പുതിയ ഉപഭോക്താക്കള്‍ക്ക് ജിയോയെ വേണ്ട; പ്രിയം ബി.എസ്.എന്‍.എല്ലിനോട്

Update: 2020-02-26 12:22 GMT

പുതിയ ഉപഭോക്താക്കളെ ചേര്‍ക്കുന്ന കാര്യത്തില്‍ റിലയന്‍സ് ജിയോയെ പിന്നിലാക്കി ബിഎസ്എന്‍എല്‍. നിരക്കുയര്‍ത്തിയതാണ് റിലയന്‍സ് ജിയോ, എയര്‍ടെല്‍, വോഡഫോണ്‍-ഐഡിയ എന്നിവ ഡിസംബറില്‍ പിന്നിലാകാന്‍ കാരണം.

ബിഎസ്എന്‍എല്‍ 4.2 ലക്ഷം ഉപഭോക്താക്കളെ ഡിസംബറില്‍ ചേര്‍ത്തതായി ട്രായ് ഡാറ്റ പറയുന്നു.ജിയോയ്ക്ക് 82,308 മൊബൈല്‍ ഉപയോക്താക്കളെയേ പുതുതായി ലഭിച്ചുള്ളൂ. നവംബറില്‍ 56,08,668 ലഭിച്ച സ്ഥാനത്താണിത്. അതേസമയം, വോഡഫോണിന് 3.6 ദശലക്ഷം ഉപഭോക്താക്കളെയും എയര്‍ടെലിന് 11,000 ഉപയോക്താക്കളെയും ഡിസംബറില്‍ നഷ്ടപ്പെട്ടു. സ്വകാര്യ ടെലികോം ഓപ്പറേറ്റര്‍മാര്‍ നിരക്ക് 14 മുതല്‍ 33 ശതമാനം വരെ വര്‍ദ്ധിപ്പിച്ചിരുന്നു.

നിലവില്‍ ജിയോക്ക് 370 ദശലക്ഷം ഉപഭോക്താക്കളുണ്ട്. എയര്‍ടെല്ലിന് 283.04 ദശലക്ഷവും വോഡഫോണ്‍-ഐഡിയക്ക് 304 ദശലക്ഷവും.

വിപണിയില്‍ റിലയന്‍സ് ജിയോയുടെ ഓഹരി ഡിസംബര്‍ വരെ 32.14 ശതമാനമാണ്. എയര്‍ടെല്‍ 28.43 ശതമാനം. വോഡഫോണ്‍-ഐഡിയയ്ക്ക് 28.89 ശതമാനവുമെന്ന് ട്രായ് ഡാറ്റ വെളിപ്പെടുത്തുന്നു. മൊത്തത്തില്‍, ഡിസംബറില്‍ മൊബൈല്‍ വരിക്കാരുടെ എണ്ണം 3.2 ശതമാനം കുറഞ്ഞുവെന്ന് ഡാറ്റ പറയുന്നു.

വയര്‍ലെസ് ബ്രോഡ്ബാന്‍ഡ് വരിക്കാരുടെ എണ്ണത്തിലും കുറവുണ്ടായെന്ന് ട്രായ് റിപ്പോര്‍ട്ട് പറയുന്നു. 115.45 കോടി ഉപയോക്താക്കളെയാണ് നഷ്ടമായത്. ബ്രോഡ്ബാന്‍ഡ് വിപണിയില്‍ ജിയോ ആണ് മുന്നില്‍ 37 കോടിയിലധികം ഉപയോക്താക്കളാണ് ജിയോക്കുള്ളത്. എയര്‍ടെല്‍ ആണ് രണ്ടാമത്. 13.79 കോടി. വോഡഫോണ്‍ ഐഡിയയ്ക്ക് 11.84 കോടി ഉപയോക്താക്കളുണ്ട്. ബിഎസ്എന്‍എലിന് 1.55 കോടി ഉപയോക്താക്കളുണ്ട്.

Similar News