ഇ-ഫാര്‍മസിയെ പേടിക്കണോ?

Update: 2019-12-01 11:30 GMT

പ്രൊഫ. വര്‍ക്കി പട്ടിമറ്റം

വീട്ടിലിരുന്ന് ഇന്റര്‍നെറ്റിലൂടെ മരുന്ന് വില്‍പ്പനക്കാരുടെ വെബ്‌സൈറ്റിലെത്തി മരുന്നിന് ഓര്‍ഡര്‍ കൊടുക്കുക. നിശ്ചിത സമയത്തിനകം മരുന്ന് വീട്ടിലെത്തും. പണം കൊടുത്ത് ഇടപാട് പൂര്‍ത്തിയാക്കുക. 'ഇലക്ട്രോണിക് ഫാര്‍മസി' അഥവാ 'ഇ-ഫാര്‍മസി'യുടെ പ്രവര്‍ത്തന രീതിയാണിത്. കടയില്‍ പോകാന്‍ ബുദ്ധിമുട്ടുള്ള അവശരായ രോഗികള്‍ക്ക് വളരെ സൗകര്യപ്രദമായ വ്യാപാര

രീതിയാണിത്. ഈ അധിക സൗകര്യത്തിന് കൂടുതല്‍ പണം നല്‍കേണ്ടതില്ല. നേരെ മറിച്ച് 40 ശതമാനം വരെ ഡിസ്‌കൗണ്ടും ലഭിക്കുന്നു.

നിലവിലുള്ള ഔഷധകടക്കാര്‍ക്ക് ഈ പുതിയ സാങ്കേതികവിദ്യ ഒരു ഭീഷണിതന്നെയാണ്. പക്ഷേ, പുതിയ സാങ്കേതിക വിദ്യകളെ എതിര്‍ത്തിട്ട് കാര്യമില്ല. മാറിയ സാഹചര്യങ്ങളെ കൂടുതല്‍ പ്രയോജനപ്പെടുത്തുന്നതാണ് ബുദ്ധി.

ഉദാഹരണത്തിന് നിലവില്‍ കടകളുള്ള 'Medplus' എന്ന ഔഷധവില്‍പ്പനസ്ഥാപനം മരുന്നുകള്‍ക്കുവേണ്ടി ഓണ്‍ലൈന്‍ ബുക്കിംഗ് കൂടി ആരംഭിച്ച് വ്യാപാരം വിപുലീകരിച്ചു. ഓണ്‍ലൈന്‍ ബുക്കിംഗിലൂടെ വാങ്ങുന്നവര്‍ക്ക് കൂടുതല്‍ ഡിസ്‌കൗണ്ടാണവര്‍ നല്‍കുന്നത്.

'Vpharmacist' എന്ന സ്ഥാപനം ഓണ്‍ലൈനിലൂടെ ഓര്‍ഡര്‍ സ്വീകരിച്ച് അത് ഉപഭോക്താവിന്റെ വീടിനടുത്തുള്ള ഒരു മരുന്നുകടയ്ക്ക് കൈമാറുന്നു. അവര്‍ മരുന്ന് വീട്ടിലെത്തിക്കുന്നു.

ഇങ്ങനെ വിവിധ മാര്‍ഗങ്ങളിലൂടെ പരമ്പരാഗത വ്യാപാര സ്ഥാപനങ്ങളുടെയും പുതിയ സാങ്കേതിക വിദ്യകളുടെയും സൗകര്യങ്ങളും സാധ്യതകളും പ്രയോജനപ്പെടുത്തുന്നവര്‍ക്കാണ് ഇനിയുള്ള കാലം ബിസിനസില്‍ പിടിച്ചുനില്‍ക്കാനാകുക. അച്ചടി മാധ്യമങ്ങള്‍ ഓണ്‍ലൈന്‍ എഡിഷനുകള്‍ തുടങ്ങിയത് ഇതിനുള്ള മറ്റൊരു ഉദാഹരണം.

ഓണ്‍ലൈന്‍ ഔഷധവ്യാപാരത്തെ സര്‍ക്കാരും പരമാവധി പ്രോല്‍സാഹിപ്പിക്കുന്നുണ്ട്. അതിനുള്ള നിയമനിര്‍മാണങ്ങളും ഭരണ സംവിധാനങ്ങളും ഏര്‍പ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. സെന്‍ട്രല്‍ ലൈസന്‍സിംഗ് അഥോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങള്‍ക്ക് മാത്രമേ ഔഷധങ്ങള്‍ വാങ്ങി വില്‍ക്കാന്‍ അനുവാദമുള്ളൂ. ലഹരി വസ്തുക്കളും മറ്റും വില്‍ക്കുന്നതിന് നിയന്ത്രണമുണ്ട്. രോഗികളുടെ സ്വകാര്യവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കേണ്ടതുണ്ട്.

ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ ചെലവില്‍ എളുപ്പം മരുന്നുകള്‍ ലഭ്യമാക്കുന്ന ഓണ്‍ലൈന്‍ വ്യാപാരം ദിനംപ്രതി വര്‍ധിച്ചുവരുകയാണ്. ചലാേലറ,െ ാഴ, ങലറഹശളല തുടങ്ങിയവയാണ് ഈ രംഗത്ത് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന ഏതാനും സ്ഥാപനങ്ങള്‍.

എന്നാല്‍ പരമ്പരാഗത മെഡിക്കല്‍ ഷോപ്പുകളുടെ പ്രാധാന്യം ഒട്ടും കുറയുന്നില്ല. ഹാര്‍ട്ട് അറ്റാക്കോ സ്‌ട്രോക്കോ വന്ന രോഗിക്ക് മിനിട്ടുകള്‍ക്കുള്ളില്‍ നല്‍കേണ്ട കുത്തിവെപ്പിനുള്ള മരുന്നിന് ഓണ്‍ലൈന്‍ ഓര്‍ഡര്‍ കൊടുത്ത് കാത്തിരുന്നാല്‍ ആ മരുന്ന് ഉപയോഗിക്കേണ്ടിവരില്ലല്ലോ. എന്നാല്‍ സ്ഥിരമായി, ദീര്‍ഘകാലം മരുന്നുകള്‍ കഴിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് ഇ-ഫാര്‍മസികളിലൂടെ സാവകാശം മരുന്നുകള്‍ വാങ്ങിക്കാവുന്നതേയുള്ളൂ. മുറിവാടകയും മറ്റ് നിത്യച്ചെലവുകളും കുറവായതുകൊണ്ടാണ് ഇ-ഫാര്‍മസികള്‍ക്ക് കൂടുതല്‍ വിലക്കിഴിവുകള്‍ നല്‍കാന്‍ കഴിയുന്നത്. ഭാവിയില്‍ ഇ-കൊമേഴ്‌സ് രംഗത്ത് കൂടുതല്‍ ഡ്രോണുകള്‍ വരുന്നതോടെ ഇ-ഫാര്‍മസികളുടെ വ്യാപാരം വര്‍ധിക്കുമെന്നാണ് പ്രതീക്ഷ.

HAL മുന്‍ എംഡിയും മാനേജ്‌മെന്റ് അധ്യാപകനും എട്ട് ശാസ്ത്ര ഗ്രന്ഥങ്ങളുടെ രചയിതാവുമാണ് ലേഖകന്‍ (www.pattimattom.weebly.com)

Similar News