ലോകത്താകമാനം മൂന്നു ബില്യണില്‍ അധികം ആളുകള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നുണ്ട്. നമ്മുടെ ബിസിനസിനെ ഇതുവരെ ഡിജിറ്റലൈസ് ചെയ്തിട്ടില്ലെങ്കില്‍ നമ്മളിപ്പോഴും അത്രയും പ്രബലമായ ഉപയോക്താക്കളെ പുറത്തുനിര്‍ത്തിയിരിക്കുകയാണെന്നര്‍ത്ഥം. നിങ്ങളെവിടെ നില്‍ക്കുന്നുവെന്നോ നിങ്ങളുടെ നിഷ് എന്തെന്നോ പ്രശ്‌നമല്ല, പുതുലോക വിപണി കീഴടക്കേണ്ടവര്‍ക്ക് ഒരു വെബ്‌സൈറ്റ് അത്യാവശ്യമാണ്.
വെബ്‌സൈറ്റ് എങ്ങനെ തുടങ്ങാമെന്നതിന്റെ വിശാലമായ ഒരു രൂപം ഇവിടെ നല്‍കാം. സാങ്കേതികവശം പരിചയമില്ലാത്തവര്‍ക്കും ഇതേപ്പറ്റി അടിസ്ഥാനപരമായ ധാരണയുണ്ടാക്കുന്നതിന് ഇതു സഹായകരമാവും. വെബ്‌സൈറ്റ് നിര്‍മാണത്തിനായി സിംപിളായി ആരെയെങ്കിലും ഏല്‍പ്പിച്ച് രക്ഷപ്പെടാമെങ്കിലും ഇതേപ്പറ്റിയുള്ള ധാരണക്കുറവ് പിന്നീടും വലിയ അലട്ടലുണ്ടാക്കും. എങ്ങനെ, എവിടുന്ന് തുടങ്ങുമെന്ന് വലിയ കണ്‍ഫ്യൂഷനാണ് അല്ലേ? അഞ്ചു സ്റ്റെപ്പുകളിലായി ഓരോന്നും ചെറുതായി വിവരിച്ചുതരാം.
വെബ്‌സൈറ്റ് തുടങ്ങാന്‍ 5 സ്റ്റെപ്പുകള്‍
1. നിങ്ങളുടെ വെബ്‌സൈറ്റ് പ്ലാന്‍ ചെയ്യുക
2. വെബ്‌സൈറ്റ് ഡിസൈനിംഗ്- DIY - Do it yourself (സ്വന്തമായി നിര്‍മിക്കാം), അല്ലെങ്കില്‍ DIFM - Do it for me, (മറ്റൊരാളെക്കൊണ്ട് ചെയ്യിപ്പിക്കാം)
3. ഉള്ളടക്ക നിര്‍മാണം
4. വെബ്‌സൈറ്റില്‍ വില്‍പ്പന തുടങ്ങാം
5. സെര്‍ച്ച് എന്‍ജിന്‍ ഒപ്റ്റിമൈസേഷന്‍
1. വെബ്‌സൈറ്റ് പ്ലാനിംഗ്
തട്ടിക്കൂട്ടി വെബ്‌സൈറ്റ് ഉണ്ടാക്കിയതു കൊണ്ടായില്ല, കൃത്യമായ മാസ്റ്റര്‍പ്ലാനും ദീര്‍ഘദൃഷ്ടിയും വേണം. ടെക്‌നോളജിയുടെ വളര്‍ച്ചയ്‌ക്കൊപ്പം ഉലച്ചിലില്ലാതെ ഓടാന്‍ നമ്മുടെ വെബ്‌സൈറ്റിനാവണം. ചിലരൊക്കെ പറയുക, 'എനിക്കൊരു ഓണ്‍ലൈന്‍ കച്ചവടക്കാരനാവണം', 'എനിക്കൊരു വെബ്‌സൈറ്റ് വേണം' എന്ന അയഞ്ഞമട്ടിലുള്ള ആവശ്യങ്ങളാണ്. എന്നാല്‍, 'സ്വന്തം ബിസിനസ് എങ്ങനെ വെബ്‌സൈറ്റിലൂടെ ചെയ്യാം' എന്നതിനെപ്പറ്റിയാണ് ആദ്യം ധാരണയുണ്ടാക്കേണ്ടത്. കോടിക്കണക്കിന് സന്ദര്‍ശകര്‍ വെബ്‌സൈറ്റിന് ഉണ്ടായതുകൊണ്ടോ, സോഷ്യല്‍മീഡിയയില്‍ മില്യണ്‍ കണക്കിന് ഫോളോവേഴ്‌സ് ഉണ്ടായതു കൊണ്ടോ കാര്യമില്ല. അതിനെ എങ്ങനെ ബിസിനസ് ആക്കിയെടുക്കാമെന്നതിനെപ്പറ്റിയാണ് ആലോചിക്കേണ്ടത്.
ഓഡിയന്‍സിനെ അറിയുക
ഇന്റര്‍നെറ്റ് ലോകത്തുള്ള ഓരോ വെബ്‌സൈറ്റും നോക്കിവച്ച്, എനിക്ക് ഇതുപോലെയുള്ള വെബ്‌സൈറ്റാണ് വേണ്ടതെന്നു പറഞ്ഞതു കൊണ്ടായില്ല. നിങ്ങളെ ആകര്‍ഷിക്കുന്ന വെബ്‌സൈറ്റ് നിങ്ങളുടെ ബിസിനസുമായി
ചേര്‍ന്നതായിക്കൊള്ളണമെന്നില്ലല്ലോ. ഓരോ സേവനത്തിനും ബിസിനസിനും ഓരോ രീതിയിലും ഡിസൈനിലുമുള്ള വെബ്‌സൈറ്റുകളാണ് പറ്റുക. അപ്പോള്‍ ആദ്യം വേണ്ടത് നിങ്ങളുടെ ഓഡിയന്‍സിനെ (കസ്റ്റമറെ) തിരിച്ചറിയുക എന്നതാണ്.
ഇന്റര്‍നെറ്റിലെ മൂന്നു ബില്യണ്‍
ആളുകളെയും നിങ്ങളുടെ വെബ്‌സൈറ്റിലേക്ക് ആവാഹിച്ചെടുക്കാമെന്ന
ധാരണ വേണ്ട. അതിലെ ഓരോ ഉപഭോക്താവും സവിശേഷമായ വ്യക്തിത്വവും താല്‍പ്പര്യവുമുള്ളവരാണ്. അതുകൊണ്ട് നിങ്ങളുടെ പ്രൊഡക്ടുമായി, ബിസിനസുമായി ഏറ്റവും ഇഴുകിച്ചേരുന്ന ഉപഭോക്താക്കളെ വേണം മനസില്‍ കാണാന്‍. അവരുടെ, നിങ്ങളുടെ പ്രൊഡക്ടിന്റെ സ്വഭാവം വെച്ചുവേണം ഗൗരവമായ വെബ്‌സൈറ്റ് വേണോ, കളര്‍ഫുളായ വെബ്‌സൈറ്റ് വേണോ എന്നു തീരുമാനിക്കാന്‍. ഒരു വാര്‍ത്താ വെബ്‌സൈറ്റിന് ചേര്‍ന്ന ഡിസൈന്‍ ആയിരിക്കില്ലല്ലോ, കുട്ടികളുടെ വസ്ത്രം വില്‍ക്കുന്ന വെബ്‌സൈറ്റിന്.
ഡൊമൈന്‍ പേര് നിശ്ചയിക്കാം
ഡൊമൈന്‍ പേര്, അതാണ് ഓണ്‍ലൈന്‍ ലോകത്തെ നിങ്ങളുടെ ഒരേയൊരു വിലാസം. ആ ഒറ്റപ്പേരു മതി, ഓണ്‍ലൈന്‍ ലോകത്ത് നിങ്ങളെ കണ്ടെത്താന്‍. കോടിക്കണക്കായ വെബ്‌സൈറ്റുകള്‍ക്കിടയില്‍ നിങ്ങളുടെ കുഞ്ഞുവെബ്‌സൈറ്റ് പുറംലോകം കാണുമോ? ന്യായമായ സംശയം. ഇല്ല എന്നു തന്നെയാണ് ആദ്യത്തെ ഉത്തരം. പക്ഷെ, അതിന് ഓണ്‍ലൈന്‍ ലോകത്തു തന്നെ വഴിയുണ്ട്. അതേപ്പറ്റി പിന്നീടാവാം.
ഡൊമൈന്‍ പേര് നിശ്ചയിക്കുമ്പോള്‍ തന്നെ ആലോചിച്ചു തുടങ്ങണം. വലിയ കെട്ടുപിണക്കമില്ലാതെ ലളിതമായ പേരാണ് വെബ്‌സൈറ്റിനു നല്‍കേണ്ടത്. നിങ്ങളുടെ ബിസിനസിനെ അര്‍ഥമാക്കുന്ന പേര് തെരഞ്ഞെടുക്കുന്നതും നന്നാവും. ഉദാഹരണത്തിന് ബിരിയാണി കച്ചവടത്തിനു വേണ്ടിയാണെങ്കില്‍ ബിരിയാണി.കോം എന്ന ഡൊമൈനായിരിക്കും നല്ലത്.
(ഡൊമൈന്‍ തെരഞ്ഞെടുപ്പ്, രജിസ്‌ട്രേഷന്‍ എന്നിവ അടുത്ത ലക്കത്തില്‍)