വോഡഫോണ്‍ ഐഡിയയില്‍ നിക്ഷേപം നടത്താനൊരുങ്ങി ഗൂഗ്ള്‍

Update: 2020-05-29 05:20 GMT

റിലയന്‍സ് ജിയോയില്‍ ഫെയ്‌സ്ബുക്ക് നടത്തിയ നിക്ഷേപത്തിനു ശേഷം രാജ്യത്തെ ടെലികോം സേവന രംഗത്ത് അടുത്ത വമ്പന്‍ നിക്ഷേപം ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ട്. മുന്‍നിര ടെലികോം സേവനദാതാക്കളായ വോഡഫോണ്‍ ഐഡിയയില്‍ അമേരിക്കന്‍ സാങ്കേതിക വ്യവസായ സ്ഥാപനമായ ഗൂഗ്‌ളിന്റെ ആല്‍ഫെറ്റ് ഐഎന്‍സി നിക്ഷേപം നടത്താന്‍ സാധ്യതയുണ്ടെന്ന് വ്യാഴാഴ്ച ഫിനാന്‍ഷ്യല്‍ ടൈംസ് വാര്‍ത്ത പുറത്തുവിട്ടു. രാജ്യത്ത് വലിയ സാമ്പത്തിക വെല്ലുവിളി നേരിടുന്ന സാഹചര്യത്തില്‍ ഗൂഗ്‌ളില്‍ നിന്നുള്ള നിക്ഷേപം വോഡഫോണ്‍ ഐഡിയയെ സംബന്ധിച്ച് വലിയ ആശ്വാസമായേക്കും.

ഗൂഗ്‌ളിനെ സംബന്ധിച്ച് അന്താരാഷ്ട്ര തലത്തില്‍ മുഖ്യ എതിരാളികളിലൊന്നായ ഫെയ്സ്ബുക്കിനോട് മത്സരിക്കാനുള്ള അവസരവും ഇതുവഴി ലഭിക്കുമെന്നാണ് വിലയിരുത്തല്‍. ഒപ്പം റിലയന്‍സ് ജിയോ എന്ന മുഖ്യ എതിരാളികളോടുള്ള വോഡഫോണ്‍ ഐഡിയയുടെ മത്സരത്തിനു കൂടെ ഇത് ശക്തിപകരും.

ലോക്ഡൗണ്‍ വന്നതോടെ മൊബൈല്‍ സേവനങ്ങള്‍ക്ക് രാജ്യത്ത് വലിയ പ്രാധാന്യം ലഭിക്കുന്ന സാഹചര്യമാണുള്ളത്. മൊബൈല്‍ ഡാറ്റയ്ക്ക് വേണ്ടി ആളുകള്‍ കൂടുതല്‍ ചിലവാക്കുന്നുണ്ട്. വര്‍ക്ക് ഫ്രം ഹോം കൂടിയതും ഡിജിറ്റല്‍ പേമന്റുകള്‍, ഓണ്‍ലൈന്‍ പണമിടപാടുകള്‍ എന്നിവയിലേക്ക് പുതിയ ഉപയോക്താക്കള്‍ എത്തുകയും ചെയ്തിട്ടുണ്ട്. ഗൂഗ്ള്‍ പേ ഉപയോക്താക്കളും ഏറ്റവുമധികം ഉണ്ടായിരിക്കുന്നത് ഈ കാലഘട്ടത്തിലാണ്. ഈ സാഹചര്യത്തെ ടെലികോം കമ്പനികളുമായുള്ള സഹകരണത്തോടെ മികച്ച രീതിയില്‍ വിനിയോഗിക്കാനും ഗൂഗ്ള്‍ പദ്ധതി ഇടുകയാണെന്നാണ് കരുതുന്നത്.

രാജ്യാന്തര തലത്തില്‍ വോഡഫോണ്‍ ഐഡിയയുടെ വിപണി മൂല്യവും ഉയരാനുള്ള വഴിയായാണ് വിദഗ്ധര്‍ പുതിയ ഇടപാടിനെ നോക്കിക്കാണുന്നത്. ഔദ്യോഗികമായ അറിയിപ്പ് ഗൂഗ്‌ളിന്റെ ഭാഗത്തു നിന്നോ വോഡഫോണ്‍ ഐഡിയയുടെ ഭാഗത്തു നിന്നോ പുറത്തുവരേണ്ടിയിരിക്കുന്നു. വലിയ സാമ്പത്തിക നഷ്ടം നേരിട്ട സാഹചര്യത്തില്‍ ബ്രിട്ടീഷ് കമ്പനിയായ വോഡഫോണും ഇന്ത്യന്‍ കമ്പനിയായ ആദിത്യ ബിര്‍ല ഗ്രൂപ്പിന്റെ ഐഡിയയും തമ്മില്‍ 2018 ലാണ് ലയിച്ചത്.

Post Update : 30th May

ഗൂഗിളില്‍ നിന്ന് ഇതുവരെ നിക്ഷേപ വാഗ്ദാനമില്ല; വൊഡാഫോണ്‍

ഗൂഗിളില്‍ നിന്ന് ഇതുവരെ നിക്ഷേപ വാഗ്ദാനമൊന്നും കമ്പനി ഡയറക്ടര്‍ ബോര്‍ഡിനു മുമ്പാകെ ലഭിച്ചിട്ടില്ലെന്ന് വൊഡാഫോണ്‍-ഐഡിയ അറിയിച്ചു. അഞ്ചു ശതമാനം ഓഹരികള്‍ ഗൂഗിള്‍ വാങ്ങിയേക്കുമെന്ന വാര്‍ത്തകളെ തുടര്‍ന്നാണ് ഈ അറിയിപ്പുണ്ടായത്.

വൊഡാഫോണ്‍-ഐഡിയ ഓഹരികള്‍ ഇന്നലെ 35 ശതമാനമാണ് കുതിച്ചത്. ഓഹരിവില 7.85 ശതമാനം വരെ ഉയര്‍ന്നു. വൊഡാഫോണ്‍-ഐഡിയയുടെ അഞ്ചു ശതമാനം ഓഹരികള്‍ വാങ്ങാന്‍ ഗൂഗിള്‍ തീരുമാനിച്ചാല്‍, നിലവിലെ വിപണി മൂല്യപ്രകാരം ചെലവാക്കേണ്ടി വരുക 11 കോടി ഡോളറായിരിക്കും (ഏകദേശം 830 കോടി രൂപ).

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News