ലോകത്തെ 5% 5ജി ഉപയോക്താക്കളും ഇന്ത്യയില്‍

6 മാസംകൊണ്ട് 5 കോടി 5ജി ഉപയോക്താക്കളെ സ്വന്തമാക്കി ഇന്ത്യ. 5ജിയില്‍ 2028ഓടെ ഇന്ത്യ രണ്ടാംസ്ഥാനത്തെത്തും

Update:2023-03-28 13:45 IST

ലോകത്ത് ഏറ്റവും വേഗത്തില്‍ 5ജി സേവനം വ്യാപിപ്പിക്കുന്ന രാജ്യമെന്ന പട്ടം ചൂടി ഇന്ത്യ. 5ജി സേവനം അവതരിപ്പിച്ച് ആറുമാസത്തിനകം തന്നെ ഇന്ത്യയില്‍ ഉപയോക്താക്കള്‍ 5 കോടി കവിഞ്ഞു. ഇന്ത്യയിലെ മൊത്തം മൊബൈല്‍ഫോണ്‍ ഉപയോക്താക്കളില്‍ 4.37 ശതമാനം പേര്‍ ഇപ്പോള്‍ 5ജിയാണ് ഉപയോഗിക്കുന്നത്. ലോകത്തെ മൊത്തം 5ജി ഉപയോക്താക്കളില്‍ 5 ശതമാനം പേരും ഇന്ത്യയിലാണെന്ന സവിശേഷതയുമുണ്ട്. 77.3 കോടി 4ജി ഉപയോക്താക്കളാണ് രാജ്യത്തുള്ളത്. ഭാരതി എയര്‍ടെല്‍, റിലയന്‍സ് ജിയോ എന്നീ ടെലികോം കമ്പനികള്‍ ചേര്‍ന്ന് ഇന്ത്യയില്‍ 500 പട്ടണങ്ങളില്‍ ഇതിനകം 5ജി ലഭ്യമാക്കി കഴിഞ്ഞു.

അതിവേഗം ഇന്ത്യ
നിലവിലെ വളര്‍ച്ച തുടര്‍ന്നാല്‍ 5ജി ഉപയോക്താക്കളുടെ എണ്ണത്തില്‍ ഇന്ത്യ വൈകാതെ പടിഞ്ഞാറന്‍ യൂറോപ്പിനെ പിന്നിലാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 6.3 കോടി പേരാണ് പടിഞ്ഞാറന്‍ യൂറോപ്പില്‍ 5ജി ഉപയോഗിക്കുന്നത്. രണ്ടുവര്‍ഷം കൊണ്ടാണ് പടിഞ്ഞാറന്‍ യൂറോപ്പ് ഈ കണക്കിലേക്ക് എത്തിയത്. എന്നാല്‍, ഇന്ത്യ 5ജി അവതരിപ്പിച്ച് ആറുമാസത്തിനകം തന്നെ 5 കോടി ഉപയോക്താക്കളെ നേടി.
ലാറ്റിന്‍ അമേരിക്കയില്‍ 1.9 കോടിപ്പേരേയുള്ളൂ 5ജി ഉപയോക്താക്കള്‍. തെക്ക് - കിഴക്കന്‍ ഏഷ്യ, ഓഷ്യാനിയ മേഖലയില്‍ 3.1 കോടിപ്പേര്‍. മധ്യേഷ്യ-ആഫ്രിക്ക മേഖലയില്‍ 90 ലക്ഷം പേര്‍. ഗള്‍ഫ് സഹകരണ രാജ്യങ്ങളില്‍ (ജി.സി.സി) 1.5 കോടിപ്പേരും 5ജി ഉപയോഗിക്കുന്നു.
മുന്നില്‍ മൂന്ന് മേഖലകളും
ചൈനയില്‍ 64.4 കോടി 5ജി ഉപയോക്താക്കളുണ്ട്. വടക്കേ അമേരിക്കയില്‍ 14.1 കോടിപ്പേര്‍. ദക്ഷിണ കൊറിയ, ജപ്പാന്‍, തായ്‌വാന്‍ എന്നിവ ഉള്‍പ്പെടുന്ന വടക്കേ ഏഷ്യാ മേഖലയില്‍ 8.4 കോടിപ്പേരും 5ജി ഉപയോഗിക്കുന്നു. ഇവയെയെല്ലാം വൈകാതെ ഇന്ത്യ പിന്നിലാക്കുമെന്നാണ് വിലയിരുത്തലുകള്‍. 2028ല്‍ ഇന്ത്യ രണ്ടാംസ്ഥാനത്തെത്തുമെന്ന് എറിക്‌സണ്‍ മൊബിലിറ്റി റിപ്പോര്‍ട്ട് പ്രവചിക്കുന്നു. 2024ല്‍ തന്നെ ഇന്ത്യയിലെ 5ജി ഉപയോക്താക്കള്‍ 15 കോടി കവിയുമെന്നാണ് ഒമ്ഡിയ റിപ്പോര്‍ട്ട് പ്രതീക്ഷിക്കുന്നത്.
Tags:    

Similar News