കോവിഡ് കാലത്ത് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഉപയോഗപ്പെടുത്താം; അറിയാം ഇക്കാര്യങ്ങള്‍

Update: 2020-03-29 12:25 GMT

രഞ്ജിത്ത് എം ആര്‍

കൊറോണ 'വൈറല്‍' ആകുന്ന വേളയില്‍ പ്രസക്തിയേറുന്ന ഒരു സാങ്കേതികതരീതി യാണ് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്. സ്പര്‍ശനത്തിലൂടെയും സമ്പര്‍ക്കത്തിലൂടെയും പകരുന്ന മഹാമാരിയെ ഭയന്ന് മനുഷ്യന്‍ സാമൂഹികമായി ഒറ്റപ്പെടല്‍ ആചരിക്കുന്ന് സമയത്ത് ഓണ്‍ലൈന്‍ ട്രേഡിംഗ് ഓണ്‍ലൈന്‍ കോണ്‍ഫെറന്‍സിംഗ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് തുടങ്ങിയ നവ സാങ്കേതിക വിദ്യകള്‍ കൂടുതലായി ഉപയോഗിക്കപ്പെടാന്‍ സാധ്യതയുണ്ട്. സ്വന്തം വീടിന്റെ സൗകര്യങ്ങളില്‍ ഇരുന്നുകൊണ്ട് തന്നെ ആവശ്യമുള്ള സാധനങ്ങള്‍ വാങ്ങുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരുന്നു. തുണി, പുസ്തകങ്ങള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഇവയല്ലാം ഓണ്‍ലൈനില്‍ ചൂടപ്പം പോലെ വിറ്റുപോകുന്നു. ഓണ്‍ലൈന്‍ ഷോപ്പിംഗിന്റെ അതിപ്രസരം സാധാരണ കടകള്‍ നടത്തുന്ന കച്ചവടക്കാരെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഇത്തരത്തില്‍ കടകള്‍ നടത്തുന്നവരുടെ പ്രശ്‌നങ്ങള്‍ക്ക് ഒരു ഉത്തരം കൂടിയാണ് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്.

നാസ്‌കോം കണക്കുപ്രകാരം (20182019) ഇന്ത്യന്‍ ഓണ്‍ലൈന്‍ വിപണിയുടെ മൂല്യം 3850 കോടി ഡോളര്‍ ആണ്. അതായത് 29114 കോടി രൂപ (റേറ്റ് @ 75). ഇന്റര്‍നെറ്റ് സ്പീഡിന്റയും ലഭ്യതയുടെയും വര്‍ധനവ് സൂചിപ്പിക്കുന്നത് ഈ സംഖ്യകള്‍ വരും കാലങ്ങളിലെ ഇനിയും വര്‍ധിക്കും എന്നാണ്. എന്താണ് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്? ഏതൊക്ക മാധ്യമങ്ങളാണ് ഇതില്‍ ഉപയോഗിക്കപ്പടുന്നത്? എന്തൊക്കെയാണ് ഇതിന്റെ സാദ്ധ്യതകള്‍? എന്നെല്ലാം അവലോകനം ചെയ്യുകയാണ് ഈ ലേഖനത്തില്‍. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ആരംഭിക്കുവാനും, നിയന്ത്രിക്കുവാനും കൂടുതല്‍ ഫലപ്രദമായ മാധ്യമങ്ങള്‍ തിരഞ്ഞെടുക്കുവാനും ഈ അടിസ്ഥാന വിവരങ്ങള്‍ ഒരു പരിധിവരെ സഹായകമാകും.

എന്താണ് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്?

ഉത്പന്നങ്ങളും സേവനങ്ങളും ഇലക്ട്രോണിക് മാധ്യമങ്ങള്‍ വഴി ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിക്കുന്ന രീതിയാണ് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്. ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ ഉപഭോക്താക്കളെയും വില്പനക്കാരെയും ബന്ധിപ്പിക്കുന്ന പ്രക്രിയയാണ് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എന്ന് മാര്‍ക്കറ്റിംഗ് വിദഗ്ദ്ധനായ ഫിലിപ്പ് കോട്‌ലര്‍ നിര്‍വചിക്കുന്നു. വെബ് സൈറ്റുകള്‍, ബ്ലോഗുകള്‍, സാമൂഹ്യ മാധ്യമങ്ങള്‍, സെര്‍ച്ച് എന്‍ജിന്‍, മൊബൈല്‍ അപ്പ്‌ലിക്കേഷനുകള്‍, ഇ-മെയില്‍ ഇതെല്ലാം ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് മാധ്യമങ്ങളാണ്. പ്രിന്റ് മാധ്യമങ്ങള്‍, ടെലിഫോണ്‍, നേരിട്ടുള്ള മാര്‍ക്കറ്റിംഗ് ഇവയെല്ലാമാണ് പ്രധാനപ്പെട്ട പരമ്പരാഗത മാര്‍ക്കറ്റിംഗ് രീതികള്‍. ഇവയെ അപേക്ഷിച് ഡിജിറ്റല്‍ മീഡിയകള്‍ കൂടുതല്‍ സാധ്യതകള്‍ ഉള്ളതും വീഡിയോ, സോഷ്യല്‍ മീഡിയ തുടങ്ങിയ ഇലക്ട്രോണിക് സങ്കേതങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കുന്നവയുമാണ്, അതുകൊണ്ടുതന്നെ കൂടുതല്‍ ആളുകളിലേക്ക് എത്തിച്ചേരാനുള്ള സാധ്യതയുമുണ്ട്.

ഡിജിറ്റല്‍ മീഡിയ മാധ്യമങ്ങള്‍

വെബ്‌സൈറ്റ്

ഉല്‍പ്പന്നങ്ങളെക്കുറിച്ചും സേവനങ്ങളെക്കുറിച്ചും ബ്രാന്‍ഡിനെ കുറിച്ചും വിശദമായ വിവരങ്ങള്‍ നല്‍കാന്‍ വെബ്സൈറ്റിലൂടെ സാധിക്കും. മാര്‍ക്കറ്റിംഗ് സന്ദേശങ്ങള്‍ വെബ്‌സൈറ്റില്‍ ചെലവുകുറഞ്ഞ രീതിയില്‍ പ്രസിദ്ധീകരിക്കാന്‍ സാധിക്കും. അതോടൊപ്പം തന്നെ 24 മണിക്കൂറും തുറന്നു പ്രവര്‍ത്തിക്കുന്ന ഒരു കട മുറി ഓണ്‍ലൈനായി തുറക്കുന്നതുപോലെയാണ് ഓണ്‍ലൈന്‍ വില്‍പ്പന സാധ്യമാകുന്ന ഒരു വെബ്‌സൈറ്റ് പ്രദാനം ചെയ്യുന്ന സൗകര്യം. വെബ്‌സൈറ്റിന്റെ പ്രവര്‍ത്തനത്തിന്റെയും, നിയന്ത്രണത്തിന്റെയും പരിപൂര്‍ണ്ണ അധികാരം അതിന്റെ ഉടമകള്‍ക്കാണ് എന്നതാണ് ഇതിന്റെ പ്രധാന ഗുണം. സോഷ്യല്‍ മീഡിയ പോലുള്ള മറ്റു മാധ്യമങ്ങള്‍ ഉപയോഗിക്കുമ്പോള്‍ സാങ്കേതികതിയിലുള്ള പരിപൂര്‍ണ്ണ നിയന്ത്രണം ലഭ്യമാവില്ല. കൂടാതെ ഇടക്കിടെ മാറി വരുന്ന '''മുന്ഗണനാക്രമ അല്‍ഗോരിതങ്ങള്‍''' ചിലപ്പോള്‍ ചില കൊണ്ടെന്റ്റുകള്‍ ലക്ഷ്യസ്ഥാനത്തു എത്താതിരിക്കാനും കാരണമാകുന്നു.

ബ്ലോഗ്

സൗജന്യ ബ്ലോഗിംഗ് സേവനം ഉപയോഗിക്കുക വഴി വെബ്‌സൈറ്റ് നിലനിര്‍ത്താനാവശ്യമായ ചെലവുകള്‍ ഒഴിവാക്കാം. ഉല്‍പ്പന്നങ്ങളെക്കുറിച്ചും സേവനങ്ങളെ കുറിച്ചുമുള്ള വിവരങ്ങള്‍ കൂടുതല്‍ ആളുകളോട് വിനിമയം ചെയ്യാന്‍ ബ്ലോഗ് സേവനം ഫലപ്രദമാണ്. വേര്‍ഡ്പ്രസ്, ജൂംല, ദ്രുപാല്‍ തുടങ്ങിയ ബ്ലോഗിംഗ് സോഫ്റ്റ്വെയറുകള്‍ ഉപയോഗിച്ച് വെബ്‌സൈറ്റും ബ്ലോഗും സമന്വയിപ്പിച്ചു ഒരൊറ്റ വേദിയായി നിലനിര്‍ത്താവുന്നതാണ്. വേര്‍ഡ്പ്രസ്സ് ഉപയോഗിച്ചുകൊണ്ട് ഒരു വെബ്‌സൈറ്റില്‍ തന്നെ ഒന്നിലേറെ ബ്ലോഗുകള്‍ ചേര്‍ക്കുവാന്‍ കഴിയും. ടൈം മാഗസിന്റെ വെബ്‌സൈറ്റ് ഇതിനു ഒരു ഉദാഹരണമാണ്. ഒരു പ്രത്യേക വിഷയത്തില്‍ താല്‍പര്യമുള്ള ആളുകളോട് സംവദിക്കാനും അത്തരം പ്രേക്ഷകരെ വെബ്സൈറ്റിലേക്ക് ആനയിക്കാനും ബ്ലോഗ് സേവനങ്ങള്‍ ഉപയോഗിക്കാം.

സേര്‍ച്ച് എന്‍ജിന്‍

ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഫലപ്രദമായി നടത്താവുന്ന മാധ്യമമാണ് സെര്‍ച്ച് എന്‍ജിനുകള്‍. സെര്‍ച്ച് എന്‍ജിന്‍ മാര്‍ക്കറ്റിംഗ് (ടഋങ), സെര്‍ച്ച് എന്‍ജിന്‍ ഒപ്ടിമൈസേഷന്‍ (SEO) ഇവയാണ് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിന് ഉപയോഗിക്കാവുന്ന സെര്‍ച്ച് എന്‍ജിന്‍ സാങ്കേതികതകള്‍.

സെര്‍ച്ച് എന്‍ജിന്‍ ഒപ്ടിമൈസേഷന്‍ (SEO)

വെബ്‌സൈറ്റിലേയും മറ്റും ഉള്ളടക്കത്തിന്റെ ഗുണവും അളവും പ്രത്യേകതരത്തില്‍ ക്രമീകരിച്ച് ആളുകള്‍ സെര്‍ച്ച് ചെയ്യുമ്പോള്‍ ആ വെബ്‌സൈറ്റ് കാണപ്പെടുന്ന രീതിയില്‍ നിലനിര്‍ത്തുന്ന പദ്ധതിയാണ് സെര്‍ച്ച് എന്‍ജിന്‍ ഒപ്ടിമൈസേഷന്‍. ഉദാഹരണമായി 'കൊച്ചിയിലെ ഹോട്ടലുകള്‍ എന്ന് സെര്‍ച്ച് ചെയ്യുമ്പോള്‍ ചില പ്രത്യേക ഹോട്ടലുകള്‍ ആദ്യം തന്നെ ലിസ്റ്റ് ചെയ്യപ്പെടുന്നതിനു കാരണം അവരുടെ വെബ്‌സൈറ്ററുകളില്‍ ചേര്‍ത്തുവെച്ചിരിക്കുന്ന ഉള്ളടക്കവും 'കീ വേര്‍ഡുകളും' ആണ്. വാക്യങ്ങളുടെ ക്രമീകരണം, ചിത്രങ്ങളുടെ നാമകരണം, വെബ്‌സൈറ്റ് കോഡ് സംശുദ്ധീകരണം തുടങ്ങി ഒട്ടനവധി സാങ്കേതിക പ്രവര്‍ത്തങ്ങളുടെ ആകെത്തുകയാണ് ഉയര്‍ന്ന സെര്‍ച്ച് എന്‍ജിന്‍ റാങ്കിങ്. സേര്‍ച്ച് എന്‍ജിന്‍ റിസള്‍ട്ട് പേജ് (SERP) എന്ന വാക്ക് ഇതുമായി ബന്ധപ്പെട്ടതാണ്.

സെര്‍ച്ച് എന്‍ജിന്‍ മാര്‍ക്കറ്റിംഗ് (SEM)

ഒരു പ്രത്യേക കീവേഡ് സെര്‍ച്ച് ചെയ്യുമ്പോള്‍ സേര്‍ച്ച് എന്‍ജിന്‍ റിസള്‍ട്ട് പേജ്കളില്‍ പ്രത്യക്ഷപ്പെടുവാന്‍ ഗൂഗിള്‍ പോലുള്ള സെര്‍ച്ച് എന്‍ജിനുകള്‍ക്കു പണം നല്‍കിയാല്‍ ലഭ്യമാകുന്ന സേവനങ്ങളുണ്ട്. സെര്‍ച്ച് എഞ്ചിനുകളില്‍ പരസ്യം നല്‍കുന്ന ഇത്തരം രീതികളെയാണ് സെര്‍ച്ച് എന്‍ജിന്‍ മാര്‍ക്കറ്റിംഗ് (SEM) എന്ന് പറയുന്നത്.

സാമൂഹ്യ മാധ്യമങ്ങള്‍

വ്യത്യസ്തമായ സാമൂഹ്യ മാധ്യമങ്ങള്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിന് വളരെ ഫലപ്രദമായി ഉപയോഗിക്കാവുന്നവയാണ് . ഫേസ്ബുക്, ട്വിറ്റര്‍, ലിങ്ക്ഡ് ഇന്‍, വാട്ട്‌സ് ആപ്പ്, ഇന്‍സ്റ്റാഗ്രാം, യൂട്യൂബ് തുടങ്ങി അനേക തരത്തില്‍ സാമൂഹ്യ മാധ്യമങ്ങള്‍ ലഭ്യമാണ്. ഓരോ സാമൂഹ്യ മാധ്യമത്തിനും അതിന്റെതായ സവിശേഷതകളുണ്ട്. അവ പരിഗണിച്ചുകൊണ്ട് സ്വന്തം ബിസിനെസിനു അനുയോജ്യമായ സാമൂഹ്യമാധ്യമങ്ങള്‍ തിരഞ്ഞെക്കുവാന്‍ ശ്രദ്ധിക്കണം. ഉദാഹരണമായി ലിങ്ക്ഡ് ഇന്‍ ല്‍ ധാരാളം പ്രൊഫെഷനലുകള്‍ ഉണ്ട്, അതുകൊണ്ടു തന്ന്‌നെ ഒരു പ്ലേസ്‌മെന്റ് ഏജന്‍സിക്ക് ഏറ്റവും അനുയോജ്യമായ സാമൂഹ്യ മാധ്യമം ലിങ്ക്ഡ് ഇന്‍ ആവാം. യുവ തലമുറ കൂടുതലായി ഉപയോഗി ക്കുന്ന മാധ്യമമായ ഇന്‍സ്റ്റാഗ്രാം വഴി യുവതയിലേക്കു എത്തിച്ചേരാന്‍ സാധിക്കും. സാമൂഹ്യ മാധ്യമങ്ങളില്‍ പേജുകള്‍ നിര്‍മിക്കുന്നത് സൗജന്യമാണ്, എന്നാല്‍ മിക്കവാറും എല്ലാ മാധ്യമങ്ങളിലും പരസ്യങ്ങള്‍ നല്‍കാനുള്ള സൗകര്യം ലഭ്യമാണ്. കുറഞ്ഞ ചെലവില്‍ കൂടുതല്‍ ആളുകളിലേക്ക് മാര്‍ക്കറ്റിംഗ് സന്ദേശങ്ങള്‍ അയക്കാന്‍ ഉത്തമമായ ഉപാധിയാണ് സാമൂഹ്യ മാധ്യമങ്ങള്‍.

ഡിസ്പ്ലേ അഡ്വെര്‍ടൈസ്മെന്റ്

വാക്കുകള്‍, ലോഗോ, അനിമേഷന്‍, വീഡിയോ, ഫോട്ടോഗ്രാഫ്‌സ്, ഇ്#ഫോഗ്രാഫിക്‌സ് തുടങ്ങിയ ദൃശ്യപ്രധാനമായ ഘടകങ്ങളിലൂടെ പരസ്യ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്ന രീതിയാണ് ഡിസ്പ്ലൈ അഡ്വെര്‍ടൈസ്മെന്റ് അല്ലെങ്കില്‍ ബാന്നര്‍ അഡ്വെര്‍ടൈസ്മെന്റ് എന്ന് അറിയപ്പെടുന്നത്. വെബ്‌സൈറ്റുകളിലും സാമൂഹ്യ മാധ്യമങ്ങളിലും, മൊബൈല്‍ ആപ്ലിക്കേഷനുകളിലുമെല്ലാം ഡിസ്പ്ലൈ അഡ്വെര്‍ടൈസ്മെന്റുകള്‍ പ്രദര്‍ശിപ്പിക്കാം. ഗൂഗിള്‍ ആഡ്‌സ് വളരെ പ്രശസ്തമായ ഡിസ്‌പ്ലേ അഡ്വെര്‍ടൈസ്‌മെന്റ് പ്ലാറ്റ്‌ഫോം ആണ്. CPC, CPM, CPL, CPA എന്നീ സാങ്കേതിക പദങ്ങളെല്ലാം ഡിസ്‌പ്ലൈ അഡ്വെര്‍ടൈസിന്റെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടതാണ്. കോസ്റ്റ് പെര്‍ ക്ലിക്ക് - എന്നാല്‍ പരസ്യം കാണുന്നയാള്‍ ഒരു തവണ ക്ലിക്ക് ചെയ്താല്‍ പരസ്യ കമ്പിനിക്ക് പരസ്യം നല്‍കുന്ന ഏജന്‍സി/കമ്പനി നല്‍കേണ്ട തുകയാണ് ഇജഇ. കോസ്റ്റ് പെര്‍ മില്ലി (CPM) ആയിരം തവണ പരസ്യം പ്രദര്ശിപ്പിക്കപെടുമ്പോള്‍ പരസ്യകമ്പനിക്ക് ലഭിക്കേണ്ട തുകയാണ് സിപിഎം. കോസ്റ്റ് പെര്‍ ലീഡ് (CPL) പരസ്യത്തില്‍ താല്പര്യമുള്ള ഒരു ഉപഭോക്താവ് തന്റെ ഫോണ്‍നമ്പര്‍ ഇ-മെയില്‍ മുതലായ വിവരങ്ങള്‍ ഉപയോഗിച്ചു ലോഗിന്‍ ചെയ്യുമ്പോള്‍ പരസ്യ ക്യാമ്പിനിക്ക് നല്‍കേണ്ട തുക യാണ് കോസ്റ്റ് പെര്‍ ലീഡ്, വില്പനയെ സംബന്ധിച്ച് വളരെയേറെ ഉപകാരപ്രദമായ ഒരു രീതിയാണ് ഇത്. കോസ്റ്റ് പെര്‍ അക്വിസിഷന്‍(CPA) വില്‍പ്പന നടന്നു കഴിഞ്ഞാല്‍മാത്രം പണം നല്‍കേണ്ട രീതിയിയാണ്.

മൊബൈല്‍ ആപ്പ്‌സ് മാര്‍ക്കറ്റിംഗ്

മൊബൈല്‍ ഫോണെന്റെ പ്രിയം വര്‍ധിച്ചു വരുന്ന ഈ കാലഘട്ടത്തില്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ചെയ്യുവാന്‍ അനുയോജ്യമായ ഒരു മാധ്യമമാണ് മൊബൈല്‍ ആപ്പ്‌സ് മാര്‍ക്കറ്റിംഗ്. പലതരം ആവശ്യങ്ങള്‍ക്കായി മൊബൈല്‍ ആപ്പുകള്‍ ഇന്ന് ലഭ്യമാണ് ഇത്തരം ആപ്പുകളില്‍ പരസ്യ പ്രചാരം നടത്താനുളള സൗകര്യം ഉണ്ട്. ഡിജിറ്റല്‍ മാര്‍കെറ്റിംഗിന് വളരേറെ സാധ്യതകളുള്ള ഒരു മാധ്യമമാണ് ആപ്പുകള്‍.

യൂട്യൂബ്

വളരെയേറെ സന്ദര്‍ശകര്‍ ഏറെ സമയം ചെലവഴിക്കുന്ന മാധ്യമമാണ് യുട്യൂബ്. രണ്ടാമത്തെ വലിയ സെര്‍ച്ച് എന്‍ജിന്‍ എന്ന് യൂട്യൂബ് ഇക്കാലത്ത് അറിയപ്പെടുന്നു, അതു കൊണ്ടുതന്നെ യൂട്യൂബ് പരസ്യങ്ങള്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിന് ഫലപ്രദമായ ഉപാധിയാണ്. യൂട്യൂബില്‍ കമ്പനി ചാനല്‍ ആരംഭിക്കുന്നത് സൗജന്യസേവനമാണ്. ബിസിനസ്സ് താല്പര്യങ്ങള്‍ള്‍ പ്രചരിപ്പിക്കുന്ന വിഡിയോ സന്ദേശങ്ങള്‍ നിര്‍മ്മിക്കുബോള്‍ പ്രൊഫഷണല്‍ സഹായം തേടുന്നത് നല്ലതായിരിക്കും.

ഇ-മെയില്‍ മാര്‍ക്കറ്റിംഗ്

ഉപഭോക്താക്കളുമായി നേരിട്ടുസംവദിക്കാന്‍ ഇ-മെയില്‍ മാര്‍ക്കറ്റിംഗ് ഫലപ്രദമായ രീതിയാണ്. ഉത്പന്നങ്ങളുടെ വിശദവിവരങ്ങള്‍ള്‍ ഇമെയില്‍ല്‍ വഴി അയക്കുവാന്‍ സാധിക്കുന്നു അതോടൊപ്പം തന്നെ ഡിസ്‌കൗണ്ടുകള്‍, പ്രത്യേക ഓഫ്റുകള്‍ പുതിയ ഉത്പന്നങ്ങളുടെ പരിചയപ്പെടുത്തല്‍ ഇവയെല്ലാം ഇ-മെയില്‍ മാര്‍ക്കറ്റിംഗ് വഴി സാധിക്കാവുന്നതാണ്.

ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് - മേന്മകള്‍

പരമ്പരാഗത മാര്‍ക്കറ്റിംഗിനെ അപേക്ഷിച്ചു ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിന് ചില സവിശേഷ മേന്മകളുണ്ട്. സുതാര്യത, വഴക്കം(Flexibility), കൂടുതല്‍ ആളുകളിലേക്ക് എത്തിച്ചേരാന്‍ കഴിയുന്നു തുടങ്ങിയവ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിന്റെ മേന്മകളില്‍ ചിലതാണ്.

സുതാര്യത

ഡേറ്റയുമായി ബന്ധപ്പെടുത്തി അപഗ്രഥനം ചെയ്യുമ്പോള്‍ ഏതൊക്കെ പ്രദേശങ്ങളില്‍ നിന്നും എത്ര ആളുകള്‍ പരസ്യം കണ്ടു, അവരുടെ ശരാശരി വയസ്സ്, സ്ത്രീയോ പുരുഷനോ എന്നത്, താല്‍പ്പര്യങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ ലഭിക്കും. ഇതിനെ അടിസ്ഥാനമാക്കി പരസ്യത്തിന്റെ ഘടനയും, ഉള്ളടക്കവും ക്രമീകരിക്കാന്‍ സാധിക്കും. മാര്‍ക്കറ്റിംഗ്, ബ്രാന്‍ഡിംഗ് തുടങ്ങിയ മേഖലകളെ സംബന്ധിക്കുന്ന നല്ല ബിസിനസ് തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ ഈ സുതാര്യത സഹായിക്കും.

വഴക്കം (flexibility)

പ്രിന്റ് പോലുള്ള പരമ്പരാഗത മീഡിയകളില്‍ പരസ്യം ഒരു തവണ പ്രസിദ്ധീകരിച്ചാല്‍ പിന്നെ അതില്‍ മാറ്റങ്ങള്‍ വരുത്തുവാന്‍ സാധ്യമല്ല. എന്നാല്‍ ഡിജിറ്റല്‍ മീഡിയകളിലെ പരസ്യങ്ങളില്‍ പോകെ പോകെ തന്നെ മാറ്റങ്ങള്‍ വരുത്തുവാന്‍ സാധിക്കും. ഉദാഹരണമായി ഫേസ്ബുക്കില്‍ രണ്ടോ മൂന്നോ വ്യത്യസ്ത പരസ്യങ്ങള്‍ ഒരേസമയം പ്രസിദ്ധീകരിക്കുകയും ഡാറ്റ അനാലിസിസ് വഴി അതില്‍ നന്നായി പ്രവര്‍ത്തിക്കുന്ന പരസ്യം തിരിച്ചറിഞ്ഞു അതിലേക്കു കൂടുല്‍ പണം ചെലവഴിക്കാന്‍ സാധിക്കുകയും ചെയ്യും.

കൂടുതല്‍ ആളുകളിലേക്ക് എത്തിച്ചേരാന്‍ കഴിയുന്നു

താരതമ്യേന കുറച്ചു പണം ചെലവഴിച്ചുകൊണ്ട് കൂടുതല്‍ ആളുകളിലേക്ക് എത്തിച്ചേരുവാന്‍ സാധിക്കുന്നു എന്നതാണ് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ന്റെ പ്രധാന ഗുണങ്ങളില്‍ ഒന്ന്. രാജ്യാന്തര അതിര്‍ത്തികള്‍ക്കപ്പുറത്തേക്കു കുറഞ്ഞചെലവില്‍ മാര്‍ക്കറ്റിംഗ് സന്ദേശങ്ങള്‍ അയക്കുന്‍ സാധിക്കും, കൂടാതെ പ്രാദേശികമായി എവിടങ്ങളില്‍ പരസ്യം പ്രദര്‍ശിപ്പിക്കണം എന്നത് നിയന്ത്രിക്കാനും കഴിയും.

വളരെയേറെ ലളിതമായ നടപടിക്രമങ്ങളാണ് എങ്കിലും ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് രംഗത്തേക്ക് ഇറങ്ങിത്തിരിക്കുവാന്‍ ചെറുകിട ബിസിനസ്സുകള്‍ക്ക് പലപ്പോഴും മടിയുള്ളതായി കണ്ടുവരുന്നുണ്ട് എങ്ങെനെയാണ് തുടങ്ങേണ്ടത്? ഏതു ദിശയില്‍ സഞ്ചരിക്കണം? ഇത്തരത്തിലെ ചോദ്യങ്ങളാണ് ആരഭിക്കുന്നതിനു തടസ്സങ്ങളായി നില്‍ക്കുന്നത്. ഓരോ ബിസിനസിനും വ്യത്യസ്ഥമായ രീതികളാണ് അവലംബിക്കേണ്ടത്. പ്രാരംഭ ദിശയിലെ സംശയം ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് രംഗത്തേക്ക് കടന്നുവരുന്നവര്‍ സാധാരണയായി അനുഭവിക്കുന്നതാണ്. ഈ രംഗത്തേക്ക് ഇറങ്ങി തിരിച്ചാല്‍ മാത്രമേ ഏതുദിശയിലൂടെ മുന്നേറണമെന്ന് കണ്ടെത്താന്‍ സാധിക്കുകയുള്ളൂ. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിലേക്കുള്ള പ്രവേശനം മൂടല്‍ മഞ്ഞിലൂടെയുള്ള നടത്താവുമായി താരതമ്യം ചെയ്യാം. നടത്തം തുടങ്ങിക്കഴിഞ്ഞ് മാത്രമേ മുന്‍പിലുള്ള വഴി തെളിഞ്ഞു കാണാനാവൂ. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ആരംഭിച്ചതിന്‌ശേഷം ലഭ്യമാകുന്ന ഡാറ്റ അടിസ്ഥാനപ്പെടുത്തിവേണം മുന്നോട്ടുള്ള തീരുമാനങ്ങള്‍ കൈകൊള്ളുവാന്‍ അതുകൊണ്ട്, ഈ സാങ്കേതിക വിദ്യാരംഭത്തിന് ഇനിയും വൈകേണ്ട.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News