ആഴ്ചയില്‍ മൂന്നു ദിവസം അവധി ; വര്‍ക് ഫ്രം ഹോം സമ്മര്‍ദ്ദമകറ്റാനുള്ള ഗൂഗ്‌ളിന്റെ പുതിയ രീതി സൂപ്പര്‍ഹിറ്റ്

Update: 2020-09-08 16:20 GMT

ജീവനക്കാര്‍ക്കൊപ്പം എന്നും നില്‍ക്കുന്നതില്‍ ഗൂഗ്ള്‍ ഏറെ പ്രശംസ നേടിയിട്ടുണ്ട്. ജീവനക്കാര്‍ക്ക് വേണ്ട തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കുന്നതിലും നവീനമായ പദ്ധതികള്‍ നടപ്പാക്കുന്നതിലും ലോകശ്രദ്ധ നേടാന്‍ ഗൂഗ്ള്‍ ഓഫീസിന് കഴിഞ്ഞിട്ടുണ്ട്. കോവിഡ് ലോക്ഡൗണ്‍ മുതല്‍ ജീവനക്കാര്‍ വീട്ടില്‍ ഇരുന്ന് ജോലി ചെയ്യാന്‍ തുടങ്ങിയിട്ട് ഏകദേശം ആറുമാസത്തിലേറെയാകുന്നു. ഇതിനെ തുടര്‍ന്ന് പല ജീവനക്കാര്‍ക്കും തൊഴില്‍ സമ്മര്‍ദ്ദത്തിലുമാണ്. പ്രത്യേകിച്ചും ഔദ്യോഗികവും വ്യക്തിപരവുമായ ജീവിതങ്ങള്‍ക്കിടയില്‍ സന്തുലിതാവസ്ഥ നഷ്ടപ്പെടുന്ന സ്ഥിതിയാണ് പലര്‍ക്കും. ജീവനക്കാരെ ഈ അവസരത്തില്‍ കൂടെ നിര്‍ത്താന്‍ പുതിയ നയം അവതരിപ്പിച്ചിരിക്കുകയാണ് ഗൂഗ്ള്‍.

ആഴ്ചയില്‍ നാല് ദിവസമായി പ്രവര്‍ത്തി ദിനങ്ങള്‍ വെട്ടിച്ചുരുക്കിയിരിക്കുകയാണ് ഗൂഗ്ള്‍. വീക്കെന്‍ഡ് ലീവായി വെള്ളി, ശനി, ഞായര്‍ ദിവസങ്ങള്‍ ലഭിക്കും.കൂടാതെ, ഒരു വെള്ളിയാഴ്ച ജോലിചെയ്യേണ്ടിവന്നാല്‍, ജീവനക്കാര്‍ക്ക് ഇതര ദിവസം അവധി എടുക്കാനുള്ള ഓപ്ഷനും കമ്പനി നല്‍കുന്നുണ്ട്. അടിയന്തിരമായി ഈ ദിവസം ജോലി ചെയ്യേണ്ടി വന്നാല്‍ പകരം ലഭ്യമായ അടുത്ത പ്രവൃത്തി ദിവസം അവധിയെടുക്കാമെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു. ഗൂഗ്‌ളില്‍ ജോലി ചെയ്യുന്ന സാങ്കേതിക വിഭാഗം ജീവനക്കാര്‍ക്ക് വെള്ളിയാഴ്ച അവധി എടുക്കാന്‍ കഴിഞ്ഞേക്കില്ലെങ്കിലും, ആ ജീവനക്കാര്‍ക്ക് ബദല്‍ അവധി വാഗ്ദാനം ചെയ്യുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ കമ്പനി വിശദമായി പഠിച്ചു വരികയാണ്.

ഗൂഗ്‌ളിന്റെ പുതിയ രീതിയ്ക്ക് പിന്തുണയുമായി നിരവധി പേരാണ് സോഷ്യല്‍ മീഡിയ ഫോറങ്ങളില്‍ രംഗത്തെത്തിയിരിക്കുന്നത്. കൂടാതെ നിരവധി ജീവനക്കാര്‍ ഇപ്പോള്‍ സ്വന്തം കമ്പനികളിലും ഇതേ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

കൊറോണ വൈറസ് മഹാമാരി വ്യാപിച്ചുകൊണ്ടിരിക്കുന്ന നിലവിലെ സാഹചര്യത്തില്‍ ഗൂഗ്ള്‍ ജീവനക്കാര്‍ക്ക് 2021 ജൂണ്‍ വരെ വീട്ടില്‍ ഇരുന്ന് ജോലി ചെയ്യാനുള്ള ഓപ്ഷന്‍ ആഗോളതലത്തില്‍ വിപുലീകരിച്ചിരുന്നു. ഇന്ത്യയിലെ ഓഫീസുകളില്‍ ജോലി ചെയ്യുന്നവര്‍ക്കും ഇത് ബാധകമാണ്. ഈ രീതിയെയും ആഗോളതലത്തില്‍ കരിയര്‍ വിദഗ്ധര്‍ പ്രശംസിച്ചിട്ടുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Similar News