ലോക്ഡൗണ്‍ കാലത്ത് ഗൂഗ്ള്‍ മാപ്‌സ് നിങ്ങളെ സഹായിക്കും; നല്ല കാര്യങ്ങള്‍ക്കായി പ്രയോജനപ്പെടുത്താം ഈ ഫീച്ചറുകള്‍

Update: 2020-04-08 04:30 GMT

ഈ ലോക്ഡൗണ്‍ കാലത്ത് സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ച് വേണ്ട കാര്യങ്ങള്‍ എല്ലാം വീട്ടിലിരുന്നുകൊണ്ട് തന്നെ ചെയ്യാന്‍ എല്ലാവരും പഠിച്ചു കഴിഞ്ഞു. യാത്രയ്‌ക്കൊക്കെ മാത്രം ഉപയോഗിച്ചിരുന്ന ഗൂഗ്ള്‍ മാപ്‌സ് എങ്ങനെയാണ് ഈ ലോക് ഡൗണ്‍ കാലത്ത് ഉപയോഗപ്പെടുത്തുന്നതെന്നല്ലേ. ഇതാ പറയാം. വര്‍ക്ക് ഫ്രം ഹോം ഒന്നും സാധ്യമല്ലാതെ, പരിചയമില്ലാത്ത സ്ഥലങ്ങളില്‍ പെട്ടുപോയവര്‍ക്കാണ് ഗൂഗ്ള്‍ മാപ്‌സ് സഹായത്തിനെത്തുന്നത്.

ഇന്ത്യയിലെ 30 നഗരങ്ങളിലുടനീളമുള്ള ഭക്ഷണം ലഭിക്കുന്ന ഇടങ്ങളും രാത്രികളില്‍ തങ്ങാന്‍ സാധിക്കുന്ന ഷെല്‍ട്ടറുകളുടെയും പട്ടിക ഗൂഗിള്‍ മാപ്‌സ് കാണിച്ചുതരുന്നു. ഈ സവിശേഷത നിലവില്‍ ഇംഗ്ലീഷ് ഭാഷയില്‍ മാത്രമേ ലഭ്യമാവുകയുള്ളു. അധികം വൈകാതെ ഹിന്ദി ഭാഷയിലും ഈ സവിശേഷത ലഭ്യമാകും. ലോക്ക്ഡൗണില്‍ പല നഗരങ്ങളിലായി കുടുങ്ങി കിടക്കുന്ന ആളുകളെ സഹായിക്കാനാണ് ഈ സവിശേഷത കൊണ്ടുവന്നിരിക്കുന്നത്.

ഉപയോക്താക്കള്‍ക്ക് അവരുടെ സ്മാര്‍ട്ട്ഫോണില്‍ ഗൂഗിള്‍ മാപ്സ് അപ്ലിക്കേഷന്‍ തുറന്ന് പബ്ലിക്ക് ഫുഡ് ഷെല്‍ട്ടര്‍ അതല്ലെങ്കില്‍ പബ്ലിക് നൈറ്റ് ഷെല്‍ട്ടറുകള്‍ എന്ന് സെര്‍ച്ച് ചെയ്യാം. അതല്ലെങ്കില്‍ ഗൂഗിള്‍ അസിസ്റ്റന്റ് പോലുള്ള മറ്റ് ഗൂഗിള്‍ പ്ലാറ്റ്‌ഫോമുകളിലും ഉപയോക്താക്കള്‍ക്ക് സവിശേഷത ആക്‌സസ് ചെയ്യാന്‍ കഴിയും.

കൈയോസ് ബേസ്ഡ് ഫീച്ചര്‍ ഫോണുകളായ ജിയോ ഫോണുകളിലും ഈ സവിശേഷത ലഭ്യമാണ്. പബ്ലിക്ക് ഷെല്‍ട്ടറുകളുടെ പട്ടിക കാണുന്നതിനായി ഉപയോക്താക്കള്‍ക്ക് ഇഷ്ടമുള്ള സ്ഥലത്ത് ഫുഡ് ഷെല്‍ട്ടര്‍ എന്ന് ടൈപ്പ് ചെയ്ത് സെര്‍ച്ച് ചെയ്യാം. ഷെല്‍ട്ടറുകളും ഭക്ഷണവും ആവശ്യമായി വരുന്ന ഭൂരിഭാഗം ആളുകളുടെ കൈയ്യിലും സ്മാര്‍ട്ട്‌ഫോണ്‍ ഉണ്ടാകില്ല എന്നത് മനസിലാക്കികൊണ്ട് ഗൂഗിള്‍ തങ്ങളുടെ പുതിയ പദ്ധതി ജിയോ ഫോണിലും ലഭ്യമാക്കിയിരിക്കുന്നു.

ലോക് ഡൗണ്‍ കാലത്തിന് ശേഷം ഈ സവിശേഷത ഗൂഗിള്‍ മാപ്‌സ് നിലനിര്‍ത്തുമോ എന്നകാര്യത്തില്‍ കമ്പനി ഔദ്യോഗികമായ വിശദീകരണങ്ങളൊന്നും നല്‍കിയിട്ടില്ല.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News