ഒറ്റയടിക്ക് ജി-മെയില്‍ അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്യാന്‍ ഗൂഗിള്‍; കാരണം ഇതാണ്
വ്യക്തിഗത അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്യുന്നത് ഡിസംബര്‍ ഒന്നിന്
കഴിഞ്ഞ രണ്ട് വര്‍ഷമായി നിങ്ങള്‍ ജി-മെയില്‍ അക്കൗണ്ട് ഉപയോഗിക്കുന്നില്ലേ. എന്നാല്‍ അധികം വൈകാതെ നിങ്ങളുടെ ജി-മെയില്‍ അക്കൗണ്ട് ഡിലീറ്റ് ആകും. ഡിസംബര്‍ ഒന്ന് മുതല്‍ നിഷ്‌ക്രിയ അക്കൗണ്ട് നയം (inactive account policy) നടപ്പാക്കാനൊരുങ്ങുകയാണ് ആഗോള ടെക് കമ്പനിയായ ഗൂഗ്ള്‍. സൈബര്‍ ഭീഷണി മൂലമുള്ള റിസ്‌കുകള്‍ ഒഴിവാക്കാനും സുരക്ഷ വര്‍ധിപ്പിക്കാനുമുള്ള നീക്കത്തിന്റെ ഭാഗമാണ് നടപടി.
സ്ഥിരമായി ജി-മെയില്‍, കലണ്ടര്‍, ഫോട്ടോ എന്നിവ ഉപയോഗിക്കുന്ന ആക്റ്റീവ് അക്കൗണ്ടുകളെ ഇത് ബാധിക്കില്ല. പഴയതും ഉപയോഗിക്കാത്തതുമായ അക്കൗണ്ടുകളാണ് സൈബര്‍ ഭീഷണികള്‍ക്ക് കാരണമാകുന്നതെന്നും സുരക്ഷിതത്വമുറപ്പാക്കാന്‍ ലക്ഷ്യമിട്ടാണ് നീക്കമെന്നും ഗൂഗ്ള്‍ അറിയിച്ചു. രണ്ട് വര്‍ഷമായി ഉപയോഗിക്കാത്ത അല്ലെങ്കില്‍ സൈന്‍ ഇന്‍ ചെയ്യാത്ത അക്കൗണ്ടുകളും അതിലെ ഉള്ളടക്കവും ഗൂഗ്ള്‍ ഡിലീറ്റ് ചെയ്യും. വ്യക്തിഗത അക്കൗണ്ടുകളെയാണ് ഒഴിവാക്കുക. സ്ഥാപനങ്ങളുടെ ജി-മെയില്‍ അക്കൗണ്ടുകളെ ബാധിക്കില്ലെന്നും അറിയിപ്പിൽ പറയുന്നു.
നീക്കം ചെയ്യാനിരിക്കുന്ന ജി-മെയില്‍ ഐ.ഡിയിലേക്കും റിക്കവറി ഇ-മെയില്‍ ഐ.ഡിയിലേക്കും ഇത് സംബന്ധിച്ച് പല തവണയായി ഗൂഗ്ള്‍ അറിയിപ്പ് നല്‍കുന്നുണ്ട്. അക്കൗണ്ട് തുടരണമെന്നുള്ളവര്‍ക്ക് ലോഗിന്‍ ചെയ്ത് നീക്കം ചെയ്യല്‍ നടപടികളില്‍ നിന്ന് ഒഴിവാകാം.