ആരോഗ്യ സേതു ആപ്പില്‍ പാളിച്ചകള്‍ കണ്ടെത്തിയാല്‍ മൂന്നു ലക്ഷം സമ്മാനം

Update: 2020-05-27 11:21 GMT

രാജ്യത്തിന്റെ കൊവിഡ് ട്രാക്കിംഗ് ആപ്ലിക്കേഷനായ ആരോഗ്യ സേതു ആപ്പിനെ ചൊല്ലിയുള്ള സുരക്ഷാ ആശങ്കകളും സ്വകാര്യതാ പ്രശ്‌നങ്ങളും പരിഹരിക്കുന്നതിന്റെ ഭാഗമായി ബഗ് ബൗണ്ടി പ്രോഗ്രാം മുന്നോട്ടു വെക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. നേരത്തേ ഈ ആപ്ലിക്കേഷന്റെ ഓപ്പണ്‍ സോഴ്‌സ് ഗിറ്റ് ഹബ്ബിലൂടെ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ആപ്ലിക്കേഷനിലെ സുരക്ഷാ വീഴ്ചകള്‍ കാട്ടിത്തരുന്നവര്‍ക്ക് മൂന്നു ലക്ഷം രൂപ വരെ സമ്മാനമായി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടൊപ്പം ആപ്ലിക്കേഷന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനുള്ള മികച്ച നിര്‍ദ്ദേശങ്ങള്‍ക്ക് ഒരു ലക്ഷം രൂപ സമ്മാനവും പ്രഖ്യേപിച്ചിട്ടുണ്ട്.

ബഗ് ബൗണ്ടി പ്രോഗ്രാമില്‍ ഇന്ത്യക്കാര്‍ക്ക് മാത്രമല്ല, വിദേശികള്‍ക്കും പങ്കെടുത്താമെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് മാത്രമേ സമ്മാനത്തിന് അര്‍ഹതയുണ്ടായിരിക്കുകയുള്ളൂ.

ലോകത്ത് ആദ്യമായാണ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഒരു ആപ്ലിക്കേഷന്റെ ഓപ്പണ്‍ സോഴ്‌സ് പൊതുജനങ്ങള്‍ക്കായി നല്‍കുന്നതെന്ന് നീതിയ ആയോഗ് ചീഫ്ച് എക്‌സിക്യൂട്ടിവ് ഓഫീസര്‍ അമിതാഭ് കാന്ത് പറയുന്നു. ആപ്ലിക്കേഷന്റെ സുരക്ഷയെ കുറിച്ചും സ്വകാര്യതയ്ക്ക് മേലുള്ള കടന്നു കയറ്റത്തെ കുറിച്ചുമുള്ള സംശയങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ സോഴ്‌സ് കോഡ് ലഭ്യമാകുന്നതോടെ സാധ്യത തെളിയും. പല സ്വതന്ത്ര സൈബര്‍ സുരക്ഷാ വിദഗ്ധരും ഇക്കാര്യം പല തവണ ആവശ്യപ്പെട്ടിരുന്നു.

ഏപ്രില്‍ മാസത്തില്‍ പുറത്തിറക്കിയ ആപ്ലിക്കേഷന്‍ 12 കോടിയോളം പേര്‍ ഇതിനകം ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട്. ആഭ്യന്തര വിമാന സര്‍വീസുകള്‍ ഉള്‍പ്പടെ പല കാര്യങ്ങള്‍ക്കും ഈ ആപ്ലിക്കേഷന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിട്ടുമുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News