മനുഷ്യനെ വെല്ലുവിളിക്കുന്ന ഗൂഗിള്‍ അസിസ്റ്റന്റ്

Update: 2018-05-18 05:26 GMT

ഗൂഗിള്‍ അസിസ്റ്റന്റ് എന്ന ഗൂഗിളിന്റെ പെഴ്‌സണല്‍ അസിസ്റ്റന്റിന് കൂടുതല്‍ മനുഷ്യഭാവം കൈവരുന്നു. എതിരാളികളായ ആമസോണ്‍ അലക്‌സ, ആപ്പിളിന്റെ സിരി എന്നിവയ്ക്ക് കടുത്ത മല്‍സരം സൃഷ്ടിച്ചുകൊണ്ടാണ് അസിസ്റ്റന്റില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് ഗൂഗിള്‍ തുടക്കം കുറിച്ചിരിക്കുന്നത്.

കൂടുതല്‍ പുതിയ വോയ്‌സുകള്‍, കുട്ടികളെ ആചാരമര്യാദകള്‍ ശീലിപ്പിക്കുന്ന രീതി, മനുഷ്യരെപ്പോലെ സംസാരം തുടര്‍ന്ന് മുന്നോട്ടുകൊണ്ടുപോകാനുള്ള കഴിവ്, ഉപയോക്താവിന് വേണ്ടി ഫോണ്‍ കോളുകള്‍ വരെ നടത്താനുള്ള സൗകര്യം.... തുടങ്ങിയ പുതിയ ഫീച്ചറുകളിലൂടെ മനുഷ്യരായ പെഴ്‌സണല്‍ അസിസ്റ്റന്റുമാര്‍ക്കുപോലും വെല്ലുവിളി ഉയര്‍ത്തിയിരിക്കുകയാണ് ഈ സംവിധാനം.

ഗൂഗിള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചെയുടെ ലക്ഷ്യം വളരെ സ്വാഭാവികമായും സുഗമമായും സംസാരിക്കാനാകുന്ന പെഴ്‌സണല്‍ അസിസ്റ്റന്റാണ്. പുതിയ മാറ്റങ്ങളിലൂടെ അത്തരത്തിലൊരു ലക്ഷ്യത്തിലേക്ക് എത്തിയിരിക്കുകയാണ് ഗൂഗിള്‍ അസിസ്റ്റന്റ്. ഉദാഹരണത്തിന് ഇതുവരെ ഇതുമായി സംസാരം തുടരാന്‍ ഇടയ്ക്കിടക്ക് ഗൂഗിള്‍ എന്ന അഭിസംബോധന വേണ്ടി വരുമായിരുന്നു. ഇനി ഓരോ ചോദ്യത്തിനും അത്തരം സംബോധനകള്‍ ആവര്‍ത്തിക്കേണ്ടതില്ല, സ്വാഭാവികമായി ചോദിച്ചുകൊണ്ടിരിക്കാം.

ആറു ശബ്ദങ്ങള്‍

സ്ത്രീ പുരുഷ ശബ്ദങ്ങളുള്‍പ്പടെ ആറ് ശബ്ദങ്ങളാണ് ഗൂഗിള്‍ അസിസ്റ്റന്റില്‍ പുതുതായി വരുന്നത്. ഇതിലെ മള്‍ട്ടിപ്പിള്‍ ആക്ഷന്‍ ഫീച്ചറിലൂടെ വ്യത്യസ്തമായ കാര്യങ്ങള്‍ ഒരേ സമയം ചോദിക്കാം. ''പ്ലീസ്'', ''താങ്ക്യൂ'' തുടങ്ങിയ വാക്കുകള്‍ ഉപയോഗിക്കാന്‍ കുട്ടികള്‍ക്ക് പ്രോല്‍സാഹനം കൊടുക്കുന്നു.

വളരെ സ്വാഭാവികമായ ശബ്ദമാണ് ഇപ്പോള്‍ ഇതിന് ലഭിച്ചിരിക്കുന്നത്.

സിനിമാടിക്കറ്റ് എടുക്കാനോ ഡോക്ടറുടെ അടുത്തോ ബ്യൂട്ടിപാര്‍ലറിലോ അപ്പോയ്‌മെന്റ് എടുക്കാനോ ആവശ്യപ്പെട്ടാല്‍ അതും ഗൂഗിള്‍ അസിസ്റ്റന്റ് ഭംഗിയായി ചെയ്തുകൊള്ളും.

വെറുതെ അപ്പോയ്‌മെന്റ് എടുക്കുകയല്ല ചെയ്യുന്നത്, അവിടുത്തെ സമയവുമായി ഉപയോക്താവിന്റെ ഗൂഗിള്‍ കലണ്ടര്‍ താരതമ്യം ചെയ്ത് ഉപയോക്താവിന് വളരെ സൗകര്യപ്രദമായ സമയം കണ്ടെത്തും.

അലകസയെ മറികടന്നു5000ത്തോളം ഡിവൈസുകള്‍ ഇത് സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എയര്‍ കണ്ടീഷനിംഗ്, എയര്‍ പ്യൂരിഫയര്‍, കോഫി മേക്കര്‍, ഫാന്‍, കെറ്റില്‍, ഓവന്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന ഉപകരണങ്ങള്‍ ഗൂഗിള്‍ അസിസ്റ്റന്റ് വഴി നിയന്ത്രിക്കാനാകും. ആമസോണിന്റെ അലക്‌സയായിരുന്നു പെഴ്‌സണല്‍ അസിസ്റ്റന്റ് രംഗത്തെ താരം. പുതിയ മാറ്റങ്ങളോടെ അലക്‌സയെയും മറികടക്കുന്ന പ്രത്യേകതകള്‍ ഗൂഗിള്‍ അസിസ്റ്റന്റിന് സ്വന്തമായി.

Similar News