'സൂ'മിന് ബദല്‍ ആപ്പ് : വികസന നീക്കം പുരോഗതിയില്‍

Update: 2020-05-26 13:45 GMT

അമേരിക്കന്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് ആപ്ലിക്കേഷനായ സൂമിന് പകരമായി ഇന്ത്യയുടെ തനത് സംവിധാനം വികസിപ്പിക്കുന്നതിന് ഹോം-ക്ലൗഡ് സര്‍വീസ് കമ്പനിയായ സോഹോ കോര്‍പ്പ്, എച്ച്‌സിഎല്‍ ടെക്നോളജീസ്, ഹൈദരാബാദ് ആസ്ഥാനമായുള്ള പീപ്പിള്‍ ലിങ്ക് എന്നിവയുള്‍പ്പെടെ പത്തു കമ്പനികളെ കേന്ദ്ര സര്‍ക്കാര്‍ പ്രാഥമിക ഘട്ടത്തില്‍  തെരഞ്ഞെടുത്തു.

നിലവില്‍ സുരക്ഷിതമായ വീഡിയോ കോണ്‍ഫറന്‍സിംഗ് രംഗത്ത് നേരിടുന്ന പ്രശ്നങ്ങള്‍ക്ക്  പരിഹാരത്തിനായുള്ള പ്രോട്ടോടൈപ്പ് ഈ കമ്പനികള്‍ വികസിപ്പിക്കുമെന്നാണ് പ്രതീക്ഷ. വ്യക്തി സ്വകാര്യതയെ സംബന്ധിച്ച് സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന  സൂം പോലുള്ള ആഗോള ഉല്‍പ്പന്നങ്ങളുമായി മത്സരിക്കുന്നതിന് കഴിവുള്ള ആപ്ലിക്കേഷനാണ് രാജ്യം ലക്ഷ്യമിടുന്നത്. പ്രോട്ടോടൈപ്പ് നിര്‍മ്മിക്കുന്നതിന് ഈ കമ്പനികള്‍ക്ക് 5 ലക്ഷം രൂപ വീതം ഗ്രാന്റ് നല്‍കും.

രണ്ടാം റൗണ്ടില്‍, ഈ പത്തില്‍ ഏറ്റവും മെച്ചപ്പെട്ട മൂന്ന് കമ്പനികളെയാവും സമ്പൂര്‍ണ്ണ ആപ്ലിക്കേഷന്‍  നിര്‍മ്മിക്കാന്‍ ചുമതലപ്പെടുത്തുക. ഇവര്‍ക്ക് അതിനായി 20 ലക്ഷം രൂപ വീതം നല്‍കുകയും ചെയ്യും. വിജയികളെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വീഡിയോ കോണ്‍ഫറന്‍സിംഗ് ആവശ്യങ്ങള്‍ക്കുള്ള സംവിധാനം വിന്യസിക്കാനായി നിയോഗിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

ഇന്ത്യയുടെ തനതായ വീഡിയോ കോണ്‍ഫറന്‍സിംഗ് ഉല്‍പ്പന്നത്തിന് അനേകം ഗുണങ്ങളുണ്ടാകണമെന്നാണ് നിഷ്‌കര്‍ഷിച്ചിരിക്കുന്നത്. അത്  എല്ലാ ഇന്ത്യന്‍ ഭാഷകളിലും  പ്രാദേശികമായി ഹോസ്റ്റു ചെയ്യാന്‍ കഴിയണം. നിയമപരമായ ആവശ്യങ്ങള്‍ക്കായി വീഡിയോ റെക്കോര്‍ഡു ചെയ്യുമ്പോള്‍ ഇത് ഇന്ത്യയില്‍ സൂക്ഷിക്കുകയും എന്‍ക്രിപ്ഷന്‍ കീ ഇന്ത്യയില്‍ ലഭ്യമാകുകയും ചെയ്യേണ്ടതിനാല്‍ ഇക്കാര്യം പ്രധാനമാണ്. വിദേശ വീഡിയോ കോണ്‍ഫറന്‍സിംഗ്  ഉപകരണങ്ങള്‍ ഉപയോഗിച്ച് ഇത് സാധ്യമല്ല.  ജയ്പൂരില്‍ നിന്നുള്ള സാര്‍വ് വെബ്സ്, സോള്‍പേജ് ഐടി സൊല്യൂഷന്‍സ്, ടെക്ജെന്‍സിയ സോഫ്റ്റ്വെയര്‍ ടെക്നോളജീസ്, വാക് എന്നിവയും പത്ത് കമ്പനികളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു.

മൂന്നാം റൗണ്ടിനു ശേഷം, മികച്ച ആപ്പ് ഒരുക്കുന്നവര്‍ക്ക് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും സ്ഥാപനങ്ങളും നാലു വര്‍ഷത്തേക്ക് വിന്യസിക്കാനുള്ള കരാര്‍ നല്‍കും. ആദ്യ വര്‍ഷത്തില്‍ ഒരു കോടി രൂപയും പിന്നീട് 10 ലക്ഷം രൂപയും ലഭ്യമാകും. സര്‍ക്കാരിന്റെ ആവശ്യങ്ങള്‍ക്കുള്ള സോഫ്റ്റ് വെയര്‍ നടത്തിപ്പിനും പരിപാലനത്തിനുമായി ഒന്നാം വര്‍ഷത്തിനുശേഷം തുടര്‍ന്ന് മൂന്ന് വര്‍ഷത്തേക്കാണ് 10 ലക്ഷം രൂപ അധിക തുക നല്‍കുന്നത്.

സുറിയാനി, അറബി , തായ്, മന്ദാരിന്‍, കൊറിയന്‍ കൂടാതെ 15 ഇന്ത്യന്‍ ഭാഷകള്‍ ഉള്‍പ്പെടെ 19 ഭാഷകളില്‍ ആദ്യത്തെ ഭാഷാപരമായ ഇമെയില്‍ ആക്സസും തല്‍ക്ഷണ മെസഞ്ചര്‍ പരിഹാരവും സൃഷ്ടിച്ചതിനുള്ള ബഹുമതി ജയ്പൂരിലെ ദത്ത ഇന്‍ജീനിയസിന് ലഭിച്ചു. വളരെയധികം പ്രചാരമുള്ള നിരവധി സേവന കമ്പനികള്‍ ഉണ്ടായിരുന്നിട്ടും ആഗോളതലത്തില്‍ ഈ രംഗത്തു മത്സരിക്കാന്‍ കഴിയുന്ന സോഫ്റ്റ്വെയര്‍ ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയിലില്ലെന്ന് ദത്ത ഗ്രൂപ്പ് മേധാവി അജയ് ദത്ത പറഞ്ഞു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News