കുക്കീസിന് കടിഞ്ഞാണിടാന്‍ ഗൂഗിള്‍ ക്രോം

പരസ്യവരുമാനത്തില്‍ ഇനി ഗൂഗിളിന്റെ കുത്തക

Update: 2021-03-05 12:27 GMT

ഗൂഗിള്‍ ക്രോം ഉപയോക്താക്കളെ ഏറ്റവുമധികം ആശങ്കപ്പെടുത്തുന്നത് സ്വകാര്യത സംരക്ഷിക്കുന്ന കാര്യത്തില്‍ ഗൂഗിള്‍ എടുത്തുവന്ന അയഞ്ഞ നിലപാടാണ്. ഗൂഗിള്‍ ക്രോം സെര്‍ച്ച് എഞ്ചിനിലൂടെ ആര്‍ക്കും നുഴഞ്ഞു കയറി തേര്‍ഡ് പാര്‍ട്ടി കുക്കീസ് ഉപയോഗിച്ച് യൂസര്‍മാരുടെ സെര്‍ച്ചിംഗ് ഡാറ്റ അടക്കമുള്ള വിവരങ്ങള്‍ കമ്പ്യൂട്ടറില്‍ നിന്ന് അനായാസം ചോര്‍ത്തിയെടുക്കാം. ഫലമോ ക്രോമില്‍ ഒരു പേജ് തുറന്നാല്‍ എവിടെ നിന്നൊക്കെയോ വന്നു നിറയുന്ന പരസ്യങ്ങള്‍. ക്രോമില്‍ നിങ്ങള്‍ എപ്പോഴെങ്കിലും രഹസ്യമായി പോണ്‍ കണ്ടിട്ടുണ്ടെങ്കില്‍ പിന്നീട് കുടുംബാംഗങ്ങള്‍ക്ക് മുന്നില്‍ വെച്ച് ക്രോം ഓപ്പണ്‍ ചെയ്താല്‍ സെമി പോണ്‍ പരസ്യങ്ങള്‍ കൂടെ ഓപ്പണായി വന്നേക്കും. കുട്ടികള്‍ക്ക് പോലും കാര്യം പിടികിട്ടും.

ഉപയാക്താക്കളുടെ രഹസ്യങ്ങളും താല്‍പര്യങ്ങളും പരസ്യക്കാര്‍ക്കായി ചോര്‍ത്തിയെടുക്കുന്ന തേര്‍ഡ് പാര്‍ടി കുക്കീസിനായി ഗൂഗിള്‍ ക്രോമിന്റെ വാതായനങ്ങള്‍ ഇതുവരെ തുറന്നു വെച്ചിരിക്കുകയായിരുന്നു. വന്‍തോതിലുള്ള പരസ്യവരുമാനമാണ് തേര്‍ഡ് പാര്‍ട്ടി കുക്കീസിന്റെ പ്രലോഭനത്തില്‍ നിന്ന് മാറി സഞ്ചരിക്കുന്നനതില്‍ നിന്ന് ഗൂഗിളിനെ തടഞ്ഞത്. എന്നാല്‍ ഇതോടൊപ്പം തേര്‍ഡ് പാര്‍ടി കുക്കീസിന് പിന്നിലുള്ളവര്‍ വന്‍തോതില്‍ വരുമാനം ചോര്‍ത്തിക്കൊണ്ടു പോകുന്നത് അവരെ അലോസരപ്പെടുത്തുകയും ചെയ്തിരുന്നു.

ഫയര്‍ഫോക്‌സ്, സഫാരി സര്‍ച്ച് എഞ്ചിനുകളില്‍ തേഡ് പാര്‍ട്ടി കുക്കീസിന് ഡിഫോള്‍ട്ടായി തന്നെ വിലക്കുണ്ട്. സുരക്ഷക്ക് പ്രാധാന്യം നല്‍കുന്ന ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്കിടയില്‍ ഫയര്‍ഫോക്‌സ്, സഫാരി എഞ്ചിനുകള്‍ക്ക് പ്രിയമേറുന്നത് ഇന്റര്‍നെറ്റ് ലോകത്തെ അടക്കിഭരിക്കുന്ന ഗൂഗിളിന് പുതിയ വഴി തേടാന്‍ പ്രേരണയായി. ഇതിനിടെ ചില രാജ്യങ്ങള്‍ ഗൂഗിള്‍ ക്രോമിന്റെ സുരക്ഷാ വെല്ലുവിളി ഉയര്‍ത്തിക്കാണിക്കുകയും ചെയ്തു. ഇതോടെ കളം മാറ്റിക്കളിക്കാന്‍ ഗൂഗിള്‍ നിര്‍ബന്ധിതമാകുകയും ചെയ്തു. 2022 ഓടെ തേര്‍ഡ് പാര്‍ട്ടി കുക്കീസിന് ക്രോമില്‍ സ്ഥാനമുണ്ടാകില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഗൂഗിള്‍.

തേര്‍ഡ് പാര്‍ട്ടി കുക്കീസിന് വിലക്ക് കല്‍പിക്കുമ്പോള്‍ സ്വാഭാവികമായും പരസ്യവരുമാനത്തില്‍ ഇടിവുണ്ടാകേണ്ടതാണ്. എന്നാല്‍ ഇതൊരു അവസരമായെടുത്ത് ഗൂഗിള്‍ ക്രോമില്‍ നിന്നുള്ള പരസ്യവരുമാനം കുത്തകവല്‍ക്കരിക്കാനാണ് ഗൂഗിള്‍ തന്ത്രം മെനഞ്ഞിരിക്കുന്നത്. ഉപയോക്താക്കളുടെ ബ്രൗസിംഗ് ഹിസ്റ്ററി ലഭ്യമാക്കുന്നതിന് ബ്രൗസിംഗ് ബേസ്ഡ് മെഷീന്‍ ലേണിംഗ് സംവിധാനം കൊണ്ടുവരികയാണ് ഗൂഗിള്‍ ചെയ്യുന്നത്. ഇതിനായി ഗൂഗിള്‍ ക്രോം ഉപയോക്താക്കളെ അവരുടെ ബ്രൗസിംഗ് ഹിസ്റ്ററിയില്‍ നിന്ന് മനസ്സിലാക്കുന്ന അഭിരുചിയുടെ അടിസ്ഥാനത്തില്‍ തരംതിരിക്കും. പരസ്യദാതാക്കള്‍ക്ക് ഇത് പണം നല്‍കി ഉപയോഗിക്കാം. പരസ്യദാതാക്കള്‍ക്ക് വേണ്ടി തേര്‍ഡ് പാര്‍ട്ടി കൂക്കീസ് ഡെവലപ് ചെയ്ത് ക്രോമിലൂടെ കടത്തി വിട്ട് പണം സമ്പാദിക്കുന്ന ടെക് സംരംഭകരുടെ വയറ്റത്തടിക്കുന്ന ഈ തീരുമാനത്തോടെ ഈയിനത്തിലുള്ള വരുമാനവും ഗൂഗിളിന്റെ കുത്തകയാകും.

ഉപയോക്താക്കളെ തരംതിരിക്കുന്ന പ്രക്രിയക്ക് പരീക്ഷണാടിസ്ഥാനത്തില്‍ അടുത്ത മാസം തന്നെ തുടക്കം കുറിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗൂഗിള്‍ പറയുന്നത് വിശ്വസിക്കാമെങ്കില്‍ 2022 ഓടെ ഗൂഗിള്‍ ക്രോമില്‍ നിന്ന് തേര്‍ഡ് പാര്‍ട്ടി കുക്കീസ് ശല്യം ഒഴിവായിക്കിട്ടും.

Tags:    

Similar News