ഗൂഗിള്‍ ക്ലൗഡ് സി.ഇ.ഒ ആയി മലയാളി

Update: 2018-11-17 10:16 GMT

ഗൂഗിള്‍ ക്ലൗഡിന്റെ തലപ്പത്ത് ഇനി മലയാളിത്തിളക്കം. തോമസ് കുര്യനാണ് ഗൂഗിള്‍ ക്ലൗഡിന്റെ പുതിയ സി.ഇ.ഒ ആയി സ്ഥാനമേറ്റിരിക്കുന്നത്. ഒറാക്കിള്‍ കോര്‍പ്പറേഷന്റെ പ്രോഡക്റ്റ് ഡെവലപ്‌മെന്റ് പ്രസിഡന്റായിരുന്നു ഇദ്ദേഹം.

ഗൂഗിള്‍ ക്ലൗഡിന്റെ സി.ഇ.ഒ ആയിരുന്ന ഡയാന ഗ്രീനിന് പകരമായാണ് തോമസ് കുര്യന്‍ എത്തിയിരിക്കുന്നത്. ഈ മാസം അവസാനത്തോടെ അദ്ദേഹം ഗൂഗിളില്‍ ചേരുമെങ്കിലും 2019 ആദ്യത്തോടെ മാത്രമേ ലീഡര്‍ഷിപ്പ് സ്ഥാനം ഏറ്റെടുക്കൂ. അതുവരെ ഗ്രീന്‍ സി.ഇ.ഒ ആയി തുടരും. ഗൂഗിളിന്റെ ക്ലൗഡ് കംപ്യൂട്ടിംഗ് ബിസിനസ് പടുത്തുയര്‍ത്തുക എന്ന ലക്ഷ്യവുമായി ഗ്രീന്‍ മൂന്ന് വര്‍ഷം മുമ്പാണ് ഈ സ്ഥാനത്തെത്തുന്നത്. എന്നാല്‍ ഗ്രീന്‍ 2012 മുതല്‍ ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റിന്റെ ബോര്‍ഡില്‍ ഡയറക്റ്ററായുണ്ട്.

തോമസ് കുര്യന്‍ 1996ലാണ് ഒറാക്കിളില്‍ ചേരുന്നത്. രണ്ട് ദശാബ്ദത്തെ തന്റെ ഒറാക്കിളിലെ കരിയര്‍ അവസാനിപ്പിക്കാന്‍ അദ്ദേഹം തിരുമാനിച്ചതിന് പിന്നില്‍ ഒറാക്കിള്‍ സാരഥി ലാറി എല്ലിസണുമായുള്ള അഭിപ്രായവ്യത്യാസമാണ് കാരണമെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. ക്ലൗഡ് കംപ്യൂട്ടിംഗ് രംഗത്ത് കൂടുതല്‍ സോഫ്റ്റ് വെയറുകള്‍ നിര്‍മിക്കണമെന്നും അതുവഴി എതിരാളികളെ നേരിടണമെന്നും അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്നുമുള്ള കുര്യന്റെ നിലപാടിനോട് എല്ലിസണ് എതിര്‍പ്പുണ്ടായിരുന്നു.

നീണ്ട അവധിയെടുക്കുകയാണെന്ന് പറഞ്ഞ് അദ്ദേഹം സഹപ്രവര്‍ത്തകര്‍ക്ക് സെപ്റ്റംബറില്‍ മെയ്ല്‍ അയച്ചിരുരുന്നു. അതിനിടയിലാണ് രാജിയും ഗൂഗിളിലേക്കുള്ള മാറ്റവും. ക്ലൗഡ് കംപ്യൂട്ടിംഗ് മേഖലയില്‍ നിര്‍ണ്ണായകമായ സംഭാവനകള്‍ നല്‍കാന്‍ തോമസ് കുര്യന്റെ വൈദഗ്ധ്യവും അനുഭവസമ്പത്തും തുണയാകും.

Similar News