ട്രായ് മേധാവിയുടെ അക്കൗണ്ടിൽ ഒരു രൂപ നിക്ഷേപിച്ച് ഹാക്കർമാർ

Update: 2018-07-30 09:08 GMT

ടെലികോം നിയന്ത്രണ അതോറിറ്റി ചെയർമാൻ ആർ എസ് ശർമയുടെ ബാങ്ക് എക്കൗണ്ട് വിവരങ്ങൾ കൈവശമുണ്ടെന്ന് അവകാശപ്പെട്ട് ഒരു സംഘം എത്തിക്കൽ ഹാക്കർമാർ.

അവകാശവാദം ശരിയാണെന്ന് തെളിയിക്കാൻ അവർ ശർമ്മയുടെ ബാങ്ക് എക്കൗണ്ടിൽ ഒരു രൂപ നിക്ഷേപിക്കുകയും ചെയ്തു. ട്വിറ്റർ വഴി ഒരു രൂപ ട്രാൻസ്‌ഫർ ചെയ്യുന്നതിന്റെ സ്ക്രീൻ ഷോട്ടുകൾ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്.

ആധാർ അധിഷ്ഠിത പേയ്മെന്റ് ആപ്പുകളായ ഭിം (BHIM), പേടിഎം (Paytm), IMPS എന്നിവ വഴിയാണ് പണം അയച്ചത്.

ആധാറിന്റെ വിമർശകരെ വെല്ലുവിളിച്ചുകൊണ്ട്, ശർമ്മ കഴിഞ്ഞ ദിവസം ട്വിറ്റർ പേജിൽ തന്റെ ആധാർ നമ്പർ പോസ്റ്റ് ചെയ്തിരുന്നു. അതിന് ശേഷമാണ് അദ്ദേഹത്തിന്റെ ബാങ്ക് വിവരങ്ങളടക്കം 14 പ്രധാന വിവരങ്ങൾ കൈവശപ്പെടുത്തിയെന്ന അവകാശവുമായി ഹാക്കർമാർ മുന്നോട്ട് വന്നത്.

മൊബീൽ നമ്പർ, മേൽവിലാസം, ജനന തീയതി, പാൻ നമ്പർ, വോട്ടർ ഐഡി നമ്പർ, എയർ ഇന്ത്യ ഐഡി, ടെലികോം ഓപ്പറേറ്റർ, ഫോൺ മോഡൽ എന്നീ വിവരങ്ങളാണ് ഹാക്കർമാരുടെ കൈയിലുള്ളത്.

എന്നാൽ വിവരങ്ങൾ തങ്ങളുടെ ഡേറ്റബേസിൽ നിന്നാണ് ലഭിച്ചതെന്ന അവകാശവാദം യൂണിക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) നിഷേധിച്ചു. അതിന് പിന്നാലെ ഹാക്കർമാർ UIDAI ഡേറ്റബേസിൽ നിന്നെടുത്ത അദ്ദേഹത്തിന്റെ ബാങ്ക് IFSC കോഡ്, MICR കോഡ് എന്നിവയുടെ സ്ക്രീൻ ഷോട്ട് സഹിതം പരസ്യപ്പെടുത്തി.

ഈ വിവരങ്ങൾ പണ തട്ടിപ്പിനോ ബ്ലാക്ക് മെയിലിംഗിനോ ഉപയോഗിക്കാൻ സാധ്യതയുണ്ടെന്നും അവർ മുന്നറിയിപ്പ് നൽകി.

Similar News