50,000 കോടി രൂപ: കഴിഞ്ഞ വർഷം ചൈനീസ് ഫോണുകൾക്കായി ഇന്ത്യക്കാർ ചെലവിട്ട തുക  

Update: 2018-10-29 09:17 GMT

'മെയ്‌ഡ്‌ ഇൻ ചൈന' ലേബലുള്ള ഒരു ഉൽപ്പന്നമെങ്കിലും വീട്ടിലില്ലാത്ത ആളുകൾ ഇന്ത്യയിലുണ്ടോ എന്നത് സംശയമാണ്. അക്കൂട്ടത്തിലേക്ക് ഇപ്പോൾ ചൈനീസ് സ്മാർട്ട് ഫോണുകളും എത്തിയിരിക്കുന്നു.

കഴിഞ്ഞ വർഷം ഇന്ത്യക്കാർ വാങ്ങിക്കൂട്ടിയത് 50,000 കോടി രൂപയുടെ ചൈനീസ് ഫോണുകളാണെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. അതായത് മുൻവർഷത്തേക്കാൾ ഇരട്ടി.

ഷവോമി, ഓപ്പോ, വിവോ, ഹോണർ എന്നീ നാല് മുൻനിര ചൈനീസ് ബ്രാൻഡുകളുടെ ഫോണുകളാണ് ഏറ്റവുമധികം വിറ്റഴിക്കപ്പെട്ടത്. ലെനോവോ-മോട്ടോറോള, വൺ-പ്ലസ്, ഇൻഫിനിക്സ് എന്നീ ചൈനീസ് ബ്രാൻഡുകൾക്കും ആവശ്യക്കാരേറെയാണ്.

ഇന്ത്യൻ സ്മാർട്ട് ഫോൺ വിപണിയിൽ ഇപ്പോൾ ചൈനീസ് മേധാവിത്വമാണ് എന്ന് വേണമെങ്കിൽ പറയാം. ഇപ്പറഞ്ഞ കമ്പനികളെല്ലാം കൂടി ഇന്ത്യൻ വിപണിയുടെ പകുതിയിലധികം കയ്യടക്കിയിരിക്കുകയാണ്.

ഉയർന്ന സ്പെസിഫിക്കേഷൻ ഉള്ള മോഡലുകൾ കുറഞ്ഞ വിലക്ക് ലഭ്യമാക്കിയാണ് ചൈനീസ് കമ്പനികൾ ഇന്ത്യൻ വിപണി പിടിച്ചത്.

ഇന്ത്യയ്ക്ക് എന്താണ് മെച്ചം?

ലാഭമുണ്ടാക്കുന്നുണ്ട് എങ്കിലും ഇന്ത്യയിൽ നിക്ഷേപിക്കാൻ തയ്യാറാണ് ഈ കമ്പനികൾ. ഇന്ത്യയിൽ ഫോൺ നിർമ്മാണ യൂണിറ്റുകൾ സ്ഥാപിക്കാനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും പലരും മുൻകൈയെടുത്തിട്ടുണ്ട്.

15,000 കോടി രൂപയോളം ഫോൺ കംപോണന്റ് നിർമ്മാണത്തിനായി ഇന്ത്യയിൽ നിക്ഷേപിക്കുമെന്ന് ഏപ്രിലിൽ ഷവോമി പ്രഖ്യാപിച്ചിരുന്നു. ഉത്തർപ്രദേശിൽ പുതിയ രണ്ട് മാനുഫാക്ച്വറിംഗ് യൂണിറ്റുകൾ തുടങ്ങാൻ ഓപ്പോയ്ക്ക് പദ്ധതിയുണ്ട്. വിവോ ഏകദേശം 5000 പേർക്കാണ് തങ്ങളുടെ പ്ലാന്റിൽ ജോലി നൽകുന്നത്.

Similar News