വാട്ട്‌സ്ആപ്പ് പുതിയ സ്വകാര്യതാ നയം പിൻവലിക്കണമെന്ന് ഇന്ത്യ

വിവാദപരമായ കാര്യങ്ങൾ പിൻവലിക്കാൻ കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു

Update: 2021-01-20 13:02 GMT

സ്വകാര്യതാ നയത്തിലെ വിവാദപരമായ അപ്‌ഡേറ്റുകൾ പിൻവലിക്കാൻ കേന്ദ്രസർക്കാർ വാട്‌സ്ആപ്പിനോട് ആവശ്യപ്പെട്ടു. ഏകപക്ഷീയമായ മാറ്റങ്ങൾ അന്യായവും അസ്വീകാര്യവുമാണെന്ന് വാട്‌സ്ആപ്പ് സിഇഒ വിൽ കാത്കാർട്ടിന് അയച്ച കത്തിൽ ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം വ്യക്തമാക്കി.

വാട്ട്‌സ്ആപ്പ് സേവന നിബന്ധനകളിലും സ്വകാര്യതാ നയത്തിലും നിർദ്ദേശിച്ച മാറ്റങ്ങൾ "ഇന്ത്യൻ പൗരന്മാരുടെ തിരഞ്ഞെടുപ്പിനും സ്വയംഭരണത്തിനും ഉള്ള പ്രത്യാഘാതങ്ങളെക്കുറിച്ച് കടുത്ത ആശങ്കകൾ ഉയർത്തുന്നു," മന്ത്രാലയം കത്തിൽ എഴുതി.

നിർദ്ദിഷ്ട സ്വകാര്യതാ നയ മാറ്റങ്ങൾ പിൻവലിക്കാനും വിവര സ്വകാര്യത, തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം, ഡാറ്റാ സുരക്ഷ എന്നിവയ്ക്കുള്ള സമീപനം പുന:പരിശോധിക്കാനും മന്ത്രാലയം വാട്‌സ്ആപ്പ് സിഇഒയോട് ആവശ്യപ്പെട്ടു.

ഫെയ്‌സ്ബുക്കുമായും മറ്റ് കമ്പനികളുമായും ഉള്ള വാട്‌സ്ആപ്പിന്റെ ഡാറ്റ പങ്കിടൽ ക്രമീകരണത്തെക്കുറിച്ച് കത്ത് വ്യക്തത തേടി. യൂറോപ്യൻ യൂണിയനിലെ ഉപയോക്താക്കളെ പുതിയ സ്വകാര്യതാ നയത്തിൽ നിന്ന് ഒഴിവാക്കിയത് എന്തുകൊണ്ടാണെന്നും അന്വേഷിച്ചു. അതേസമയം ഇന്ത്യക്കാർക്ക് ഇക്കാര്യത്തിൽ ഒരു തിരഞ്ഞെടുപ്പും നൽകിയിട്ടില്ല താനും.

"ഇത്തരത്തിലുള്ള വ്യത്യസ്തമായ പെരുമാറ്റം ഇന്ത്യൻ ഉപയോക്താക്കളുടെ താൽപ്പര്യങ്ങൾക്ക് എതിരാണ്. ഇത് സർക്കാർ ഗൗരവത്തോടെയാണ് കാണുന്നത്. പൗരന്മാരുടെ സ്വകാര്യത ഉറപ്പുവരുത്താള്ള ഉത്തരവാദിത്തം ഇന്ത്യൻ സർക്കാരിനുണ്ട്," കത്ത് തുടർന്നു.

ഈ കാര്യത്തിൽ ഒരു പ്രതികരണം വാട്ട്‌സ്ആപ്പിനോട് ആവശ്യപ്പെട്ടതായി മന്ത്രാലയം അറിയിച്ചു.

തങ്ങളുടെ പുതിയ സേവന നിബന്ധനകൾ ഉപയോക്താക്കളുടെ സ്വകാര്യതയെ ബാധിക്കും എന്ന വ്യാപകമായ ആക്ഷേപങ്ങളെ തുടർന്ന് ഈ കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്തിക്കൊണ്ട് വാട്ട്‌സ്ആപ്പ് നേരത്തെ രംഗത്തു വന്നിരുന്നു.

ഫെബ്രുവരി 8-ന് പുതിയ നിബന്ധനകൾ നടപ്പാക്കാനുള്ള തീരുമാനം മെയ് 15 വരെ മാറ്റിവച്ചതായി വാട്ട്‌സ്ആപ്പ് അറിയിച്ചിരുന്നു.

ഇത് ഉപയോക്താക്കൾക്ക് തങ്ങളുടെ പുതിയ നയം അവലോകനം ചെയ്യുന്നതിനും ഫെയ്‌സ്ബുക്കുമായുള്ള നിർദ്ദിഷ്ട ഡാറ്റ പങ്കിടലിന്റെ നിബന്ധനകൾ സ്വീകരിക്കുന്നതിനും കൂടുതൽ സമയം നൽകും, വാട്സ്ആപ്പ് പറഞ്ഞു.

എല്ലാ ഉപയോക്താക്കൾക്കും വ്യക്തിഗത സന്ദേശങ്ങൾക്കായി എൻഡ്-ടു-എൻഡ് എൻ‌ക്രിപ്ഷൻ വാഗ്ദാനം ചെയ്യുന്നുവെന്നും വാട്ട്‌സ്ആപ്പിനോ ഉടമസ്ഥ കമ്പനിയായ ഫെയ്‌സ്ബുക്കിനോ നിങ്ങളുടെ സന്ദേശങ്ങൾ വായിക്കാനോ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും നിങ്ങൾ നടത്തുന്ന കോളുകൾ കേൾക്കാനോ കഴിയില്ലെന്നും വാട്‌സ്ആപ്പ് പറഞ്ഞു.

ഉപയോക്താവിന്റെ സന്ദേശങ്ങളുടെയും കോളുകളുടെയും ലോഗുകൾ തങ്ങൾ സൂക്ഷിക്കുന്നില്ലെന്നും വാട്‌സ്ആപ്പ് വ്യക്തമാക്കിയിട്ടുണ്ട് .


Tags:    

Similar News