പറക്കും കാര്‍ മുതല്‍ ഡ്രോണ്‍ വരെ എന്തായിരിക്കും ഭാവി?

Update: 2019-07-14 03:30 GMT

സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത സാങ്കേതികവിദ്യകള്‍ യാഥാര്‍ത്ഥ്യത്തിന് അടുത്തെത്തിയിരിക്കുന്നു. ഓണ്‍ലൈന്‍ രംഗത്തെ മുടിചൂടാമന്നരായ ആമസോണും സൊമാറ്റോയും യൂബറുമൊക്കെ ഭാവി കീഴ്‌മേല്‍ മറിക്കുന്ന സാങ്കേതികവിദ്യകളാണ് തിരശീലയ്ക്ക് പിന്നില്‍ ഒരുക്കിക്കൊണ്ടിരിക്കുന്നത്. ഈ കമ്പനികളുടെ പുതിയ പ്രഖ്യാപനങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

യൂബറിന്റെ പറക്കും കാര്‍

മെല്‍ബണില്‍ തങ്ങളുടെ ഫ്‌ളൈയിംഗ് കാറിന്റെ ടെസ്റ്റിംഗ് തുടങ്ങാന്‍ പോകുന്നുവെന്ന പ്രഖ്യാപനം ഈയിടെ യൂബര്‍ നടത്തി. ഇപ്പോഴവര്‍ ഈ പറക്കും വാഹനത്തിന്റെ രൂപകല്‍പ്പനയിലാണ്. കൂടാതെ ഇവയെ നിയന്ത്രിക്കുന്നതിനുള്ള എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സിസ്റ്റം സൃഷ്ടിക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടത്തുന്നു. അടുത്ത വര്‍ഷത്തോടെ ഇവയുടെ ടെസ്റ്റിംഗ് ആരംഭിക്കും.

സാധാരണ കാറില്‍ 25 മിനിറ്റ് എടുക്കുന്ന യാത്ര ഇതില്‍ 10 മിനിറ്റേ എടുക്കൂ. സാധാരണ പോലെ യൂബര്‍ ആപ്പില്‍ നിന്ന് പറക്കും കാറിന്റെ സേവനം ബുക്ക് ചെയ്യാം.

ആമസോണിന്റെ കൊച്ചു റോബോട്ടുകള്‍

സാന്തസ്, പെഗാസസ് എന്നീ കൊച്ചുറോബോട്ടുകള്‍ ആമസോണ്‍ ഈയിടെ അവതരിപ്പിച്ചിരുന്നു. ആമസോണിന്റെ റോബോട്ടിക് കുടുംബത്തിലെ പുതിയ അംഗങ്ങളാണിവര്‍. വെയര്‍ഹൗസില്‍ ഉല്‍പ്പന്നങ്ങള്‍ വിവിധയിടങ്ങളിലേക്ക് മാറ്റുകയാണ് ഇവയുടെ പ്രധാന ജോലി. മുമ്പേ തന്നെ ആമസോണിന്റെ വെയര്‍ഹൗസില്‍ റോബോട്ടുകള്‍ ഇടംപി ടിച്ചിരുന്നു. നിലവിലുള്ളവയുടെ കുറച്ചുകൂടി അപ്‌ഗ്രേഡ് ചെയ്ത വകഭേഗമാണ് സാന്തസ്.

ഇതിനെക്കാള്‍ ചെറിയ റോബോട്ടാണ് പെഗാസസ്. ഏറ്റവും അത്യാധുനിക റോബോട്ടുകളെ അവതരിപ്പിക്കുന്നതില്‍ എക്കാലവും മുന്നിലാണ് ആമസോണ്‍.

സൊമോറ്റയുടെ ഡ്രോണ്‍ ഡെലിവറി

ഈയിടെ സൊമാറ്റോ തങ്ങളുടെ ഫ്‌ളൈയിംഗ് ഡ്രോണിന്റെ ടെസ്റ്റിംഗ് നടത്തിയിരുന്നു. ഫുഡ് ഡെലിവറി വളരെ വിജയകരമയി അത് പൂര്‍ത്തിയാക്കുകയുണ്ടായി. ഈ പദ്ധതി നടപ്പാക്കാന്‍ ഡ്രോണ്‍ മേഖലയില്‍ സജീവമായുള്ള ടെക്ഈഗിള്‍ ഇന്നവേഷന്‍ എന്ന പ്രാദേശിക സ്റ്റാര്‍ട്ടപ്പ് സ്ഥാപനത്തെ ഏറ്റെടുത്തിരിക്കുകയാണിവര്‍.

സാധാരണഗതിയില്‍ നഗരങ്ങളിലെ ട്രാഫിക്കില്‍ തങ്ങളുടെ സമയം ഏറെ നഷ്ടപ്പെടുന്നതാണ് ഈ രീതിയില്‍ ചിന്തിക്കാന്‍ ഗുര്‍ഗോണ്‍ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന ഈ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സ്ഥാപനം തയാറായത്.

സൊമാറ്റോയുടെ പരീക്ഷണ ഓട്ട പ്രകാരം അഞ്ച് കിലോഗ്രാം ഭാരം വരുന്ന ഉല്‍പ്പന്നവുമായുള്ള അഞ്ചു കിലോമീറ്റര്‍ യാത്രയ്ക്ക് 10 മിനിറ്റ് മാത്രമാണ് എടുത്തത്. മണിക്കൂറില്‍ 80 കിലോമീറ്റര്‍ ആയിരുന്നു വേഗത. ഇന്‍ബില്‍റ്റ് ആയ സെന്‍സറുകളോട് കൂടിയ ഇവ വളരെ ഭാരം കുറഞ്ഞ ഡ്രോണ്‍ ആണ്. ഇത് മുഴുവനായി ഓട്ടോമേറ്റഡ് ആണെങ്കിലും സുരക്ഷിതത്വം ഉറപ്പാക്കാന്‍ ടെസ്റ്റിംഗ് നടത്തിയത് പൈലറ്റ് സൂപ്പര്‍വിഷനോടെയായിരുന്നു.

യൂബറും ആമസോണും ഇതേ വഴിയെ

സൊമാറ്റോ മാത്രമല്ല യൂബറും ആമസോണും എയര്‍ ഡ്രോണുകള്‍ ഉപയോഗിച്ച് ഫുഡ് ഡെലിവറിക്ക് ഒരുങ്ങുകയാണ്. ഇത് ഭക്ഷ്യവിതരണ മേഖലയെ മാത്രമല്ല എല്ലാ ഉപഭോക്തൃസേവന മേഖലകളെയും കീഴ്‌മേല്‍മറിക്കുമെന്ന് ഉറപ്പാണ്.

Similar News