ഐ.എസ്.ആര്‍.ഒ ഇനി ശുക്രനിലേക്ക്, 'ശുക്രയാന്‍-1' ലക്ഷ്യമിടുന്നത് ഇക്കാര്യങ്ങള്‍
ഭൂമിക്ക് സമാനമായ ഘടനയുളള ശുക്രനെ ഭൂമിയുടെ ഇരട്ടയെന്നാണ് വിശേഷിപ്പിക്കുന്നത്
ചന്ദ്രയാന്‍, ഗഗന്‍യാന്‍, മംഗള്‍യാന്‍ എന്നീ ദൗത്യങ്ങള്‍ക്കു ശേഷം ശുക്ര ഗ്രഹത്തെ പഠിക്കാനുള്ള ദൗത്യത്തിനുള്ള അന്തിമഘട്ടത്തില്‍ എത്തിയിരിക്കുകയാണ് ഐ.എസ്.ആര്‍.ഒ. വീനസ് ഓര്‍ബിറ്റര്‍ മിഷന്‍ 2028 മാര്‍ച്ച് 29 ന് നടക്കുമെന്ന് ഐ.എസ്.ആര്‍.ഒ വ്യക്തമാക്കി.
പേടകം വിക്ഷേപണത്തിനുശേഷം 112 ദിവസം യാത്ര ചെയ്ത ശേഷമായിരിക്കും ശുക്രന്റെ ഭ്രമണപഥത്തിലെത്തുക. ശുക്രയാൻ 1 ദൗത്യത്തിന് 1236 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. നാസയും ജര്‍മന്‍ എയ്‌റോസ്‌പേസ് സെന്ററും നടത്തിയ ഗവേഷണത്തില്‍ ശുക്രനില്‍ ഓക്‌സിജന്‍ സാന്നിധ്യം കണ്ടെത്തിയത് കഴിഞ്ഞവര്‍ഷമാണ്. അതേസമയം ഭൂമിയില്‍ ശ്വസനത്തിന് സഹായിക്കുന്ന രണ്ട് ആറ്റങ്ങളുടെ സംയുക്തമായ ഓക്‌സിജന്‍ വാതകമല്ല, ഒറ്റ ആറ്റമുള്ള ഓക്‌സിജനാണ് ശുക്രനില്‍ ഉളളത്.
ഭൂമിയില്‍നിന്ന് നഗ്‌നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയുന്ന ഗ്രഹമാണ് ശുക്രന്‍. സൗരയൂഥത്തിലെ ഏറ്റവും ചൂടേറിയ ഗ്രഹമായ ശുക്രന്‍ ഭൂമിയുടെ എതിര്‍ ദിശയിലാണ് കറങ്ങുന്നത്. ശുക്രനില്‍ സൂര്യന്‍ പടിഞ്ഞാറ് ഉദിച്ച് കിഴക്ക് അസ്തമിക്കുകയാണ് ചെയ്യുന്നത്.
സമഗ്രമായ പഠനം ലക്ഷ്യം
ഭൂമിക്ക് സമാനമായ ഘടനയുളള ശുക്രനെ ഭൂമിയുടെ ഇരട്ടയെന്നാണ് വിശേഷിപ്പിക്കുന്നത്. അതേസമയം ശുക്രന്റെ ഉപരിതല താപനില 470 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണെന്നാണ് വിലയിരുത്തല്‍.
ശുക്രന്റെ കാലാവസ്ഥയെ ഭൂമിയുമായി താരതമ്യപ്പെടുത്തി പഠിക്കുകയാണ് ദൗത്യത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. കാലാവസ്ഥാ വ്യതിയാനം, അന്തരീക്ഷ ചലനാത്മകത, ഗ്രഹപരിണാമം എന്നിവയെക്കുറിച്ചുള്ള സമഗ്രമായ ഗവേഷണമാണ് ഐ.എസ്.ആര്‍.ഒ നടത്തുക.
പര്യവേഷണം വിജയകരമായാല്‍ ബഹിരാകാശ ഗവേഷണമേഖലയില്‍ മുന്‍നിരയിലെത്താന്‍ ഇന്ത്യക്ക് സാധിക്കുമെന്നാണ് ഐ.എസ്.ആര്‍.ഒ പ്രതീക്ഷിക്കുന്നത്.