ഡ്രൈവിംഗ് ലൈസൻസും, രേഖകളും ഡിജിലോക്കറിൽ സൂക്ഷിക്കാം; വാഹന പരിശോധനയ്ക്ക് ഇനി ഫോൺ മതി

Update: 2018-08-11 05:39 GMT

ഇനി മുതൽ വാഹന പരിശോധനയ്ക്ക് ഡ്രൈവിംഗ് ലൈസൻസ്, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ഇൻഷുറൻസ് എന്നിവയുടെ ഇലക്ട്രോണിക് അഥവാ ഡിജിറ്റൽ രേഖ കാണിച്ചാൽ മതി. ഒറിജിനൽ രേഖ തന്നെ വേണം എന്ന് ഉദ്യോഗസ്ഥർ നിർബന്ധം പിടിക്കരുതെന്ന് സംസ്ഥാന ഗതാഗത വകുപ്പുകൾക്കും, ട്രാഫിക് പോലിസിനും കേന്ദ്ര ഗതാഗത മന്ത്രാലയം നിർദേശം നൽകി.

ഇത്തരം രേഖകൾ കയ്യിൽ കൊണ്ടുനടക്കുന്നതിന് പകരം, സർക്കാരിന്റെ ഡിജിലോക്കർ, എംപരിവാഹൻ തുടങ്ങിയ ആപ്ലിക്കേഷനുകളിൽ അപ്‌ലോഡ് ചെയ്‌താൽ മതി. വാഹന പരിശോധനയുടെ സമയത്ത് ഫോണിൽ സൂക്ഷിച്ചിരിക്കുന്ന ഈ രേഖകൾ കാണിച്ചാൽ മതിയാകും.

ചട്ടലംഘനം ശ്രദ്ധയിൽപ്പെട്ടാൽ, ഉദ്യോഗസ്ഥർക്ക് ഇലക്ട്രോണിക് രേഖകളുടെ ക്യൂ ആർ കോഡ് ഉപയോഗിച്ച് വാഹൻ/സാരഥി തുടങ്ങിയ കേന്ദ്ര ഡേറ്റ ബേസിൽ കടന്ന് നടപടികൾ രേഖപ്പെടുത്താവുന്നതാണ്. പിഴ ഈടാക്കാൻ ഇ-ചെല്ലാൻ സംവിധാനം ഉപയോഗിക്കാം.

എന്താണ് ഡിജിലോക്കർ?

ഡിജിലോക്കർ സർക്കാർ പുറത്തിറക്കിയ ഒരു മൊബീൽ ആപ്ലിക്കേഷനാണ്. വെബ്സൈറ്റും ലഭ്യമാണ്. നമ്മുടെ പ്രധാനപ്പെട്ട എല്ലാ രേഖകളും ഇലക്ട്രോണിക് രൂപത്തിലാക്കി സൂക്ഷിക്കാൻ സഹായിക്കുന്ന സുരക്ഷിതമായ ഒരു ആപ്ലിക്കേഷനാണ് ഇത്. ഇങ്ങനെ സൂക്ഷിച്ചാൽ രേഖകൾ നഷ്ടപ്പെടുമെന്നോ, നശിച്ചു പോകുമെന്നോ ഉള്ള ഭയം വേണ്ട.

എങ്ങനെ ഉപയോഗിക്കാം

  • ഡിജിലോക്കർ വെബ്സൈറ്റ് സന്ദർശിക്കുകയോ, അല്ലെങ്കിൽ സ്മാർട്ട് ഫോണിൽ ആപ്പ് ഡൗൺലോഡ് ചെയ്യുകയോ ചെയ്യാം.
  • അതിനു ശേഷം നിങ്ങളുടെ ആധാർ നമ്പറോ മൊബീൽ നമ്പറോ ഉപയോഗിച്ചോ ഒരു യൂസർ ഐഡി ക്രിയേറ്റ് ചെയ്യുക. OTP വെരിഫിക്കേഷൻ ഉണ്ടാകും.
  • നിങ്ങളുടെ ഒറിജിനൽ രേഖകളുടെ സ്‌കാൻ ചെയ്ത കോപ്പികൾ (PDF, JPEG or PNG format) വെബ്സൈറ് വഴിയോ ആപ്പ് വഴിയോ അപ്‍ലോഡ് ചെയ്യുക.
  • പിന്നീട് ഏത് സ്ഥലത്തുനിന്നു വേണമെങ്കിലും ഈ രേഖകൾ നമുക്ക് ആക്സസ് ചെയ്യാവുന്നതാണ്.
  • ഇൻകം ടാക്‌സ് വകുപ്പ്, സിബിഎസ്ഇ, രജിസ്ട്രാർ ഓഫീസ് തുടങ്ങിയ ചില സ്ഥാപങ്ങൾക്ക് നമ്മുടെ രേഖകൾ നേരിട്ട് നമ്മുടെ ഇ -ലോക്ക റിലേയ്ക്ക് അപ്‌ലോഡ് ചെയ്യാൻ കഴിയും.
  • മറ്റുള്ളവരുമായി രേഖകൾ ഷെയർ ചെയ്യാനുള്ള സംവിധാനവും ഇതിലുണ്ട്.

UIDAI, കേന്ദ്ര ഗതാഗത മന്ത്രാലയം, വിദ്യാഭ്യാസ ബോർഡുകൾ, ഇൻകം ടാക്‌സ് വകുപ്പ് തുടങ്ങിയ പല സ്ഥാപങ്ങളും ഇതിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സർക്കാരിന്റെ കണക്കനുസരിച്ച് ഏകദേശം 1.35 കോടി പേർ ഡിജിലോക്കർ സംവിധാനം ഉപയോഗിക്കുന്നുണ്ട്. പാൻ കാർഡ്, മാർക്ക് ഷീറ്റ്, ജാതി സർട്ടിഫിക്കറ്റ്, ജനന സർട്ടിഫിക്കറ്റ്, റേഷൻ കാർഡ് തുടങ്ങിയ നിരവധി രേഖകളാണ് ഇവർ ഇതിൽ സൂക്ഷിക്കുന്നത്.

Similar News