റിലയന്‍സ് 'ജിയോ മീറ്റ്' ലോഞ്ച് ചെയ്തു; സൂമിനും ഗൂഗ്ള്‍ മീറ്റിനും തിരിച്ചടിയായേക്കും

Update: 2020-07-03 06:05 GMT

സൂം, ഗൂഗ്ള്‍, മൈക്രോസോഫ്റ്റ് വീഡിയോ പ്ലാറ്റ്ഫോമുമായി മത്സരിക്കാന്‍ ലക്ഷക്കണക്കിനു വരുന്ന തങ്ങളുടെ ഉപയോക്താക്കള്‍ വര്‍ക്ക് ഫ്രം ഹോം സ്വീകരിക്കുന്ന സാഹചര്യം കണക്കിലെടുത്തുകൊണ്ടുള്ള പുതിയ ഉല്‍പ്പന്നമവതരിപ്പിച്ച് ജിയോ. ജിയോമീറ്റ് എന്ന വീഡിയോ കോണ്‍ഫറന്‍സിംഗ് പ്‌ളാറ്റ്‌ഫോം അവതരിപ്പിക്കുമെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നുവെങ്കിലും ഇപ്പോളാണ് ആപ്പ് ലോഞ്ച് ചെയ്തത്. ലോക്ഡൗണില്‍ ഏറ്റവുമധികം പ്രൊഫഷണല്‍ ഉപഭോക്താക്കളെ സ്വന്തമാക്കിയ സൂമിന് കനത്ത തിരിച്ചടിയായേക്കും ജിയോയുടെ ഉപഭോക്തൃനിര കണക്കാക്കുമ്പോള്‍ ജിയോ മീറ്റും.

മറ്റ് ജനപ്രിയ വീഡിയോ കോളിംഗ് പ്ലാറ്റ്ഫോമുകളായ ഗൂഗ്ള്‍ ഡ്യുവോ, ഗൂഗ്ള്‍ മീറ്റ്, മൈക്രോസോഫ്റ്റ് ടീംസ്, സ്‌കൈപ്പ് എന്നിവയ്ക്കും ഇത് ഭീഷണി തന്നെയായേക്കുമെന്നാണ് അറിയുന്നത്. ഒരേ സമയം ഡയറക്റ്റ് വീഡിയോ കോളുകള്‍ (1:1 കോളുകള്‍) ഒരാള്‍ മുതല്‍ നൂറ് പേര്‍ വരെയുള്ള ടീമുമായി സാധ്യമാക്കുകയാണ് ജിയോ മീറ്റ് ചെയ്യുന്നത്.

ഇ-മെയ്ല്‍ ഐഡിയോ ഫോണ്‍ നമ്പറോ ഉപയോഗിച്ച് 100 പേരെ ഒരെ സമയം ജോയ്ന്‍ ചെയ്യിക്കാം. എച്ച് ഡി ക്വാളിറ്റി വാഗ്ദാനം ചെയ്യുന്നു ഇത് എന്നുമാത്രമല്ല ഒരു ദിവസത്തില്‍ എത്ര മീറ്റിംഗുകള്‍ വരെയും സൗജന്യമായി നടത്താം. സൂമിലേതുപോലെ വെയ്റ്റിംഗ് റൂം എന്ന സംവിധാനം ഉണ്ടാകുകയും ഓരോ മീറ്റിംഗും പാസ്‌വേഡ് ഉപയോഗിച്ച് സുരക്ഷിതവുമായിരിക്കും. ക്രോ, ഫയര്‍ഫോക്‌സ് എന്നീ ബ്രൗസര്‍ വഴിയും ആപ്പ് വഴിയും ലോഗിന്‍ ചെയ്യാം. മാക്, ഐഓഎസ്, ആന്‍ഡ്രോയ്ഡ്, വിന്‍ഡോസ് എന്നിവയ്ക്കായി ആപ്ലിക്കേഷന്‍ വികസിപ്പിച്ചിട്ടുണ്ട്.

സിംപിള്‍ ഇന്റര്‍ഫേസെങ്കിലും സൂമുമായി ഏറെ സാമ്യമുണ്ട് ജിയോ മീറ്റ് പ്ലാറ്റ്‌ഫോമിനും. മള്‍ട്ടി ഡിവൈസ് ലോഗിന്‍ സപ്പോര്‍ട്ട് ഉണ്ട്, ഇത് അഞ്ച് ഡിവൈസില്‍ വരെ നല്‍കിയിരിക്കുന്നു. സ്‌ക്രീന്‍ ഷെയറിംഗ് മാത്രമല്ല സെയ്ഫ് ഡ്രൈവിംഗ് മോഡും സൂമിനേതിനെക്കാള്‍ മികവില്‍ അവതരിപ്പിച്ചിട്ടുണ്ടെന്നാണ് ജിയോ അവകാശപ്പെടുന്നത്. ഇപ്പോളാണ് പബ്ലിക്കിന് ഈ പ്ലാറ്റ്‌ഫോം ലഭ്യമായതെങ്കിലും നേരത്തെ തന്നെ ടെസ്റ്റിംഗ് നടത്തുന്നുണ്ടായിരുന്നു ജിയോ. ക്രോമിലുള്ളവര്‍ക്ക് ലിങ്ക് https://jiomeetpro.jio.com/home ഈ ലിങ്ക് ഉപയോഗിച്ച് ലോഗിന്‍ ചെയ്യാം.

ഇന്ത്യയില്‍ തന്നെ 38 കോടിയിലേറെ ഉപയോക്താക്കള്‍ നിലവില്‍ ജിയോയ്ക്കുണ്ട്. രാജ്യത്താകമാനം അതിവേഗ ഇന്റര്‍നെറ്റും കണക്ടിവിറ്റിയും ജിയോ ലഭ്യമാക്കുന്നുണ്ട്. 2019-20 വര്‍ഷത്തിലെ നാലാംപാദത്തില്‍ മാത്രം 2.4 കോടി ഉപയോക്താക്കളെ ജിയോയ്ക്ക് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം 9.99 ഓഹരികളാണ് ജിയോയില്‍ ഫെയ്‌സ്ബുക്ക് സ്വന്തമാക്കിയിരിക്കുന്നത്. അതിനു ശേഷമുള്ള ആദ്യ വലിയ ലോഞ്ചാണിത്. വരും ദിവസങ്ങളില്‍ തങ്ങളുടെ സേവനങ്ങള്‍ കൂടുതല്‍ ഉപയോക്താക്കളിലേക്കെത്തിക്കാനാണ് ജിയോ ലക്ഷ്യമിടുന്നത്.

സൂമുമായി പൊരുതാന്‍ ഗൂഗ്‌ളും ഫെയ്‌സ്ബുക്കിന്റെ വാട്‌സാപ്പും ഇത്തരത്തില്‍ നിരവധി പേരെ ഉള്‍പ്പെടുത്താവുന്ന വീഡിയോ കോളിംഗ് സംവിധാനമൊരുക്കിയെങ്കിലും അത്ര പച്ചപിടിച്ചിരുന്നില്ല. എന്നാല്‍ റിലയന്‍സ് ജിയോ പ്ലാറ്റ്‌ഫോമുകളുടെ സാങ്കേതിക മികവ് കണക്കിലെടുത്താല്‍ ഇത് നിരവധി പേര്‍ക്ക് ഉപകാരപ്രദമാകുമെന്നാണ് കരുതുന്നത്.

'സ്‌കൈ ഈസ് ലിമിറ്റ് ടെക്‌നോളജീസ്'(SKYISLIMITTECHNOLOGIES) എന്ന കേരളത്തിലെ ഒരു സ്റ്റാര്‍ട്ടപ്പ് സംരംഭവും 'ഫോക്കസ്' എന്ന വീഡിയോ പ്ലാറ്റ് ഫോമുമായി അടുത്തിടെ രംഗത്തെത്തിയിരുന്നു. ഒരേ സമയം എത്ര ആളുകളെയും മീറ്റിംഗില്‍ പങ്കെടുപ്പിക്കാം എന്നതാണ് ഇതിന്റെ പ്രയോജനം. ലോഞ്ചിംഗ് ഓഫറായി രണ്ട് മാസത്തേക്ക് സൗജന്യമായി ഉപയോഗിക്കാനുള്ള സൗകര്യവും അവര്‍ നല്‍കിയിട്ടുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News