വീട്ടിലിരുന്ന് ജോലി ചെയ്യല്‍ മടുത്തോ? എന്നാല്‍ വീട്ടിലേക്ക് ഓഫീസ് വരും

Update: 2020-04-16 06:07 GMT

ആദ്യമൊക്കെ രസകരമായി തോന്നാമെങ്കിലും ഏതാനും ദിവസങ്ങള്‍ കഴിയുമ്പോള്‍ തന്നെ പലര്‍ക്കും വര്‍ക് ഫ്രം ഹോം വിരസമാകാറുണ്ട്. വര്‍ഷങ്ങളായി ഓഫീസില്‍ പോയി ശീലിച്ച്, ഓഫീസ് അന്തരീക്ഷം ആസ്വദിച്ച് ജോലി ചെയ്യുന്നവര്‍ക്ക് പ്രത്യേകിച്ചും. ലോക്ഡൗണ്‍ കാലത്ത് വേറെ വഴിയില്ലല്ലോ എന്നായിരിക്കും നിങ്ങള്‍ ചിന്തിക്കുന്നത്.  എന്നാല്‍ ഓഫീസ് നിങ്ങളുടെ വീട്ടിലെത്തിയാല്‍ എങ്ങനെയിരിക്കും? അതായത് വീട്ടിലെ നിങ്ങളുടെ മുറിയില്‍ ഓഫീസ് അന്തരീക്ഷം ഒരുക്കുന്നു. ഇതിന് സൗകര്യമൊരുക്കുന്ന വെബ്‌സൈറ്റ് ഈ ലോക്ഡൗണ്‍ കാലത്ത് ഹിറ്റ് ആകുകയാണ്.

'ഐ മിസ് ദി ഓഫീസ്' എന്നാണ് ഈ വെബ്‌സൈറ്റിന്റെ പേര് തന്നെ. ഓഫീസിലിരിക്കുമ്പോള്‍ നാം സാധാരണയായി കേള്‍ക്കുന്ന ശബ്ദങ്ങള്‍ ഈ വെബ്‌സൈറ്റ് പുനരാവിഷ്‌കരിച്ച് കേള്‍പ്പിച്ച് നാം ഓഫീസില്‍ തന്നെയാണെന്ന് തോന്നിപ്പിക്കുന്നു. അടക്കിപ്പിടിച്ച് സഹപ്രവര്‍ത്തകര്‍ പറയുന്ന ഗോസിപ്പുകള്‍, പ്രിന്ററിന്റെ ശബ്ദം, അടക്കിപ്പിടിച്ച സംസാരങ്ങള്‍, നടക്കുന്ന ശബ്ദം,  ടെലിഫോണ്‍ ശബ്ദം, കസേര തിരിയുന്ന ശബ്ദം, ഡ്രോ അടയ്ക്കുകയും തുറക്കുകയും ചെയ്യുന്ന ശബ്ദം തുടങ്ങി സഹപ്രവര്‍ത്തകര്‍ പാടുന്ന മൂളിപ്പാട്ട് വരെ ഇതില്‍ കേള്‍ക്കാനാകും. നിങ്ങളുടെ ഓഫീസിന്റെ രീതി അനുസരിച്ച് ഏതൊക്കെ ശബ്ദം വേണമെന്ന് നിങ്ങള്‍ക്ക് തെരഞ്ഞെടുക്കാം. എത്ര സഹപ്രവര്‍ത്തകര്‍ വേണമെന്ന് വരെ തീരുമാനിക്കാം. 10 എണ്ണം വരെയാണ് പരമാവധി. ആളുകളുടെ എണ്ണം എത്ര കൂട്ടുന്നുവോ ഓഫീസ് അന്തരീക്ഷം അത്രത്തോളം ചടുലവും തിരക്കേറിയതുമാകും.

വെബ്‌സൈറ്റ് തുറന്ന ശേഷം മിനിമൈസ് ചെയ്ത് സിസ്റ്റത്തിലോ ഫോണിലോ ഇട്ടിരുന്ന് ജോലി തുടരാം. പശ്ചാത്തലത്തില്‍ ഈ ശബ്ദങ്ങള്‍ കേട്ടുകൊണ്ടിരിക്കും. കിഡ്‌സ് ക്രിയേറ്റീവ് ഏജന്‍സി എന്ന സ്ഥാപനമാണ് ഈ വെബ്‌സൈറ്റിന് പിന്നില്‍. അപ്പോള്‍ ഓഫീസിലിരിക്കാന്‍ കൊതിയാകുന്നുണ്ടോ? എന്നാല്‍ നേരെ പോയ്‌ക്കോ imisstheoffice.eu എന്ന വൈബ്‌സൈറ്റിലേക്ക്...

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News