പേടിഎമ്മിനെ ഒതുക്കാനോ ഗൂഗ്‌ളിന്റെ നീക്കം?

Update: 2020-09-21 12:15 GMT

ആപ്പ്‌ളിന്റെ ആപ്പ് സ്റ്റോറിനെതിരെ ഫേസ്ബുക്കും മൈക്രോസോഫ്റ്റും ശബ്ദമുയര്‍ത്തിയിട്ട് ഒരാഴ്ചയാകുന്നതേയുള്ളൂ, ഇന്ത്യയില്‍ നിന്നും വന്നു അത്തരമൊരു വാര്‍ത്ത. ഇത്തവണ ഗൂഗ്‌ളിന്റെ പ്ലേ സ്റ്റോറിനെതിരെ ഇ കൊമേഴ്‌സ് പേമെന്റ് രംഗത്തെ പ്രമുഖ സ്ഥാപനമായ പേടിഎം ആണ് കലാപമുയര്‍ത്തുന്നത്. പ്ലേസ്റ്റോറില്‍ നിന്ന് പേടിഎം ആപ്പ് നീക്കം ചെയ്തതുമായി ബന്ധപ്പെട്ടാണിത്. എട്ടു മണിക്കൂറുകള്‍ക്ക് ശേഷം ആപ്ലിക്കേഷന്‍ പ്ലേ സ്റ്റോറില്‍ വീണ്ടും പ്രത്യക്ഷപ്പെട്ടെങ്കിലും അതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും വിവാദങ്ങളും അവസാനിക്കുന്നില്ല. പ്ലേസ്റ്റോറിന്റെ ചില മാര്‍ഗനിര്‍ദ്ദേശങ്ങളും നിയമങ്ങളും തെറ്റിച്ചതാണ് ആപ്പ് നീക്കം ചെയ്യാന്‍ കാരണമെന്നാണ് ഗൂഗ്ള്‍ വൃത്തങ്ങള്‍ പറയുന്നത്.

രാജ്യത്തെ പേമെന്റ് വിപണിയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമ്പോള്‍ ഗൂഗ്ള്‍ പേയുടെ പ്രധാന എതിരാളിയായ പേടിഎമ്മിനെ ഒതുക്കുകയായിരുന്നു ഗൂഗ്‌ളിന്റെ ലക്ഷ്യമെന്ന് കരുതുന്നവരാണ് ടെക് ലോകത്ത് ഏറെയും.

ചൂതാട്ടവുമായി ബന്ധപ്പെട്ട നയത്തിന്റെ പേരിലാണ് പേടിഎമ്മിനെതിരെയുള്ള നടപടിയെന്നാണ് ഗൂഗ്ള്‍ നല്‍കുന്ന വിശദീകരണം. സെപ്തംബര്‍ 11ന് പേടിഎം ക്രിക്കറ്റ് വിഷയമാക്കിയുള്ള സ്‌ക്രാച്ച്കാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയിരുന്നു. ആപ്പിലൂടെ യുപിഐ ഇടപാടുകള്‍ നടത്തുന്നവര്‍ക്ക് ഇത്തരത്തില്‍ സ്‌ക്രാച്ച് കാര്‍ഡുകളും കാഷ് ബാക്കുകളും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കാഷ് ബാക്കുകളും വൗച്ചേഴ്‌സും മാത്രമായി ഗൂഗ്‌ളിന്റെ ഗാംബ്‌ളിംഗ് പോളിസിയുടെ ലംഘനമാകുന്നില്ലെന്ന് ഗൂഗ്ള്‍ പറയുന്നു. ലോയല്‍റ്റി പോയ്ന്റുകള്‍ നല്‍കുന്ന ഗെയ്മുകള്‍ പേടിഎമ്മില്‍ ഉള്‍പ്പെടുത്തിയതാണ് പ്രശ്‌നമെന്നാണ് ആപ്പ് പിന്‍വലിക്കലിന് കാരണമായി പറയുന്നത്. മുന്നറിയിപ്പൊന്നുമില്ലാതെ ആപ്പ് പിന്‍വലിച്ച ഗൂഗ്ള്‍ പക്ഷേ ഗൂഗ്ള്‍ പേ ആപ്പില്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ട ഗെയിം അവതരിപ്പിച്ചിട്ടുണ്ടെന്ന് പേടിഎം ചൂണ്ടിക്കാട്ടുന്നു.

മാത്രമല്ല, വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഫോണ്‍പേ ആപ്ലിക്കേഷനാണ് രാജ്യത്തെ ഏറ്റവും വലിയ ഫാന്റസി സ്‌പോര്‍ട്‌സ് ആപ്ലിക്കേഷന്‍ പുറത്തിറക്കുന്ന ഡ്രീം11 എന്ന സ്ഥാപനത്തിനു പിന്നിലെന്ന കാര്യവും പേടിഎം വൃത്തങ്ങള്‍ ഓര്‍മിപ്പിക്കുന്നു. അതിനെതിരെ ഒരു നടപടിയും ഗൂഗ്ള്‍ എടുക്കുന്നില്ലെന്നും ആരോപണമുണ്ട്. അതേസമയം പേടിഎം അടക്കമുള്ളവയുടെ ഫാന്റസി സ്‌പോര്‍ട്‌സ് ആപ്പ് കമ്പനികളുടെ പരസ്യം ഗൂഗ്‌ളില്‍ അനുവദിക്കുന്നുമുണ്ട്.

പേടിഎമ്മിലേക്ക് കൂടുതല്‍ ഉപഭോക്താക്കള്‍ കടന്നു വരുന്നതാണ് ഗൂഗ്‌ളിന്റെ പ്രശ്‌നമെന്നാണ് പേടിഎം ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ വിജയ് ശേഖര്‍ ശര്‍മ ദേശീയ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ ആരോപിക്കുന്നത്. നിലവില്‍ മര്‍ച്ചന്റ്‌സിനുള്ള ഡിജിറ്റല്‍ പേമെന്റ് ഇടപാടുകളുടെ 50 ശതമാനം വിപണി പങ്കാളിത്തവും പേടിഎമ്മിനാണ്. അതേസമയം യുപിഐ ഇടപാടുകളുടെ 40 ശതമാനം ഗൂഗ്ള്‍പേയും കൈയടക്കി വെച്ചിരിക്കുന്നു.

രാജ്യത്തെ റെഗുലേറ്ററി ഏജന്‍സികളെ നോക്കുകുത്തിയാക്കി ഗൂഗ്ള്‍ ആണ് കാര്യങ്ങള്‍ നിശ്ചയിക്കുന്നതെന്ന നില വരുന്നത് ശരിയല്ലെന്നും വിജയ് ശേഖര്‍ ശര്‍മ പറയുന്നു. രാജ്യത്ത് വിറ്റഴിക്കപ്പെടുന്ന 99 ശതമാനം സ്മാര്‍ട്ട് ഫോണുകളിലും ഉപയോഗിക്കുന്ന ആന്‍ഡ്രോയ്ഡ് ഓപറേറ്റിംഗ് സിസ്റ്റം ഗൂഗ്‌ളിന്റേതാണെന്നിരിക്കെ ഏത് തീരുമാനമെടുക്കാനും അവര്‍ക്ക് കഴിയുമെന്ന സ്ഥിതിയാണ്. മാത്രമല്ല, സിലിക്കണ്‍ വാലി ആസ്ഥാനമായുള്ള ഈ ടെക്‌നോളജി ഭീമന്‍ രാജ്യത്ത് 10 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്ന വാഗ്ദാനവും നല്‍കിയിരിക്കുന്ന സാഹചര്യത്തില്‍ അവര്‍ക്കെതിരെ വലിയ നടപടിയൊന്നും ഉണ്ടാകില്ലെന്ന അഭിപ്രായവുമുണ്ട്.

പേടിഎം എന്നത് ഒരു പേമെന്റ് ആപ്ലിക്കേഷന്‍ മാത്രമല്ല, ലൈസന്‍സുള്ള ഡിജിറ്റല്‍ ബാങ്ക് കൂടിയാണ്. എട്ടുമണിക്കൂര്‍ നേരത്തേക്ക് പേടിഎം അപ്രത്യക്ഷമായത് ഇടപാടുകാരെ പരിഭ്രാന്തരാക്കിയിരുന്നു. പലരും തങ്ങളുടെ നിക്ഷേപം പിന്‍വലിക്കുന്ന സ്ഥിതി പോലും ഉണ്ടായെന്നാണ് റിപ്പോര്‍ട്ട്. പേടിഎം നിരോധിച്ചു എന്ന കിംവദന്തി പരന്നതിനെ തുടര്‍ന്ന് പല കച്ചവടക്കാരും പേടിഎം ഉപയോഗിച്ചുള്ള പേമെന്റ് നിരുത്സാഹപ്പെടുത്തുന്ന സ്ഥിതിയും ഉണ്ടായി.
ഗൂഗ്‌ളിനെതിരെ ഇന്ത്യന്‍ ടെക് ലോകത്ത് വികാരമുയരുന്നുണ്ട്. ഗൂഗ്‌ളും ഫേസ്ബുക്കും അടക്കമുള്ള വമ്പന്‍ കമ്പനികളുടെയെല്ലാം ഉപഭോക്താക്കളുടെ എണ്ണത്തില്‍ ഏറ്റവും വലിയ വിപണിയാണ് ഇന്ത്യ. അതേസമയം ഡാറ്റ ചോര്‍ച്ചയടക്കമുള്ള സുരക്ഷാ ആരോപണങ്ങള്‍ പരക്കേ ഉയരുകയും ചെയ്യുന്നുണ്ട്. ഇതേകാരണത്താല്‍ 200 ലേറെ ചൈനീസ് ആപ്പുകള്‍ നിരോധിച്ചിരിക്കുന്ന സാഹചര്യത്തില്‍ വിദേശ കമ്പനികള്‍ക്കെതിരെയുള്ള വികാരം ശക്തിപ്പെട്ടാല്‍ നടപടിയെടുക്കാന്‍ സര്‍ക്കാരും നിര്‍ബന്ധിതരാകുന്ന സ്ഥിതിയുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Similar News