന്നതാണ് റീറ്റെയ്ല്‍ ബിസിനസുകള്‍ക്ക് മുന്നിലുള്ള പിടിവള്ളി.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline 

Similar News