എച്ച്.സി.എല്‍ ടെക് കൊച്ചി ഇന്‍ഫോപാര്‍ക്കില്‍; വ്യവസായ മേഖലക്ക് പുതിയ കൈത്താങ്ങ്
എഞ്ചിനിയറിംഗ്, ഗവേഷണ-വികസന സേവനങ്ങൾ ലഭ്യമാക്കും
ലോകപ്രശസ്ത ടെക്നോളജി കമ്പനിയായ എച്ച്.സി.എല്‍ ടെകിൻ്റെ കേരളത്തിലെ ആദ്യ യൂണിറ്റ് കൊച്ചിയില്‍ ആരംഭിച്ചു. വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് യൂണിറ്റിന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വ്വഹിച്ചു. ഇന്‍ഫോപാര്‍ക്ക് സി.ഇ.ഒ പ്രശാന്ത് കുരുന്തില്‍, കമ്പനിയുടെ കോര്‍പ്പറേറ്റ് വൈസ് പ്രസിഡന്റും എഞ്ചിനീയറിങ്ങ് ആര്‍ ആന്റ് ഡി വിഭാഗം തലവനുമായ ഹരി സാദരഹള്ളി എന്നിവരും പങ്കെടുത്തു. കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ ആരംഭിച്ച യൂണിറ്റില്‍ നിന്ന് ലോകത്തിലെ പ്രമുഖ ഓട്ടോമൊബൈല്‍, സെമികണ്ടക്ടര്‍, മെഡിക്കല്‍ മേഖലയിലെ കമ്പനികള്‍ക്കും മറ്റ് വ്യവസായങ്ങള്‍ക്കും ആവശ്യമായ എഞ്ചിനീയറിങ്ങ് സേവനങ്ങളും ആര്‍ ആന്റ് ഡി സഹായങ്ങളും ലഭ്യമാക്കും. 60 ലധികം രാജ്യങ്ങളിലായി 2,18,000 ജീവനക്കാരുള്ള കമ്പനി കേരളം മുന്നോട്ടുവെക്കുന്ന നൂതന വ്യവസായ മേഖലകളിലെല്ലാം സഹായം ലഭ്യമാക്കാന്‍ സാധിക്കുന്ന യൂണിറ്റാണ് കേരളത്തില്‍ ആരംഭിച്ചിരിക്കുന്നത്.
'ടെക്‌നോളജി രംഗത്തെ സാധ്യതകള്‍ക്ക് അടിവരയിടുന്നു'
കൊച്ചിയിലേക്കുള്ള എച്ച്.സി.എല്‍ ടെക്കിന്റെ കടന്നുവരവ് ടെക്‌നോളജി രംഗത്ത് കേരളത്തിന്റെ സാധ്യതകള്‍ വീണ്ടും അടിവരയിടുകയാണെന്ന് വ്യവസായ മന്ത്രി പി രാജീവ് അഭിപ്രായപ്പെട്ടു. കമ്പനിയുമായി കൂടുതല്‍ മികച്ച സഹകരണം ഭാവിയില്‍ സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കൊച്ചിയില്‍ നിര്‍ലോഭം ലഭ്യമായ മികച്ച മനുഷ്യവിഭവവും പശ്ചാത്തല സൗകര്യവുമാണ് കമ്പനി ഇവിടെ ആരംഭിക്കുന്നതിന് കാരണമായതെന്ന് എച്ച്.സി.എല്‍ ടെക് കോര്‍പ്പറേറ്റ് വൈസ് പ്രസിഡന്റും എഞ്ചിനീയറിങ്ങ് ആര്‍ ആന്റ് ഡി വിഭാഗം തലവനുമായ ഹരി സാദരഹള്ളി പറഞ്ഞു. നിര്‍മിത ബുദ്ധി ഉള്‍പ്പെടെ നിരവധി മേഖലകളില്‍ ഇടപെടുന്ന യൂണിറ്റ്, സെമി കണ്ടക്ടര്‍ ചിപ്പ് മേഖലയിലും ശ്രദ്ധേയമായ ഇടപെടല്‍ നടത്താന്‍ പ്രാപ്തമാണ് - അദ്ദേഹം പറഞ്ഞു.