'ചാരന്മാരെ' പുറത്തു നിര്‍ത്താന്‍ ഗൂഗ്ള്‍

Update: 2020-07-13 14:03 GMT

ഡാറ്റ സംരക്ഷണവും ഉപയോക്താവിന്റെ സ്വകാര്യതയും വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഗൂഗ്ള്‍ തങ്ങളുടെ പരസ്യ നയത്തില്‍ അഴിച്ചുപണി നടത്തുന്നു. മറ്റൊരാളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്താനുള്ള സര്‍വേലന്‍സ് ടെക്‌നോളജിയുമായി ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങളുടെ പരസ്യം തങ്ങളുടെ എല്ലാ പ്ലാറ്റ്‌ഫോമുകളിലും നിരോധിച്ചിരിക്കുകയാണ് ഗൂഗ്ള്‍. ഓഗസ്റ്റ് 11 മുതല്‍ മാറ്റം നിലവില്‍ വരുമെന്ന് ഗൂഗ്ള്‍ അറിയിച്ചു.

അനുമതിയില്ലാതെ മറ്റൊരാളുടെ ആക്ടിവിറ്റികളും മറ്റും ട്രാക്ക് ചെയ്യുന്നതിനുള്ള ഉല്‍പ്പന്നങ്ങളും സേവനങ്ങളും സംബന്ധിച്ച പരസ്യങ്ങളാകും ഒഴിവാക്കുക.
ഉപയോക്താവിന്റെ മെസേജുകള്‍, ഫോണ്‍ കോളുകള്‍, ബ്രൗസിംഗ് ഹിസ്റ്ററി എന്നിവ കണ്ടെത്തി സുക്ഷിക്കുന്നതിനുള്ള സ്‌പൈവെയര്‍/മാല്‍വെയര്‍ പ്രോഡക്റ്റുകള്‍, ഒരാളുടെ ലൊക്കേഷന്‍ കണ്ടെത്തുന്നതിനുള്ള ജിപിഎസ് ട്രാക്കേഴ്‌സ് തുടങ്ങിയ ഉല്‍പ്പന്നങ്ങളുടെ പരസ്യങ്ങളാകും പ്രധാനമായും ഒഴിവാക്കുക.

കൂടാതെ ഇത്തരത്തിലുള്ള നിരീക്ഷണം ലക്ഷ്യമിട്ടുള്ള ക്യാമറ, ഓഡിയോ റെക്കോര്‍ഡേഴ്‌സ്, ഡാഷ് ക്യാമുകള്‍ തുടങ്ങിയവയുടെ പരസ്യങ്ങളും ഓഗസ്റ്റ് 11 ന് ശേഷം ഗൂഗള്‍ പ്ലാറ്റ്‌ഫോമുകളില്‍ പ്രദര്‍ശിപ്പിക്കില്ല.

അതേസമയം രക്ഷിതാക്കള്‍ക്ക്, പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ ട്രാക്ക് ചെയ്യുന്നതിനും മോണിറ്റര്‍ ചെയ്യുന്നതിനുമുള്ള ഉല്‍പ്പന്നങ്ങളുടെ പരസ്യങ്ങള്‍ക്ക് നിയന്ത്രണമുണ്ടാവില്ല. പരസ്യനയങ്ങള്‍ തെറ്റിക്കുന്നവര്‍ക്ക് ഗൂഗ്‌ളിന്റെ റെഗുലേഷന്‍ ടീം ഏഴു ദിവസം മുമ്പ് മുന്നറിയിപ്പ് നല്‍കുകയും തുടര്‍ന്ന് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്യുകയുമാണ് ചെയ്യുക.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News