ടെക് തലകീഴ്‌മേല്‍ മറിക്കാന്‍ ഫ്‌ളെക്‌സിബിള്‍ സ്‌ക്രീനുകള്‍

Update: 2018-10-07 10:59 GMT

തലകീഴ്‌മേല്‍ മറിക്കുന്ന മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ഗാഡ്ജറ്റ് മേഖലയില്‍ അടുത്ത വിപ്ലവം സൃഷ്ടിക്കാനൊരുങ്ങുന്നത് ഒടിക്കുകയും മടക്കുകയുമൊക്കെ ചെയ്യാവുന്ന ഫെള്കിസിബിള്‍ സ്‌ക്രീനുകളാണ്.

നിരവധി കമ്പനികള്‍ ഫ്‌ളെക്‌സിബിള്‍ സ്‌ക്രീനില്‍ വിവിധ ഗാഡ്ജറ്റുകളെ വിപണിയില്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. ഇപ്പോള്‍ തന്നെ വളഞ്ഞ സ്‌ക്രീനില്‍ വിവിധ കമ്പനികള്‍ ടെലിവിഷനും സ്മാര്‍ട്ട്‌ഫോണും വിപണിയിലിറക്കുന്നുണ്ട്. എന്നാല്‍ ഫ്‌ളെക്‌സിബിള്‍ സ്‌ക്രീനുകളോട് കൂടിയ ഗാഡ്ജറ്റുകള്‍ വരുന്നതോടെ നാം ഗാഡ്ജറ്റുകള്‍ ഉപയോഗിക്കുന്ന രീതി തന്നെ മാറും.

സാംസംഗ് ഫ്‌ളെക്‌സിബിള്‍ സ്‌ക്രീനോട് കൂടിയ ഫോണ്‍ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ്. എല്‍ജി ആകട്ടെ ഒരുപടി കൂടി കടന്ന് റോള്‍ ചെയ്യാവുന്ന ടെലിവിഷന്‍ ആണ് വിപണിയിലിറക്കുന്നത്. നിവര്‍ത്തിയെടുത്ത് ടി.വി കണ്ടു കഴിഞ്ഞ് ചുരുട്ടി മാറ്റിവെക്കാം.

സ്ഥിരം ഉപയോഗിക്കേണ്ടി വരുന്ന ഗാഡ്ജറ്റ് ആയതിനാല്‍ ഫോണിന്റെ വലുപ്പം ഒരുപരിധിയില്‍ കൂടിയാല്‍ ബുദ്ധിമുട്ടുണ്ടാകും. എന്നാല്‍ ഫ്‌ളെക്‌സിബിള്‍ സ്‌ക്രീന്‍ വരുന്നതോടെ ടാബിന്റെ വലുപ്പത്തിലുള്ള സ്‌ക്രീന്‍ സാധാരണ വലുപ്പത്തിലുള്ള ഫോണില്‍ ആസ്വദിക്കാനാകും. ഈ വലിയ സ്‌ക്രീന്‍ ഒന്നായോ അതല്ല മള്‍ട്ടി ടാസ്‌കിംഗിനായി രണ്ട് വ്യത്യസ്ത സ്‌ക്രീനുകളായോ ഉപയോഗിക്കാനാകും. സാംസംഗിന്റെ വ്യത്യസ്തമായ ഈ ഫോണിനായി അധികം കാത്തിരിക്കേണ്ടിവരില്ലെന്നാണ് വിവരം.

ഫ്‌ളെക്‌സിബിള്‍ സ്‌ക്രീനുകളില്‍ ഫെള്കിസിബിള്‍ പ്ലാസ്റ്റിക്കിന്റെ നേര്‍ത്ത പാടയുടെ കവറിംഗ് ഉള്ള ഓര്‍ഗാനിക് ലൈറ്റ്-എമിറ്റിംഗ് ഡയോഡുകളാണ് (ഒഎല്‍ഇഡി) ഉപയോഗിക്കുന്നത്. അതുകൊണ്ട് മടക്കുമ്പോള്‍ ഇവ ഒടിയുന്നില്ല. അനായാസം വളയും. എന്നാല്‍ ഇപ്പോള്‍ നാം ഉപയോഗിക്കുന്ന സ്‌ക്രീനുകളില്‍ കവര്‍ ചെയ്തിരിക്കുന്നത് ഗ്ലാസ് ആണ്. അതുകൊണ്ടാണ് അവ താഴെ വീഴുമ്പോള്‍ പൊട്ടുന്നത്.

Similar News