ഉപഗ്രഹങ്ങള്‍ കുറഞ്ഞ ചെലവില്‍ വിക്ഷേപിക്കാം; കോടികള്‍ വരുമാനം; ഐ.എസ്.ആർ.ഒ യുടെ റോക്കറ്റ് സജ്ജമായി

എസ്.എസ്.എൽ.വി യുടെ നിർമാണത്തിനും വിക്ഷേപണത്തിനും ചെലവ് കുറവാണ്

Update:2024-08-16 11:32 IST

Image Courtesy: x.com/isro

ഐ.എസ്.ആർ.ഒ വികസിപ്പിച്ച സ്മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ (എസ്.എസ്.എൽ.വി.) ശ്രീഹരിക്കോട്ടയില്‍ നിന്ന് വിക്ഷേപിച്ചു. ഭൗമനിരീക്ഷണ ഉപഗ്രഹം ഇ.ഒ.എസ്- 08 വഹിച്ചാണ് റോക്കറ്റ് ബഹിരാകാശത്തേക്ക് പറന്നത്. ഉപഗ്രഹത്തെ ഭൂമിയിൽനിന്ന് 475 കിലോമീറ്റർ അകലെയുളള ഭ്രമണപഥത്തില്‍ റോക്കറ്റ് എത്തിച്ചു. 56 കോടി രൂപയാണ് റോക്കറ്റിന്റെ നിര്‍മാണത്തിന് ചെലവായിരിക്കുന്നത്.

റോക്കറ്റിന്റെ പ്രത്യേകതകള്‍

രണ്ടുമീറ്റർ വ്യാസവും 34 മീറ്റർ ഉയരവും 120 ടൺ ഭാരവുമാണ് എസ്.എസ്.എൽ.വി ക്കുളളത്. പി.എസ്.എൽ.വി, ജി.എസ്.എൽ.വി എന്നിവയോടൊപ്പം എസ്.എസ്.എൽ.വി കൂടി എത്തുന്നതോടെ മൂന്നാമത്തെ വിക്ഷേപണ വാഹനമാണ് ഐ.എസ്.ആർ.ഒ. ക്ക് സ്വന്തമായത്. എസ്.എസ്.എൽ.വി യുടെ നിർമാണത്തിനും വിക്ഷേപണത്തിനും ചെലവ് വളരെ കുറവാണ്. ഇത് റോക്കറ്റ് വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്നതിന് കൂടുതല്‍ അനുയോജ്യമാക്കുന്നു.
2002 ഓഗസ്റ്റിലാണ് എസ്.എസ്.എൽ.വി യുടെ ആദ്യ വിക്ഷേപണം നടക്കുന്നത്, എന്നാല്‍ വിക്ഷേപണം പരാജയമായിരുന്നു. അതേസമയം, 2023 ഫെബ്രുവരിയിൽ രണ്ടാം വിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കി. എസ്.എസ്.എൽ.വി യുടെ മൂന്നാം വിക്ഷേപണമാണ് ഇന്ന് നടന്നത്. എസ്.എസ്.എൽ.വി.യുടെ അവസാന പരീക്ഷണ വിക്ഷേപണമാണ് ഇതെന്നും ഐ.എസ്.ആർ.ഒ വ്യക്തമാക്കി.

ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇ.ഒ.എസ്-08 ന്റെ പ്രവർത്തനകാലാവധി ഒരു വര്‍ഷമാണ്. 175.5 കിലോഗ്രാം ഭാരമുളള ഉപഗ്രഹത്തില്‍ മൂന്നു നിരീക്ഷണ ഉപകരണങ്ങളാണുളളത്.

വാണിജ്യ വിക്ഷേപണങ്ങൾക്ക് ഇനി ഉപയോഗിക്കാം

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പെയ്‌സ് സെന്ററിലെ ഒന്നാംനമ്പർ ലോഞ്ച് പാഡിൽ നിന്നാണ് റോക്കറ്റ് വിക്ഷേപിച്ചത്. റോക്കറ്റ് പൂർണ സജ്ജമായതായെന്നും ഇനി വാണിജ്യ വിക്ഷേപണങ്ങൾക്ക് ഉപയോഗിക്കാന്‍ സാധിക്കുമെന്നും ഐ.എസ്.ആർ.ഒ അറിയിച്ചു.
ബഹിരാകാശത്തേക്ക് 500 കിലോഗ്രാം വരെ വഹിക്കാൻ ശേഷിയുള്ള റോക്കറ്റ് വാണിജ്യവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഐ.എസ്.ആർ.ഒ വികസിപ്പിച്ചത്. ചെറിയ ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിൽ എത്തിക്കുന്നതിനുളള വേഗത കൃത്യമാക്കാന്‍ റോക്കറ്റില്‍ മൂന്ന് ഖര ഇന്ധനത്തെ അടിസ്ഥാനമാക്കിയുള്ള ഘട്ടങ്ങളും ദ്രാവക ഇന്ധന അധിഷ്ഠിതമായ അവസാന ഘട്ടവുമാണ് ഉളളത്.
ചെറിയ വിക്ഷേപണ വാഹനങ്ങൾക്ക് ആഗോളതലത്തിൽ വലിയ ഡിമാൻഡാണ് ഇപ്പോഴുളളത്. ഭൂമിയുടെ അടുത്ത ഭ്രമണപഥത്തിൽ സ്ഥാപിക്കുന്നതിനായി ചെറിയ ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നതിന് വേഗത്തിൽ നിര്‍മിക്കാന്‍ കഴിയുന്ന റോക്കറ്റുകള്‍ക്ക് വാണിജ്യ മേഖലകളില്‍ ഒട്ടേറെ ആവശ്യക്കാരുളളതായും ഐ.എസ്.ആർ.ഒ വ്യക്തമാക്കുന്നു.
Tags:    

Similar News