സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിംഗ്: ബ്രാന്‍ഡിനെ വളര്‍ത്താം വേഗത്തില്‍

Update:2017-12-27 12:29 IST

ഷിഹാബുദ്ദീന്‍ പി.കെ

ഇത് ഡിജിറ്റല്‍ മീഡിയയുടെ കാലമാണ്. ഇന്റര്‍നെറ്റിന്റെ വ്യാപനത്തോടെ, കൂടുതല്‍ ആഴത്തില്‍ ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലാന്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും കഴിഞ്ഞിട്ടുണ്ട്. ഇതില്‍ നിര്‍ണായകമായ പങ്കുവഹിക്കുന്ന ഒന്നാണ് സോഷ്യല്‍ മീഡിയ.

കണക്കുകള്‍ പ്രകാരം കേരളത്തിലെ മൊത്തം ജനസംഖ്യയുടെ ഏകദേശം 70 ശതമാനത്തോളംപേര്‍ ഡിജിറ്റല്‍ സാക്ഷരത നേടിയവരാണ്. ഇവരില്‍ ഭൂരിഭാഗം പേരും സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവരും. ശരാശരി കണക്കനുസരിച്ച്, ഫേസ്ബുക്കും ട്വിറ്ററും ലിങ്ക്ഡ് ഇന്നും ഇന്‍സ്റ്റഗ്രാമും ഉള്‍പ്പെടുന്ന സോഷ്യല്‍ മീഡിയയില്‍ ഇന്നത്തെ യുവത്വം ദിവസം മൂന്നു മുതല്‍ നാല് മണിക്കൂര്‍ വരെ ചെലവഴിക്കുന്നുണ്ട്. ഇത്തരക്കാരുടെ ഇടയിലേക്കാണ് സോഷ്യല്‍ മീഡിയ ബ്രാന്‍ഡിംഗ് എന്ന ലക്ഷ്യത്തോടെ സ്ഥാപനങ്ങള്‍ ഇറങ്ങി ചെല്ലേണ്ടത്.

എന്തുകൊണ്ട് സോഷ്യല്‍ മീഡിയ ഐഡന്റിറ്റി ?

ഒരു കാലത്ത് മാര്‍ക്കറ്റിംഗ് രംഗം അടക്കിവാണിരുന്ന റേഡിയോ, പ്രിന്റ് മാധ്യമങ്ങള്‍ ഇന്ന് സോഷ്യല്‍മീഡിയ മാര്‍ക്കറ്റിംഗിലേക്ക് വഴിമാറിക്കൊണ്ടിരിക്കുകയാണ്. ടെക്‌നോളജിയുടെ വളര്‍ച്ചയാണ് ഇതിനു പിന്നിലെ പ്രധാന കാരണം. സോഷ്യല്‍ മീഡിയ ബ്രാന്‍ഡിംഗ് യഥാര്‍ത്ഥത്തില്‍ ഒരു ഇന്‍ഡയറക്റ്റ് ബ്രാന്‍ഡിംഗ് ആണ്. റേഡിയോ ടിവി പരസ്യങ്ങളെ പോലെ പരസ്യങ്ങള്‍ കാണാനോ കേള്‍ക്കാനോ സോഷ്യല്‍ മീഡിയ ഉപഭോക്താക്കളെ നിര്‍ബന്ധിക്കുന്നില്ല. പരസ്യങ്ങള്‍, കണ്ടന്റ് മാര്‍ക്കറ്റിംഗ് എന്നിവ സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിംഗിന്റെ ഭാഗമാണ്.

സോഷ്യല്‍ മീഡിയ എങ്ങനെ പ്രയോജനപ്പെടുത്താം

സോഷ്യല്‍ മീഡിയ ബ്രാന്‍ഡിംഗില്‍ ശ്രദ്ധ ചെലുത്തുന്ന ഒരു സ്ഥാപനം ആദ്യമായി ചെയ്യേണ്ടത് ഒരു കോര്‍പ്പറേറ്റ് വെബ്‌സൈറ്റ് ആരംഭിക്കുക എന്നതാണ്. സ്ഥാപനവുമായി ബന്ധപ്പെട്ടു പ്രാഥമിക വിവരങ്ങള്‍, നല്‍കുന്ന സേവനങ്ങള്‍, ചുമതലപ്പെട്ടവരുടെ വിവരങ്ങള്‍, ബന്ധപ്പെടാനുള്ള ടെലഫോണ്‍ നമ്പര്‍ എന്നിവ ഇതില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തിയിരിക്കണം. സ്ഥാപനത്തെക്കുറിച്ച് ഒറ്റ നോട്ടത്തില്‍ ആഴത്തിലുള്ള ഒരു ചിത്രം ലഭിക്കാന്‍ ഇത് സഹായിക്കും. വെബ്‌സൈറ്റ് എസ്ഇഒ ചെയ്യുന്നത് മൂലം ഗൂഗിള്‍ സെര്‍ച്ചില്‍ മുന്നില്‍ വരികയും ചെയ്യും.

രണ്ടാമതായി വേണ്ടത് ഒരു ഫേസ്ബുക്ക്, ട്വിറ്റര്‍, ലിങ്ക്ഡ് ഇന്‍ എക്കൗണ്ടുകള്‍ തുടങ്ങുക എന്നതാണ്. ചുരുങ്ങിയ ചെലവില്‍ വലിയൊരു സമൂഹത്തോട് സംവദിക്കാന്‍ ഉപകരിക്കുന്നവയാണ് ഇവ. സ്ഥാപനവുമായി ബന്ധപ്പെട്ടു പൊതുജനങ്ങള്‍ അറിയേണ്ട കാര്യങ്ങള്‍, ഓഫറുകള്‍ തുടങ്ങിയ കാര്യങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാം. ആവശ്യമെങ്കില്‍ പോസ്റ്റുകള്‍ പണം നല്‍കി ബൂസ്റ്റ് ചെയ്യാം.

സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ കൂടുതല്‍ ഇന്ററാക്ടീവ് ആയി നിലനിര്‍ത്തുക എന്നതാണ് അടുത്ത പടി. സ്ഥാപനത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുള്ള വീഴ്ചകള്‍ പരിഹരിക്കാന്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്നത് ഉപകരിക്കും. കഴിയുന്നതും ഉപഭോക്താക്കളുടെ ആശങ്കകള്‍ക്കും ചോദ്യങ്ങള്‍ക്കും മറുപടി പറയാന്‍ ശ്രമിക്കുക. പ്രൊമോഷന്റെ ഭാഗമായി പോസ്റ്റുകള്‍ക്കൊപ്പം, കണ്ടന്റ് പ്രൊമോഷന്‍, സോഷ്യല്‍ മീഡിയ കാര്‍ഡുകള്‍, വീഡിയോകള്‍, ഫേസ്ബുക്ക് ലൈവ് തുടങ്ങിയവയും പ്രയോജനപ്പടുത്താം.

സോഷ്യല്‍ മീഡിയ ബ്രാന്‍ഡിംഗ് ഗുണങ്ങള്‍ പലത്

കൃത്യമായ സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിംഗ് പ്ലാനിലൂടെ വളരെ ചുരുങ്ങിയ സമയം കൊണ്ട് സ്ഥാപനത്തിന്റെ ബ്രാന്‍ഡ് മൂല്യം വര്‍ധിപ്പിക്കാന്‍ സാധിക്കും. അതിര്‍ത്തികള്‍ ഇല്ലാതെ, കൂടുതല്‍ സ്ഥലത്തേക്ക് സ്ഥാപനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ എത്തിക്കാന്‍ സാധിക്കും. സ്ഥിരം സോഷ്യല്‍മീഡിയയില്‍ കാണുന്ന ഒരു ബ്രാന്‍ഡ് എന്ന നിലയ്ക്ക്, നിങ്ങളുടെ ബ്രാന്‍ഡ് ജനങ്ങളുടെ മനസില്‍ വളരെപ്പെട്ടെന്ന് രജിസ്റ്റര്‍ ചെയ്യപ്പെടും. ഇത് ബ്രാന്‍ഡ് ലോയല്‍റ്റി എന്ന ഘടകം വര്‍ധിപ്പിക്കും.

പുതിയ ബിസിനസ് അവസരങ്ങള്‍ തുറന്നു കിട്ടുന്നതിനും സെയ്ല്‍സ് വര്‍ധിക്കുന്നതിനും സോഷ്യല്‍ മീഡിയ കാംപെയ്‌നുകള്‍ കാരണമാകുന്നു. സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിംഗിന്റെ ഏറ്റവും മര്‍മ്മപ്രധാനമായ മറ്റൊരു ഘടകം ഇത് മാര്‍ക്കറ്റിംഗ് കോസ്റ്റ് 80 ശതമാനത്തോളം കുറയ്ക്കുന്നു എന്നതാണ്. ഉപഭോക്താക്കളിലേക്ക് കൂടുതല്‍ ഇറങ്ങി ചെല്ലുവാനും ഇതുമൂലം സാധിക്കുന്നു.

വെബ്‌സൈറ്റ് നിര്‍മിക്കുമ്പോള്‍ ശ്രദ്ധിക്കാം

വെബ്‌സൈറ്റ് നിര്‍മാണത്തിനായി ആദ്യം വേണ്ടത് ഒരു ഡൊമെയ്ന്‍ നെയ്മാണ്. ഒപ്പം ഡിസൈന്‍ ചെയ്ത സൈറ്റ് അപ്‌ലോഡ് ചെയ്യാന്‍ ഒരു സ്‌പേസും വേണം. ഡൊമെയ്ന്‍ നെയ്മിന്റെ നിയന്ത്രണം 100 ശതമാനവും ഉടമയുടെ കൈവശം തന്നെയായിരിക്കണം. നെയിം സെര്‍വറോ, ഡിഎന്‍എസ് റെക്കോഡുകളോ മാറ്റേണ്ടി വരികയാണെങ്കില്‍ ഡിസൈനറുടെ നിര്‍ദേശമനുസരിച്ച് ഉടമ തന്നെ മാറ്റിയാല്‍ മതി. ഡോട്ട് കോം, ഡോട്ട് ഇന്‍ എന്നിവയ്ക്കാണ് ആവശ്യക്കാര്‍ ഏറെ.

ഡൊമെയ്‌നുകള്‍ എടുക്കുന്നതിന് 500 മുതല്‍ 550 രൂപ വരെയാണ് സാധാരണ വില വരാറുള്ളത്. മികച്ച വില്‍പ്പനാനന്തര സേവനം ലഭിക്കാന്‍ നല്ല രജിസ്ട്രറികളില്‍ നിന്നു മാത്രം ഡൊമെയ്ന്‍ വാങ്ങുക. വന്‍തോതില്‍ ഇന്‍വെസ്റ്റ്‌മെന്റ് വരുന്ന സ്ഥാപനങ്ങളാണ് നിങ്ങള്‍ ആരംഭിക്കുന്നതെങ്കില്‍ ഡൊമെയ്ന്‍ അഞ്ചു വര്‍ഷത്തെക്കോ പത്തു വര്‍ഷത്തെക്കോ ഒന്നിച്ചു ബുക്ക് ചെയ്യുന്നതാണ് നല്ലത്. ഇല്ലെങ്കില്‍ റിന്യൂ ചെയ്യാന്‍ മറന്നുപോയാല്‍ ബിസിനസിനെ ബാധിക്കും.

Similar News