ഗൂഗ്ള്‍ പിക്‌സല്‍ സ്മാര്‍ട്ട്ഫോണ്‍ ഉത്പാദനം ഇന്ത്യയിലേക്ക്; ചര്‍ച്ചകള്‍ സജീവം
പല കമ്പനികളും കഴിഞ്ഞ കുറച്ചു കാലങ്ങളായി ചൈനയ്ക്ക് ബദലായി ഇന്ത്യയെയാണ് കാണുന്നത്
ആല്‍ഫബെറ്റ് കമ്പനി ഗൂഗ്ള്‍ പിക്‌സല്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉത്പാദനത്തിന്റെ ഒരു ഭാഗം ഇന്ത്യയിലേക്ക് മാറ്റുന്നതിനുള്ള ശ്രമങ്ങള്‍ തുടങ്ങിയതായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി ഇന്ത്യയിലെ വിതരണക്കാരുമായി കമ്പനി ചര്‍ച്ചകള്‍ നടത്തിവരികയാണ്. ഇന്ത്യയുടെ വര്‍ധിച്ചുവരുന്ന സാധ്യതകള്‍ പ്രയോജനപ്പെടുത്താനാണ് ഗൂഗ്ള്‍ ശ്രമിക്കുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു.
ചര്‍ച്ചകളില്‍ ഏര്‍പ്പെട്ട് ഗൂഗ്ള്‍
പിക്സല്‍ സ്മാര്‍ട്ട്ഫോണുകള്‍ക്കായുള്ള ഉത്പാദനത്തിനായി ഗൂഗ്ള്‍ നിലവില്‍ പ്രമുഖ ഇന്ത്യന്‍ വിതരണക്കാരായ ലാവ ഇന്റര്‍നാഷണല്‍ ലിമിറ്റഡ്, ഡിക്സണ്‍ ടെക്നോളജീസ് ഇന്ത്യ, ഫോക്സ്‌കോണ്‍ ടെക്നോളജി ഗ്രൂപ്പിന്റെ ഇന്ത്യന്‍ യൂണിറ്റായ ഭാരത് എഫ്.ഐ.എച്ച് എന്നിവരുമായി ചര്‍ച്ചകള്‍ നടത്തിവരികയാണ്.
ഇന്ത്യയിലേക്കുള്ള പിക്സല്‍ സ്മാര്‍ട്ട്ഫോണ്‍ ഉത്പാദനം മാറുന്നത് ഗൂഗിളിന് നിരവധി നേട്ടങ്ങളുണ്ടാക്കും. ഇത് പ്രാദേശിക വിതരണ ശൃംഖല സ്ഥാപിക്കുന്നതിനും ബാഹ്യ വിതരണക്കാരെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും ഉത്പാദനച്ചെലവ് കുറയ്ക്കുന്നതിനും കമ്പനിയെ സഹായിക്കും. കൂടാതെ അതിവേഗം വളരുന്ന ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ ഗൂഗിളിന് മെച്ചപ്പെട്ട വളര്‍ച്ച കൈവരിക്കാനാകും.
ചൈനയ്ക്ക് ബദല്‍
കോവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളുടെ ആഘാതവും മറ്റ് ആഗോള രാഷ്ട്രീയ പ്രശ്‌നങ്ങളും മൂലം പല കമ്പനികളും കഴിഞ്ഞ കുറച്ചു കാലങ്ങളായി ചൈനയ്ക്ക് ബദല്‍ മാര്‍ഗങ്ങള്‍ തേടുന്ന സാഹചര്യത്തിലാണ് ഈ നീക്കം. ഇന്ത്യയില്‍ ഐഫോണുകള്‍ നിര്‍മ്മിക്കുന്നതിന് ആപ്പിള്‍ ഇതിനകം തന്നെ ഫോക്സ്‌കോണുമായി സഹകരിച്ചു പോരുന്നുണ്ട്.
ആപ്പിള്‍ മാത്രമല്ല ഇന്ന് വിവിധ കമ്പനികള്‍ ചൈനയിൽ നിന്നും മറ്റു രാജ്യങ്ങളിലേക്ക് ഉത്പാദനം മാറ്റുന്നതിന് ഒരു ബദലായി ഇന്ത്യയെ കണക്കാക്കുന്നുണ്ട്. പ്രാദേശിക ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ 'മെയ്ക്ക് ഇന്‍ ഇന്ത്യ' കാമ്പെയ്ന്‍ പോലുള്ള നിരവധി സംരംഭങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ട്. ഇത് വിദേശ, ആഭ്യന്തര കമ്പനികളെ അവരുടെ ഉല്‍പ്പന്നങ്ങള്‍ രാജ്യത്തിനുള്ളില്‍ നിര്‍മ്മിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നു.