ക്വാണ്ടം കംപ്യൂട്ടിങില്‍ ആധിപത്യമുറപ്പിക്കുന്ന നേട്ടവുമായി ഗൂഗിള്‍

Update: 2019-10-24 06:53 GMT

സൂപ്പര്‍ കംപ്യൂട്ടറിന് 10000 വര്‍ഷം വേണ്ടിവരുന്ന ഗണിതപ്രശ്‌നം പുതിയ ക്വാണ്ടം പ്രോസസര്‍ ചെയ്തത് 200 സെക്കന്റിലെന്ന് അവകാശ വാദം; പ്രതിരോധ പരാമര്‍ശങ്ങളുമായി ഐബിഎം

പതിനായിരം വര്‍ഷമെടുത്ത് മാത്രം സൂപ്പര്‍ കംപ്യൂട്ടറിനു നിര്‍ദ്ധാരണം ചെയ്യാന്‍ സാധിക്കുന്ന ഗണിത പ്രശ്നം ഗൂഗിളിന്റെ പരീക്ഷണ ഘട്ടത്തിലിരിക്കുന്ന ക്വാണ്ടം പ്രോസസര്‍ 200 സെക്കന്റില്‍ പൂര്‍ത്തിയാക്കിയതായി അവകാശ വാദം. ക്വാണ്ടം കംപ്യൂട്ടിങ്ങില്‍ വഴിത്തിരിവാകുന്ന നേട്ടമാണിതെന്ന് ഗൂഗിള്‍ മേധാവി സുന്ദര്‍ പിച്ചൈ അഭിപ്രായപ്പെട്ടു.

ഇതോടെ ക്വാണ്ടം കംപ്യൂട്ടറുകളുടെ രംഗത്തു ഗൂഗിള്‍ ആധിപത്യം സ്ഥാപിച്ചതായി വിദഗ്ധര്‍ പറയുന്നു. സഹസ്രകോടി ഡോളറിന്റെ ബിസിനസ് മേഖലയാണിതിലൂടെ വികസിതമാകാനിരിക്കുന്നതെന്ന് അവര്‍ പ്രവചിക്കുന്നു.നേച്ചര്‍ മാസിക ഈ ആവിഷ്‌കാരത്തിന്റെ വിശദ റിപ്പോര്‍ട്ടും പഠനവും പ്രസിദ്ധീകരിച്ചു. എന്നാല്‍ ഈ അവകാശ വാദത്തിനെതിരെ വിമര്‍ശനവും ഉയരുന്നുണ്ട്. മൈക്രോസോഫ്റ്റ്, ഐബിഎം, ഇന്റല്‍ പോലുള്ള കമ്പനികള്‍ ഈ സാങ്കേതിക വിദ്യക്കായുള്ള ശ്രമങ്ങളിലേര്‍പ്പട്ടിരിക്കവേയാണ് ഗൂഗിള്‍ മുന്നേറിയതായുള്ള വിവരം പുറത്തുവന്നിരിക്കുന്നത്.

അമ്പരിപ്പിക്കും വിധം വേഗത്തില്‍ വിവരങ്ങള്‍ കൈകാര്യം ചെയ്യാനാവുന്ന കംപ്യൂട്ടര്‍ സാങ്കേതിക വിദ്യയാണ് ക്വാണ്ടം കംപ്യൂട്ടിങ്. നിലവിലുള്ള കംപ്യൂട്ടറുകള്‍ ഇടം പിടിച്ചിരിക്കുന്ന മേഖലകളിലെല്ലാം ക്വാണ്ടം കംപ്യൂട്ടറുകള്‍ക്ക് ഒരു കാലത്ത് വിപ്ലവം സൃഷ്ടിക്കാന്‍ സാധിക്കുമെന്നാണ് സാങ്കേതിക ലോകം കണക്കാക്കുന്നത്.

ഇതിനിടെ, ക്വാണ്ടം കംപ്യൂട്ടര്‍ നിമിഷങ്ങള്‍ക്കുള്ളില്‍ കണക്കാക്കിയെന്ന് ഗൂഗിള്‍ അവകാശപ്പെടുന്ന ഗണിത പ്രശ്നം സൂപ്പര്‍ കംപ്യൂട്ടറുകള്‍ക്ക് രണ്ടര ദിവസം കൊണ്ട് ചെയ്യാനാവുമെന്ന് ഐബിഎം പുറത്തു വിട്ട വാദത്തോട് ഗൂഗിള്‍ പ്രതികരിച്ചിട്ടില്ല. സൂപ്പര്‍ കംപ്യൂട്ടറുകളുടെ ശേഷിയെ ഗൂഗിള്‍ തരം താഴ്ത്തുകയാണ് എന്ന് ഐബിഎം പറഞ്ഞു.

അതിവേഗമുള്ള ഡേറ്റാ പ്രൊസസിങ് ആണ് ക്വാണ്ടം കംപ്യൂട്ടിങ് ഉറപ്പുനല്‍കുക. ഇന്നുള്ള കംപ്യൂട്ടറുകള്‍ക്ക് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ അവയേക്കാള്‍ ആയിരക്കണക്കിനു മടങ്ങ് വേഗത്തില്‍ ചെയ്യാന്‍ ക്വാണ്ടം കംപ്യൂട്ടറുകള്‍ക്കാവും. പുതിയ മരുന്നുകള്‍ കണ്ടുപിടിക്കാനും കൂടുതല്‍ മിടുക്കുള്ള നിര്‍മിതബുദ്ധി സംവിധാനങ്ങള്‍ വികസിപ്പിക്കാനും ലോകത്തിലെ ഏറ്റവും സൂക്ഷ്മമായി സൂക്ഷിച്ചിരിക്കുന്ന ചില രഹസ്യങ്ങളെ സംരക്ഷിക്കുന്ന എന്‍ക്രിപ്ഷനെ തകര്‍ക്കാനും മറ്റും വഴി തെളിക്കുന്ന ഉപകരണങ്ങള്‍ സൃഷ്ടിക്കാന്‍ ഉപകരിക്കും ക്വാണ്ടം കംപ്യൂട്ടിങ്. 1980 ല്‍ പോള്‍ ബെനിയോഫ്, യൂറി മാനിന്‍ എന്നിവരും 1982 ല്‍ റിച്ചാര്‍ഡ് ഫെയ്ന്‍മാനും, 1985 ല്‍ ഡേവിഡ് ഡോയ്ഷും ചെയ്ത ഗവേഷണങ്ങളാണ് ക്വാണ്ടം കമ്പ്യൂട്ടിങിന് അടിത്തറയിട്ടത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News