ഫോൺ നന്നാക്കാൻ കൊടുക്കുന്നത് സുരക്ഷിതമാണോ?

Update: 2019-03-03 05:30 GMT

നിങ്ങളുടെ സ്മാർട്ട്ഫോൺ സ്വിച്ച് ഓൺ ആകുന്നില്ലേ? ചാർജ് പെട്ടെന്ന് പോകുന്നുണ്ടോ? ഡിസ്പ്ലേ തകരാറിലായോ? എന്താണ് ഈ അവസരത്തിൽ നമ്മൾ ചെയ്യുക. വാറന്റി ഉള്ളിടത്തോളം കാലം സ്മാർട്ട്ഫോൺ നിർമാതാക്കളുടെ സർവീസ് കേന്ദ്രങ്ങളിൽ ഒരു ചെലവുമില്ലാതെ ഫോൺ റിപ്പയർ ചെയ്ത് കിട്ടും. വാറന്റി കാലാവധി തീർന്നാലോ? പിന്നെ അടുത്തുള്ള ഫോൺ റിപ്പയർ ഷോപ്പിനെയായിരിക്കും നമ്മൾ ആശ്രയിക്കുക.

ഒറിജിനൽ കംപോണന്റുകളുടെ വില തന്നെയാണ് നാം തേർഡ് പാർട്ടി റിപ്പയർ സ്ഥാപനങ്ങളിലേക്ക് തിരിയാൻ ഒരു കാരണം. സർവീസ് സെന്ററുകളിൽ ചെലവാകുന്നതിന്റെ നാലിലൊന്ന് മാത്രമേ നമുക്ക് സാധാരണ റിപ്പയർ ഷോപ്പുകളിൽ ചെലവാകൂ.

ഉദാഹരണത്തിന് സാംസങ് സപ്പോർട്ടിന്റെ വെബ്‌പേജിലെ വിവരമനുസരിച്ച് ഗാലക്‌സി നോട്ട് 9 ന്റെ ഡിസ്പ്ലേ മാറ്റി പുതിയത് വെക്കണമെങ്കിൽ ഏകദേശം 13,840 രൂപ ചെലവാകും. എന്നാൽ സാംസങിന്റെ ഡിസ്പ്ലേ മാറ്റി വെക്കാൻ സാധാരണ കടകളിൽ ഇതിന്റെ പകുതിയിൽ താഴെ മാത്രമേ ചെലവാകുകയുളളൂ. ഇത്തരം ഷോപ്പുകളിൽ ഇതിന്റെ ഡ്യൂപ്ലിക്കേറ്റും ഒറിജിനലും ലഭ്യമാണ്. മാത്രമല്ല, സർവീസ് കേന്ദ്രങ്ങൾ മാറ്റി വെക്കുന്ന ഭാഗങ്ങൾക്ക് വാറന്റി നൽകും. സാധാരണ ഷോപ്പുകളിൽ ഇതില്ല.

എന്നാൽ നമ്മുടെ ഈ ശീലം നല്ലതാണോ? അല്ലെന്നാണ് പല ടെക് വിദഗ്ധരും പറയുന്നത്. ഇതിനുള്ള കാരണങ്ങൾ പലതാണ്.

  • വാറന്റി ഇല്ല എന്നതിന് പുറമേ, വിലകുറഞ്ഞ, ഡ്യൂപ്ലിക്കേറ്റ്
  • കംപോണന്റുകൾക്ക് ഗുണനിലവാരവും കുറവായിരിക്കും.
  • ഐഫോൺ പോലുള്ള ചില ഫോണുകളിൽ തേർഡ് പാർട്ടി ഷോപ്പുകൾ തരുന്ന ഭാഗങ്ങൾ ഘടിപ്പിച്ചാൽ അത് പിന്നീട് പ്രവർത്തിക്കാതെയാകും. മിക്കവാറും അടുത്ത സോഫ്റ്റ് വെയർ അപ്പ്ഡേറ്റോടുകൂടിയായിരിക്കും പ്രവർത്തനം നിലയ്ക്കുക.
  • മറ്റൊരു ആശങ്ക സുരക്ഷയുടേതാണ്. നിങ്ങളുടെ ഫോണിൽ സ്റ്റോർ ചെയ്തിരിക്കുന്ന സുപ്രധാന, സ്വകാര്യ വിവരങ്ങൾ ഇക്കൂട്ടർക്ക് പകർത്താൻ സാധിക്കും.
  • ഫോണിലെ ഡിസ്പ്ലേ മാറ്റിവെക്കുമ്പോൾ റിപ്പയർ ചെയ്യുന്നവർക്ക് അതിൽ ഒരു ചിപ്പ് ഘടിപ്പിക്കാൻ സാധിക്കുമെന്ന് ഇസ്രായേലിലെ ബെൻ-ഗുരിയോൺ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിൽ തെളിഞ്ഞിട്ടുണ്ട്. ഈ ചിപ്പ് ഉപയോഗിച്ച് ഫോണിന്റെ കീബോർഡ് ഇൻപുട് റെക്കോർഡ് ചെയ്യുകയും പാസ്‍വേർഡ് മുതലായവ മനസിലാക്കാൻ കഴിയുകയും ചെയ്യും.

അതേസമയം വിശ്വസ്തതയുള്ള തേർഡ് പാർട്ടി റിപ്പയർ ഷോപ്പുകളെ ആശ്രയിക്കുന്നതിൽ തെറ്റില്ല എന്നാണ് ഒരു കൂട്ടർ വാദിക്കുന്നത്. മികച്ച ഗുണനിലവാരമുള്ള കംപോണന്റുകൾ വിൽക്കുന്ന ഷോപ്പുകൾ കണ്ടെത്തണമെന്ന് മാത്രം. സ്മാർട്ട്ഫോൺ നിർമാതാക്കൾ കംപോണന്റുകളെ ബിസിനസ് അവസരമായി കാണരുതെന്നാണ് ഇവരുടെ പക്ഷം.

Similar News