മടങ്ങുന്ന കാലമാകുമ്പോള്‍ പറയണേ, ആപ്പിളിനെ ട്രോളി സാംസംഗ്; പക്ഷേ 3 മടക്കുമായി ഞെട്ടിച്ചത് ചൈനീസ് സൂപ്പര്‍ താരം
സാംസംഗ് രണ്ട് മടക്കുള്ള ഫോണുകള്‍ ഇറക്കിയപ്പോള്‍ മൂന്ന് മടക്കുള്ള ഫോണുമായെത്തിയാണ് വാവെയ് ഞെട്ടിച്ചത്
മടങ്ങുന്ന കാലമാകുമ്പോള്‍ പറയണേ... കഴിഞ്ഞ ദിവസം ആപ്പിള്‍ കമ്പനി ഐഫോണ്‍ 16 സീരീസിലെ ഫോണുകള്‍ പുറത്തിറക്കിയതിന് പിന്നാലെ കൊറിയന്‍ സ്മാര്‍ട്ട്‌ഫോണ്‍ ഭീമനായ സാംസംഗ് നടത്തിയ ഈ പരാമര്‍ശമായിരുന്നു കഴിഞ്ഞ ദിവസം ടെക് ലോകത്തെ സംസാരം. ആപ്പിള്‍ ലൈനപ്പില്‍ ഫോള്‍ഡബിള്‍ ഫോണുകളുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് സാംസംഗ് നൈസായി ട്രോളിയത്. കഴിഞ്ഞ വര്‍ഷം സാമൂഹ്യമാധ്യമമായ എക്‌സിലെ ഔദ്യോഗിക അക്കൗണ്ടിലിട്ട പോസ്റ്റാണ് ഇത്തവണ റീട്വീറ്റ് ചെയ്തതെങ്കിലും ആന്‍ഡ്രോയ്ഡ് ആരാധകര്‍ സംഗതി ആഘോഷമാക്കി. ഫോള്‍ഡബിള്‍ ഫോണ്‍ രംഗത്ത് സാംസംഗിന്റെ അപ്രമാദിത്യം ഉറപ്പിക്കാന്‍ കൂടിയായിരുന്നു സാംസംഗിന്റെ ട്വീറ്റെന്നും ചിലര്‍ പറയുന്നു.
കിടിലന്‍ ലൈനപ്പില്‍ ഐഫോണ്‍
ലോഞ്ചിന് മുമ്പേ ടെക് ലോകത്ത് പ്രചരിച്ചതില്‍ പലതും ശരിവക്കുന്നതായിരുന്നു ഇത്തവണത്തെ ആപ്പിള്‍ ഇവന്റ്. ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ്, ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്സ് എന്നീ മോഡലുകളാണ് വിപണിയിലെത്തിയത്. ഏറ്റവും പുതിയ എ18 ചിപ്പ് സെറ്റില്‍ ആപ്പിള്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെയാണ് ഫോണുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇതിനൊപ്പം ആപ്പിള്‍ വാച്ച് സീരീസ് 10, ആപ്പിള്‍ വാച്ച് അള്‍ടാ 2, എയര്‍പോഡ്സ് 4, എയര്‍പോഡ്സ് പ്രോ മാകസ് എന്നിവയും വിപണിയിലെത്തി.
ആപ്പിള്‍ ഇന്റലിജന്‍സ് പൊളിക്കും
ആപ്പിള്‍ ഇന്റലിജന്‍സിന് വേണ്ടി ആദ്യമായി രൂപകല്‍പ്പന ചെയ്ത ഫോണുകളാണിത്. ഇതുപയോഗിച്ച് എഴുതാനും സ്വന്തം ആശയങ്ങള്‍ പ്രകടിപ്പിക്കാനും കാര്യങ്ങള്‍ കുറച്ചുകൂടി എളുപ്പത്തിലാക്കാനും സാധിക്കും. നിങ്ങള്‍ പങ്കുവയ്ക്കുന്ന വ്യക്തിവിവരങ്ങള്‍ സുരക്ഷിതമായിരിക്കുമെന്നും കമ്പനിക്ക് പോലും അതില്‍ ഇടപെടാനാകില്ലെന്നും ആപ്പിള്‍ പറയുന്നു. വളരെ എളുപ്പത്തില്‍ കിടിലന്‍ ഫോട്ടോകളെടുക്കാന്‍ ക്യാമറ ആക്ഷന്‍ ബട്ടണ്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അള്‍ട്രാ മറീന്‍, ടീല്‍ (Teal), പിങ്ക്, വൈറ്റ്, ബ്ലാക്ക് എന്നീ അഞ്ച് നിറങ്ങളില്‍ ഫോണ്‍ ലഭ്യമാകും. 79,999 രൂപ മുതലാണ് ഐഫോണ്‍ 16ന്റെ വില. 89,900 രൂപ മുതലാണ് ഐഫോണ്‍ 16 പ്ലസിന്റെ വിലയാരംഭിക്കുന്നത്.
വിലക്കുറവില്‍ ഐഫോണുകള്‍
ആപ്പിള്‍ ഇന്റലിജന്‍സില്‍ പ്രവര്‍ത്തിക്കുന്ന ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്സ് ഫോണുകളുകളായിരുന്നു ഇവന്റിന്റെ പ്രധാന ആകര്‍ഷണം. വലിയ ഡിസ്‌പ്ലേ, കിടിലന്‍ ക്യാമറ ഫംഗ്ഷനുകള്‍, ഗെയിമിങ്ങിന് വേണ്ടി മികച്ച ഗ്രാഫിക്‌സ് എന്നിവ ഫോണില്‍ ഒരുക്കിയിട്ടുണ്ട്. ഇതുവരെ നിര്‍മിച്ചതില്‍ വച്ച് ഏറ്റവും മികച്ച ക്യാമറയാണ് ഫോണിലുള്ളതെന്നാണ് ആപ്പിളിന്റെ അവകാശവാദം. ബ്ലാക്ക് ടൈറ്റാനിയം, നാച്ചുറല്‍ ടൈറ്റാനിയം, വൈറ്റ് ടൈറ്റാനിയം, ഡെസര്‍ട്ട് ടൈറ്റാനിയം എന്നീ നിറങ്ങളില്‍ ഫോണ്‍ ലഭ്യമാകും. 1,19,000 രൂപ മുതല്‍ പ്രോ മോഡലും 1,44,990 രൂപ മുതല്‍ പ്രോ മാക്‌സ് മോഡലുകളും ഇന്ത്യയില്‍ ലഭ്യമാകും. ഇതാദ്യമായാണ് ഇന്ത്യയില്‍ ഇത്രയും വിലക്കുറവില്‍ ഐഫോണ്‍ ഇറക്കുന്നത്.
ആപ്പിളിനെയും സാംസംഗിനെയും ഞെട്ടിച്ച് വാവെയ്
സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ആപ്പിളിനെയും സാംസംഗിനെയും വെല്ലുവിളിക്കാന്‍ പോന്ന കരുത്തനാണ് ചൈനീസ് കമ്പനിയായ വാവെയ് (Huawei). സാംസംഗ് രണ്ട് മടക്കുള്ള ഫോണുകള്‍ (Dual screen) ഇറക്കിയപ്പോള്‍ മൂന്ന് മടക്കുള്ള (triple fold - three screens) ഫോണുമായെത്തിയാണ് വാവെയ് ടെക് ലോകത്തെ ഞെട്ടിച്ചത്. ലോകത്ത് ആദ്യമായാണ് ഇത്തരത്തിലൊരു ഫോണെന്നും കമ്പനി അവകാശപ്പെടുന്നു. രണ്ട് ദിവസത്തിനുള്ളില്‍ 30 ലക്ഷം പ്രീഓര്‍ഡര്‍ ലഭിച്ചതായി കമ്പനി വെളിപ്പെടുത്തിയത് ടെക് ലോകത്തെ മുഴുവന്‍ ഞെട്ടിച്ചിട്ടുണ്ട്. ഐഫോണ്‍ 16 സീരീസിലെ ഫോണുകളുടെ ലോഞ്ച് കഴിഞ്ഞതിന് തൊട്ടുപിന്നാലെയാണ് മേറ്റ് എക്‌സ്ടി അള്‍ട്ടിമേറ്റ് എഡിഷന്‍ എന്ന പേരില്‍ ത്രീഫോള്‍ഡ് സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെത്തിയത്. ടാബ്‌ലറ്റിന്റെ വലിപ്പത്തില്‍ 10.2 ഇഞ്ച് ഫോള്‍ഡബിള്‍ 3കെ റെസല്യൂഷന്‍ ഒ.എല്‍.ഇ.ഡി സ്‌ക്രീനാണ് ഫോണിലുള്ളത്. മുഴുവനായും അടച്ചുവച്ചാല്‍ സാധാരണ 6.4 ഇഞ്ച് വലിപ്പമുള്ള സ്മാര്‍ട്ട്‌ഫോണായും പകുതി തുറന്നാല്‍ 7.9 ഇഞ്ച് വലിപ്പത്തിലുള്ള സ്‌ക്രീനിലും മുഴുവനായും തുറന്നാല്‍ 10 ഇഞ്ച് ടാബായും ഇതുപയോഗിക്കാം.
ഇന്ത്യയില്‍ കിട്ടില്ല സാര്‍
ഏകദേശം 2,35,000 രൂപ മുതലാണ് ഫോണിന്റെ വില. എന്നാല്‍ പിന്നെ കടയില്‍ പോയി വാങ്ങാമെന്ന് കരുതിയാലും ഇന്ത്യയില്‍ ഈ സാധനം കിട്ടില്ല. നിലവില്‍ ചൈനീസ് മാര്‍ക്കറ്റില്‍ മാത്രമാണ് ഫോണ്‍ കിട്ടുക. ചില ജി.സി.സി രാജ്യങ്ങളില്‍ ഫോണ്‍ ലഭ്യമായേക്കുമെന്നും വിവരമുണ്ട്. വാവെയുടെ സ്വന്തം കിറിന്‍ 9010 (kirin) ചിപ്പ്‌സെറ്റ് കരുത്തേകുന്ന ഫോണില്‍ 16 ജി.ബി റാമും ഒരു ടിബി വരെ സ്‌റ്റോറേജും ലഭിക്കും. 3.6 എം.എം കനമുള്ള 5,600 എം.എ.എച്ച് ബാറ്ററി ദിവസം മുഴുവന്‍ നീണ്ടുനില്‍ക്കുമെന്നാണ് കമ്പനി പറയുന്നത്. 66 വാട്ട് ഫാസ്റ്റ് ചാര്‍ജറും 50 വാട്ട് വയര്‍ലെസ് ചാര്‍ജറും ഫോണിനൊപ്പമുണ്ട്.
അതേസമയം, സ്മാര്‍ട്ട് ഫോണ്‍ വിപണിയിലെ പകുതിയോളവും കയ്യടക്കി വച്ചിരിക്കുന്നത് സാംസംഗ്, വാവെയ്, ആപ്പിള്‍ എന്നീ മൂന്ന് കമ്പനികള്‍ ചേര്‍ന്നാണെന്നും കണക്കുകള്‍ പറയുന്നു. മൂന്ന് കമ്പനികള്‍ ടെക്‌നോളജിയുടെ കാര്യത്തില്‍ മത്സരിക്കുന്നത് പോലെ വിലകുറയ്ക്കുന്ന കാര്യത്തിലും മത്സരം വേണമെന്നാണ് ടെക് ലോകത്തെ ആവശ്യം.