റോബോട്ട് മുതൽ മെറ്റാവേഴ്സ് വരെ; ശ്രദ്ധേയമായി സ്റ്റാർട്ടപ്പ് മിഷന്റെ ഹെൽത്ത്‌ ടെക് സമിറ്റ്

ആരോഗ്യ രംഗത്തെ ടെക്നോളജിയുടെ പ്രധാന്യം ഉയർത്തിക്കാട്ടുക എന്ന ലക്ഷ്യത്തോടെ ഹെൽത്ത്‌ ടെക് സമിറ്റ് സംഘടിപ്പിച്ച് കേരള സ്റ്റാർട്ടപ്പ് മിഷൻ. കാരിത്താസ് ആശുപത്രി, ഇ ഹെൽത്ത്‌ കേരള, TIMed എന്നിവരുമായി ചേർന്ന് നടത്തിയ സമിറ്റ് ആരോഗ്യമന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്തു.

Update: 2022-06-25 04:40 GMT

ഹെല്‍ത്ത്‌ടെക് ഉച്ചകോടിയിലെ സെമിനാറില്‍ കിംസ്‌ഹെല്‍ത്ത് നെഫ്രോളജി സ്‌പെഷ്യലിസ്റ്റ് ഡോ. പ്രവീണ്‍ മുരളീധരന്‍ സംസാരിക്കുന്നു. അമല മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ബെറ്റ്‌സി തോമസ്, എംവിആര്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. നാരായണന്‍കുട്ടി വാര്യര്‍, ചൈതന്യ ഹോസ്പിറ്റല്‍ എംഡി ഡോ. എന്‍ മധു, കാരിത്താസ് ഹോസ്പിറ്റലിലെ ഓങ്കോളജിസ്റ്റ് ഡോ. ബോബന്‍ തോമസ്, എന്നിവര്‍ സമീപം

കാരിത്താസ് ആശുപത്രി വികസിപ്പിച്ച 'കാരിത്താസിയൻ,' എന്ന റോബോട്ടിലൂടെയാണ് മന്ത്രി സമിറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചത്. വോയിസ്‌ കമാൻഡിലൂടെ രോഗികളുടെ രെജിസ്ട്രേഷൻ ഉൾപ്പടെ ചെയ്യാൻ ശേഷിയുള്ള റോബോട്ട് ആണ് കാരിത്താസിയൻ. സംസ്ഥാനത്തെ ആദ്യ ഹെൽത്ത്‌ ടെക് അക്‌സെലിറേട്ടറിന്റെ പ്രഖ്യാപനവും സമിറ്റിൽ ഉണ്ടായി. സമിറ്റിന്റെ ഭാഗമായി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സ്റ്റാർട്ടപ്പുകളുടെ ഹെൽത്ത്‌ ടെക് ഉൽപ്പന്നങ്ങളുടെ പ്രദർശനവും നടന്നു.

അരക്കെട്ടിന് താഴെ തളർന്നുപോയവർക്ക് ചലന ശേഷി വീണ്ടെടുക്കാൻ സഹായിക്കുന്ന ജെൻ റോബോട്ടിക്സിന്റെ G-GAITER, മെറ്റാവേഴ്സിലൂടെ ഡോക്ടറുടെ സേവനം തേടാൻ സഹായിക്കുന്ന കോൺവേയി ഇന്നോവഷൻസ്, റിയൽ ടൈം ഹോസ്പിറ്റൽ മോണിറ്ററിങ് സാധ്യമാക്കി ജീവനക്കാരുടെ കാര്യക്ഷമത വർധിപ്പിക്കുന്ന അസ്സിസ്റ്റ്‌ പ്ലസ് തുടങ്ങി ശരീരത്തിലെ ഞരമ്പുകൾ തെളിഞ്ഞു കാണാൻ സഹായിക്കുന്ന NIR Vein Viewer വരെയുള്ള ഉൽപ്പന്നങ്ങൾ സമിറ്റിൽ എത്തിയവരുടെ ശ്രദ്ധ പിടിച്ചുപറ്റി.



ഫിൻടെക് കഴിഞ്ഞാൽ രാജ്യത്ത് ഏറ്റവും വലിയ സാധ്യതകൾ ഉള്ള മേഖലയായി ആണ് ഹെൽത്ത്‌ ടെക് മേഖലയെ വിലയിരുത്തുന്നത്. രാജ്യത്ത് 5000ൽ അധികം ഹെൽത്ത്‌ ടെക് സ്റ്റാർട്ടപ്പുകൾ ആണ് ഉള്ളത്. 2020ൽ 1.9 ബില്യൺ ഡോളറിന്റെ വിപണിയുമായി വെറും ഒരു ശതമാനം മാത്രം ആയിരുന്നു ഇന്ത്യൻ ആരോഗ്യ രംഗത്തെ ഹെൽത്ത്‌ ടെക്കുകളുടെ സാന്നിധ്യം.അടുത്ത വർഷം അത് 39% ആയി (5 ബില്യൺ ഡോളർ )ഉയരും എന്നാണ് കണക്കുകൾ നൽകുന്ന സൂചന. 2033 ഓടെ ഇന്ത്യൻ ഹെൽത്ത്‌ ടെക് മേഖല 50 ബില്യൺ ഡോളറിന്റെ വിപണിയായി മാറും.
ഗ്ലോബൽ മാർക്കറ്റ് ഇൻസൈറ്റ്സിന്റെ കണക്കുകൾ പ്രകാരം 2020ലെ 141.8 ബില്യൺ ഡോളറിൽ നിന്ന് ഡിജിറ്റൽ ഹെൽത്ത്‌ വിപണി 2027 ഓടെ ആഗോള തലത്തിൽ 426.8 ബില്യൺ ഡോളറിന്റേതായി മാരുമെന്നാണ് വിലയിരുത്തൽ.


Tags:    

Similar News