'അന്ന് ജിമെയിൽ അവതരിപ്പിച്ചപ്പോൾ ആളുകൾ ഏപ്രിൽ ഫൂളെന്ന് കരുതി'

Update: 2019-04-01 11:41 GMT

കൃത്യം 15 വർഷം മുൻപ് 2004 ഏപ്രിൽ ഒന്നിനാണ് ഗൂഗിൾ തങ്ങളുടെ ഇമെയിൽ സേവനമായ ജിമെയിൽ അവതരിപ്പിച്ചത്. ഇന്നത്തേതിനേക്കാൾ കെട്ടിലും മട്ടിലും വളരെ വ്യത്യസ്തമായിരുന്നു അന്ന് ജിമെയിൽ. എങ്കിലും അക്കാലത്ത് നിലവിലുണ്ടായിരുന്ന മെസ്സേജിങ് സംവിധാനങ്ങളെയെല്ലാം വെല്ലുന്ന ഇന്നവേഷൻ കൊണ്ടുവരാൻ ഗൂഗിളിന് സാധിച്ചു.

മറ്റ് മെയിൽ സേവനങ്ങളെ അപേക്ഷിച്ച് സന്ദേശങ്ങൾ ഗ്രൂപ്പായി തിരിക്കാനും മറുപടി നൽകുന്നത് കൂടുതൽ ലളിതവും എളുപ്പവുമാക്കാനും ജിമെയ്‌ലിന് കഴിഞ്ഞു. 1GB ഡേറ്റ സ്റ്റോർ ചെയ്യാനുള്ള സൗകര്യം സൗജന്യമായി നൽകുമെന്ന് ഗൂഗിൾ പ്രഖ്യാപിച്ചപ്പോൾ അതൊരു 'ഏപ്രിൽ ഫൂൾ' തമാശയെന്നാണ് പലരും കരുതിയത്. കാരണം അന്ന് ലഭ്യമായിരുന്ന സ്റ്റോറേജിനേക്കാളും 1000 മടങ്ങായിരുന്നു ജിമെയ്‌ലിന്റെ ഓഫർ.

ഇൻബോക്സ് നിറയ്ക്കുന്ന സ്പാം സന്ദേശങ്ങളും സ്റ്റോറേജ് ലിമിറ്റ് കടക്കാതിരിക്കാൻ മെസ്സേജുകൾ ഡിലീറ്റ് ചെയ്യേണ്ട അവസ്ഥയുമായിരുന്നു അക്കാലത്ത് ഗൂഗിൾ നേരിട്ടിരുന്ന പ്രധാന വെല്ലുവിളികൾ. ഇൻബോക്സിൽ എത്തുന്നതിനു മുൻപേ സ്പാം ഡിലീറ്റ് ചെയ്യാനുള്ള തന്ത്രം കണ്ടുപിടിച്ചാണ് ഗൂഗിൾ ഈ പ്രശ്‌നം പരിഹരിച്ചത്. ഇപ്പോൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് 10 ദശലക്ഷം ഇമെയിലുകളാണ് ഓരോ മിനിറ്റിലും ഗൂഗിൾ തടയുന്നത്.

ഇൻബോക്സ് സെർച്ച് ചെയ്യാനും സന്ദേശങ്ങൾ ഡ്രാഫ്റ്റ് ആക്കാനുമുള്ള സൗകര്യവും അന്നുണ്ടായില്ല. ഈ പ്രശ്നങ്ങളെയെല്ലാം മറികടന്നാണ് 1.5 ബില്യൺ ജനങ്ങൾ ഉപയോഗിയ്ക്കുന്ന ഒരു ഉൽപന്നമാക്കി അവർ ജിമെയ്‌ലിനെ വളർത്തിയെടുത്തത്.

Similar News